മോഹന്‍ലാല്‍ ഉള്‍പ്പെട്ട നിരവധി സംഘട്ടന രംഗങ്ങളുടെ ചിത്രീകരണം വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്

പ്രിയദര്‍ശന്‍ (Priyadarshan)- മോഹന്‍ലാല്‍ (Mohanlal) ചിത്രം 'മരക്കാര്‍: അറബിക്കടലിന്‍റെ സിഹ'ത്തിന്‍റെ (Marakkar) മേക്കിംഗ് വീഡിയോ അണിയറക്കാര്‍ പുറത്തുവിട്ടു. മലയാളത്തില്‍ ഇതുവരെയുള്ള ഏറ്റവും വലിയ കാന്‍വാസില്‍ തയ്യാറായ ചിത്രത്തിലെ പല നിര്‍ണ്ണായക സംഘട്ടന രംഗങ്ങളുടെയും ചിത്രീകരണവേള വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂറ്റന്‍ ജലസംഭരണിയില്‍ ചിത്രീകരിച്ച കപ്പല്‍ രംഗങ്ങളും സംഘട്ടനരംഗങ്ങളില്‍ മോഹന്‍ലാല്‍ പ്രദര്‍ശിപ്പിക്കാറുള്ള ചടുലതയും മെയ്‍വഴക്കവും വീഡിയോയില്‍ കണ്ടറിയാം. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്.

മലയാളത്തിലെ ആദ്യ 100 കോടി ബജറ്റ് ചിത്രം, പ്രിയദര്‍ശനും മോഹന്‍ലാലും ഒന്നിക്കുന്ന ഹിസ്റ്ററി ഡ്രാമ ചിത്രം, മറുഭാഷാ താരങ്ങള്‍ ഉള്‍പ്പെട്ട കാസ്റ്റിംഗ് എന്നിങ്ങനെ നിരവധി കാരണങ്ങള്‍ കൊണ്ട് സമീപകാലത്ത് ഏറ്റവും വലിയ പ്രീ-റിലീസ് ഹൈപ്പ് ലഭിച്ച ചിത്രമായിരുന്നു മരക്കാര്‍. റിലീസിനു മുന്‍പേ പല റെക്കോര്‍ഡുകളും തിരുത്തുകയും ചെയ്‍തിരുന്നു ചിത്രം. ഒരു മലയാള ചിത്രത്തിന് ലഭിച്ച ഏറ്റവും വലിയ തിയറ്റര്‍ കൗണ്ട് ആണ് ഈ ചിത്രത്തിന് ലഭിച്ചത്. കേരളത്തില്‍ 626 സ്ക്രീനുകളിലും ലോകമാകെ 4100 സ്ക്രീനുകളിലും ചിത്രമെത്തി. റിലീസ് ദിനത്തില്‍ കേരളത്തില്‍ ആകെ 600ല്‍ അധികം ഫാന്‍സ് ഷോകളും നടന്നിരുന്നു. റിലീസിന് രണ്ടാഴ്ച മുന്‍പു തന്നെ ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിച്ചിരുന്ന ചിത്രം അതിലൂടെ 100 കോടി നേടിയതായി നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് അറിയിച്ചിരുന്നു.