തമിഴില്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങളില്‍ വലിയ കാത്തിരിപ്പുള്ള സിനിമയാണ് 'ആടൈ'. അമല പോള്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞയാഴ്ചയാണ് പുറത്തെത്തിയത്. എന്തൊക്കെയോ നിഗൂഢതകള്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന ചിത്രമെന്ന് ആദ്യ പബ്ലിസിറ്റി മെറ്റീരിയലുകള്‍ മുതല്‍ വിളിച്ചുപറയുന്ന ചിത്രത്തിന്റെ ടീസറും അത്തരം തോന്നലിനെ ഇരട്ടിപ്പിക്കുന്നതായിരുന്നു. വിവസ്ത്രയായിരിക്കുന്ന പ്രധാന കഥാപാത്രത്തിന്റെ ദൃശ്യങ്ങളുണ്ടായിരുന്നു ടീസറില്‍. യുട്യൂബില്‍ 72 ലക്ഷം കാഴ്ചകള്‍ പിന്നിട്ട വീഡിയോയ്ക്ക് താഴെ അഭിനന്ദനങ്ങള്‍ക്കൊപ്പം മോശം കമന്റുകളുമുണ്ട്. എന്നാല്‍ ഒരുപടി കൂടി കടന്നതായിരുന്നു പ്രേക്ഷകരില്‍ ചിലരുടെ പ്രതികരണം. പ്രധാന കഥാപാത്രത്തിന്റെ ഫോണിലേക്ക് അവരുടെ അമ്മ വിളിക്കുമ്പോഴുള്ള മൊബൈല്‍ ഫോണിന്റെ ദൃശ്യമുണ്ടായിരുന്നു ടീസറില്‍. ടീസര്‍ വൈറലായതിന് പിന്നാലെ ഈ നമ്പരിലേക്ക് അനേകം നമ്പരുകളില്‍ നിന്ന് നിര്‍ത്താതെയുള്ള വിളി ആരംഭിച്ചു.

ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരില്‍ ഒരാളായ വിശാല്‍ രവിയുടെ നമ്പര്‍ ആയിരുന്നു ഇത്. തുടര്‍ച്ചയായ ശല്യം അസഹനീയമായതോടെ കൗതുകകരമായ ഒരു വഴി കണ്ടെത്തി അണിയറക്കാര്‍. തമിഴ്‌നാട്ടിലെ പ്രശസ്ത റേഡിയോ ജോക്കിയായ സരിത്രന്റെ (ബിഗ് എഫ്എം) സഹായത്തോടെയായിരുന്നു ഇത്.

തുടര്‍ച്ചയായി വിളി വരുന്ന നമ്പരിലേക്ക് തിരിച്ചുവിളിയ്ക്കുകയായിരുന്നു സരിത്രന്‍. തുടര്‍ച്ചയായി വിളിച്ചതിന്റെ കാരണം അന്വേഷിച്ചുള്ള ആ കോളുകള്‍ റെക്കോര്‍ഡ് ചെയ്ത് എഫ്എമ്മിലെ തന്റെ പരിപാടി 'സരിത്തിരനിന്‍ നരിത്തന'ത്തില്‍ എയര്‍ ചെയ്തു അദ്ദേഹം. ആ കോളുകള്‍ ഒരു വീഡിയോ ഫോര്‍മാറ്റില്‍ ആക്കി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട് സരിത്രന്‍.

തമിഴില്‍ മാത്രമല്ല, മലയാളത്തിലും തെലുങ്കിലുമൊക്കെ സംസാരിക്കുന്നവര്‍ വിളിച്ചവരുടെ കൂട്ടത്തിലുണ്ട്. 'ദയവായി ഈ കോള്‍ പുറത്തുവിടരുതേ, വീട്ടില്‍ അറിഞ്ഞാല്‍ പ്രശ്‌നമാവും'-ഇങ്ങനെയാണ് ഒരാളുടെ പ്രതികരണം. മറ്റൊരാള്‍ ആ നമ്പരിലേക്ക് വിളിച്ചതിന് നാല് വയസ്സുകാരായ തന്റെ മക്കളില്‍ തന്നെയാണ് കുറ്റം ചാര്‍ത്തുന്നത്. ആടൈയുടെ ടീസര്‍ തന്നെ താന്‍ കണ്ടിട്ടില്ലെന്ന് വാദിക്കുന്ന അയാള്‍ കുട്ടികള്‍ യുട്യൂബില്‍ നഴ്‌സറി പാട്ടുകള്‍ കാണാറുണ്ടെന്നും അക്കൂട്ടത്തില്‍ വീഡിയോ കാണാന്‍ ഇടയായതാവാമെന്നും പറയുന്നു. എന്നാല്‍ കുറ്റം ഏറ്റുപറയുന്ന പലരും ഇനി ആവര്‍ത്തിക്കില്ലെന്നും പറയുന്നുണ്ട്. വേഗത്തില്‍ കോള്‍ കട്ട് ചെയ്ത് ഫോണ്‍ സ്വിച്ച്ഓഫ് ചെയ്തവരും അക്കൂട്ടത്തിലുണ്ട്. തുടര്‍ച്ചയായി വിളിച്ച് ശല്യം ചെയ്തവരുടെ കൂട്ടത്തില്‍ ഒരു ജൂനിയര്‍ അഭിഭാഷകനുമുണ്ടായിരുന്നു. ടീസറിലെ നമ്പരിലേക്ക് അസമയത്ത് വിളിച്ചത് എന്തിനെന്ന ചോദ്യത്തിന് അയാളുടെ മറുപടി ഇങ്ങനെ- 'അമല പോളിന്റെ നമ്പര്‍ ചോദിക്കാനാണ് ഞാന്‍ വിളിച്ചത്.'

അമല പോള്‍ നായികയാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രത്‌നകുമാറാണ്. കാമിനി എന്നാണ് അമലയുടെ കഥാപാത്രത്തിന്റെ പേര്. ഛായാഗ്രഹണം കാര്‍ത്തിക് കണ്ണന്‍. നിര്‍മ്മാണം വി സ്റ്റുഡിയോസ്.