ടെലിവിഷന്‍ അവതാരക, മോഡല്‍ എന്നീ നിലകളില്‍ മലയാളികള്‍ക്ക് പ്രിയങ്കരിയാണ് രഞ്ജിനി ഹരിദാസ്. പലപ്പോഴും പൊതുസമൂഹത്തിന്റെ മുന്‍വിധികള്‍ക്ക് പുറത്തുനില്‍ക്കുന്ന വ്യക്തിപരമായ അഭിപ്രായങ്ങള്‍ തുറന്നുപറഞ്ഞതിന്റെ പേരിലും അവര്‍ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. ഏഷ്യാനെറ്റിന്റെ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ ശ്രദ്ധേയ സാന്നിധ്യവുമായിരുന്നു അവര്‍. ഇപ്പോഴിതാ യുട്യൂബിലൂടെ സ്വന്തം വീഡിയോ-ബ്ലോഗ് തുടങ്ങാനുള്ള ഒരുക്കത്തിലാണ് രഞ്ജിനി.

ഫേസ്ബുക്കില്‍ പങ്കുവച്ച ഒരു ടീസറിലൂടെയാണ് രഞ്ജിനി ആരാധകരെ ഇക്കാര്യം അറിയിച്ചത്. എന്നാല്‍ വ്‌ളോഗിലൂടെ പരാമര്‍ശിക്കാനിരിക്കുന്ന വിഷയങ്ങളെക്കുറിച്ച് രഞ്ജിനി കൃത്യമായൊന്നും പറഞ്ഞിട്ടില്ല. 'ചിലത് സംഭവിക്കാനിരിക്കുന്നു, ഉടന്‍ വരും.. കാത്തിരിക്കുക', എന്നാണ് ടീസറിനൊപ്പം രഞ്ജിനി കുറിച്ചത്. എന്നാല്‍ ഒപ്പം ഷെയര്‍ ചെയ്തിരിക്കുന്ന ടാഗുകളില്‍ നിന്ന് യാത്രയ്ക്ക് പ്രാധാന്യമുള്ള വീഡിയോ ബ്ലോഗ് ആയിരിക്കാം രഞ്ജിനിയുടേതെന്ന് വേണമെങ്കില്‍ ഊഹിക്കാം.

സെലിബ്രിറ്റികളുടെ വീഡിയോ ബ്ലോഗുകളില്‍ ചിലത് സമീപകാലത്ത് വലിയ പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്. അര്‍ച്ചന കവി, ലെന, അനുമോള്‍ എന്നിവരൊക്കെ വീഡിയോ ബ്ലോഗ് ചെയ്യുന്നുണ്ട്.