രണ്‍വീര്‍ സിംഗ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ കപില്‍ ദേവിന്റെ റോളിലെത്തുന്ന ചിത്രമാണ് '83. നേരത്തേ പുറത്തെത്തിയ ഫസ്റ്റ് ലുക്കില്‍ രണ്‍വീറിന് കപിലുമായുള്ള സാമ്യം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ സിനിമയിലെ മറ്റൊരു സ്റ്റില്ലും പങ്കുവച്ചിരിക്കുകയാണ് രണ്‍വീര്‍. അതാവട്ടെ കപില്‍ ദേവിന്റേതായി അറിയപ്പെട്ട ഒരു ഷോട്ട് ആണ്. 'നടരാജ്' എന്ന പേരില്‍ അറിയപ്പെട്ട കപില്‍ദേവിന്റെ സിഗ്നേച്ചര്‍ ഷോട്ടിലാണ് പുറത്തെത്തിയ പുതിയ ലുക്കില്‍ രണ്‍വീര്‍. 

83 ലോകകപ്പിലുള്‍പ്പെടെ കപില്‍ കളിച്ചിട്ടുള്ള പ്രത്യേകതരം പുള്‍ ഷോട്ടാണ് 'നടരാജ് ഷോട്ടെ'ന്ന് അറിയപ്പെട്ടത്. പലപ്പോഴും കപില്‍ സ്റ്റേഡിയത്തിന് മുകളിലൂടെ പന്ത് പായിച്ചിട്ടുള്ള ഷോട്ടാണ് ഇത്. മറ്റുള്ളവര്‍ കളിക്കുന്ന പുള്‍ ഷോട്ടുകളില്‍ നിന്ന് വ്യത്യസ്തമായി ഷോട്ടിന് ശേഷമുള്ള സ്റ്റില്ലുകളില്‍ ഇടതുകാല്‍ പൊക്കിയ നിലയിലാവും കപില്‍. പുറത്തെത്തിയ സ്റ്റില്ലില്‍ ഒറ്റനോട്ടത്തില്‍ കപില്‍ദേവ് എന്ന് തോന്നിപ്പിക്കുന്ന ലുക്കിലാണ് രണ്‍വീര്‍ സിംഗ്.

ഏക് ഥാ ടൈഗറും ബജ്‌റംഗി ഭായ്ജാനും ട്യൂബ്‌ലൈറ്റും അടക്കമുള്ള ചിത്രങ്ങള്‍ സംവിധാനം ചെയ്ത കബീര്‍ ഖാനാണ് ചിത്രം ഒരുക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ 1983 ലോകകപ്പ് വിജയമാണ് '83യില്‍ പ്രതിപാദിക്കുന്നത്. ദീപിക പദുകോണ്‍, സക്വിബ് സലീം, തഹീര്‍ രാജ് ഭാസിന്‍, ഹര്‍ദി സന്ധു തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളായി എത്തുന്നു. ഒക്‌ടോബറില്‍ സിനിമയുടെ ചിത്രീകരണം അവസാനിച്ചിരുന്നു.