യുദ്ധം എത്ര മാരകമാണെന്നറിയാൻ മുറ്റത്ത് മിസൈൽ വീഴണമെന്നില്ലെന്നും മീനാക്ഷി അനൂപ് ഓര്‍മിപ്പിക്കുന്നു. 

ബാലതാരമായി എത്തി ഇന്ന് ടെവിലിഷൻ രം​ഗത്ത് ശ്രദ്ധേയയായ അവതാരകയാണ് മീനാക്ഷി അനൂപ്. സോഷ്യൽ മീഡിയയിൽ സജീവമായ മീനാക്ഷി സമൂഹത്തിൽ നടക്കുന്ന വിവിധ കാര്യങ്ങളെ പറ്റി കുറിപ്പുകൾ പങ്കുവയ്ക്കാറുണ്ട്. ഇവ ഏറെ ശ്രദ്ധനേടാറുമുണ്ട്. ഇത്തരം പോസ്റ്റുകൾക്ക് താഴെ വരുന്ന കമന്റുകൾക്ക് വേണ്ട രീതിയിലുള്ള മീനാക്ഷിയുടെ മറുപടിയും പലപ്പോഴും വൈറലായിട്ടുണ്ട്. ഇപ്പോഴിതാ പശ്ചിമേഷ്യേ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പാചക ​വാതകം കിട്ടാനില്ലാത്തതിനെ കുറിച്ചാണ് മീനാക്ഷി അനൂപ് പറയുന്നത്.

"'ഗ്യാസ് ' പോയത് നമ്മടെയാ..യുദ്ധം പശ്ചിമേഷ്യേലാണേലും..(യുദ്ധം എത്ര മാരകമാണെന്നറിയാൻ മുറ്റത്ത് മിസൈൽ വീഴണമെന്നില്ല.)", എന്ന കുറിപ്പോടെയാണ് മീനാക്ഷി പോസ്റ്റ് പങ്കിട്ടിരിക്കുന്നത്. ഒപ്പം സിലിണ്ടറുമായി നിൽക്കുന്ന തന്റെ ഫോട്ടോയും മീനാക്ഷി പങ്കുവച്ചിട്ടുണ്ട്. പതിവ് പോലെ രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. ചിലർ തങ്ങളുടെ ആശങ്കകൾ പ്രകടിപ്പിക്കുന്നുമുണ്ട്. 'വിറക് പെറുക്കിത്തുടങ്ങി'യെന്നാണ് ഒരാളുടെ കമന്‍റ്. 

"ഏതോ ഒരു നാട്ടിൽ യുദ്ധം കേരളത്തിലെ അടുപ്പുകൾ പുകയുന്നില്ല, യുദ്ധം നമ്മുടെ അടുക്കളയിലെത്തി. വിദ്യാർഥി ഹോസ്റ്റലുകൾ, കാൻ്റീനുകൾ, ഹോട്ടലുകൾ., ബേക്കറികൾ, ചായക്കടകൾ ഇവയൊക്കെ പൂട്ടിയിരിക്കുന്നു, ചിലത് പൂട്ടലിൻ്റെ വക്കിലാണ്. അടുത്ത് തന്നെ വീട്ടിലെ അടുക്കളകളിലും ഇത് ബാധിക്കും. യുദ്ധം ഒരു മേഖലയിൽ മാത്രമാ ണെങ്കിലും ലോകം മുഴുവൻ അത് ദുരിതം വിതക്കുന്നു", എന്നാണ് ഒരു ഫോളോവറിന്‍റെ കമന്‍റ്. 

“യുദ്ധത്തിനെകൈ അടിച്ച് ആവേശം കൊള്ളുന്നവർക്ക് ഇത് ഒരു പ്രശനം അല്ല . ഇനിയും ഒരു രാഷ്ട്രങ്ങളും തമ്മിൽ യുദ്ധം ഉണ്ടാവാതിരിക്കട്ടെ, ഇനി അടുപ്പിൽ ഇട്ടു വേവിക്കാൻ ഉള്ളത് കിട്ടാതിരിക്കുമോ?, ഹോട്ടൽ അടച്ചു. ശാപ്പാട് കിട്ടാൻ ബുദ്ധിമുട്ടും, യുദ്ധം എത്ര മാരകമാണെന്നറിയാൻ മുറ്റത്ത് മിസൈൽ വീഴണമെന്നില്ല”, എന്നിങ്ങനെ പോകുന്നു മറ്റ് കമന്‍റുകള്‍. 

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming