ഡബ്ല്യുസിസിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സജീവമാണെങ്കിലും രമ്യ നമ്പീശനെ സിനിമകളില്‍ കാണുന്നത് കഴിഞ്ഞ കുറച്ചുകാലമായി കുറവാണ്. 2017ല്‍ പുറത്തെത്തിയ ഹണി ബീ 2.5ന് ശേഷം മലയാളത്തില്‍ രമ്യയെ വീണ്ടും കാണുന്നത് ആഷിക് അബുവിന്റെ സംവിധാനത്തില്‍ ഈ വര്‍ഷം പുറത്തെത്തിയ 'വൈറസി'ലാണ്. കഴിഞ്ഞദിവസം രമ്യയുടേതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചില ചിത്രങ്ങളുണ്ടായിരുന്നു. വിവാഹവേഷം പോലെ തോന്നിക്കുന്ന സാരിയും മേക്കപ്പും അണിഞ്ഞുള്ളതായിരുന്നു അത്. എന്നാല്‍ ആ ചിത്രം കണ്ട് വിവാഹമാണോ എന്ന് തെറ്റിദ്ധരിച്ചവര്‍ക്കുള്ള മറുപടി പറയുകയാണ് രമ്യ. തന്റെ വിവാഹമൊന്നുമല്ലെന്നും അത് അഭിനയിക്കുന്ന പുതിയ ചിത്രത്തില്‍ നിന്നുള്ള സ്റ്റില്‍ ആണെന്നും പറയുന്നു രമ്യ നമ്പീശന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രമ്യയുടെ പ്രതികരണം.

തമിഴില്‍ ബദ്രി വെങ്കടേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ സ്റ്റില്ലിലാണ് രമ്യ വിവാഹ വേഷത്തില്‍ ഉള്ളത്. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ നായകനായെത്തുന്നത് റിയോ രാജ് ആണ്. ഒരു സോഫ്റ്റ്‌വെയര്‍ സ്ഥാപനത്തിന്റെ മേധാവിയാണ് രമ്യയുടെ കഥാപാത്രമെന്ന് അറിയുന്നു. എം എസ് ഭാസ്‌കര്‍, ആടുകളം നരേന്‍, രേഖ, വിജി ചന്ദ്രശേഖര്‍, ബാല ശരവണന്‍, മുനീഷ്‌കാന്ദ്, റോബോ ശങ്കര്‍, ലിവിങ്‌സ്റ്റണ്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തില്‍ ഉടനീളമുള്ള കരുത്തുറ്റ കഥാപാത്രമാണ് നായികയുടേതെന്നും ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പരിചയസമ്പന്നയായ ഒരു നടിയെ ആവശ്യമായിരുന്നുവെന്നും രമ്യയുടെ തെരഞ്ഞെടുപ്പിനെക്കുറിച്ച് ബദ്രി വെങ്കടേഷ് പറഞ്ഞിരുന്നു. നോര്‍ത്ത് ചെന്നൈയിലും രാജ്യത്തിന്റെ പല ഭാഗങ്ങളിലും സിനിമയ്ക്ക് ലൊക്കേഷനുകളുണ്ട്. എ സി കരുണാമൂര്‍ത്തിയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. സംഗീതം യുവാന്‍ ശങ്കര്‍ രാജ.