ദിൽവാലേയുടെ ബോക്സ് ഓഫീസ് പരാജയത്തിന് ശേഷം ഷാരൂഖ് ഖാനുമായി പ്രശ്നത്തിലാണോ? ഒടുവില്‍ രോഹിത്ത് ഷെട്ടിയുടെ ഉത്തരം

മുംബൈ: ഷാരൂഖ് ഖാനും സംവിധായകന്‍ രോഹിത് ഷെട്ടിയും ആദ്യമായി ഒന്നിച്ച ചെന്നൈ എക്സ്പ്രസ് ആ സമയത്തെ ബോളിവുഡിലെ വന്‍ ഹിറ്റുകളില്‍ ഒന്നായിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ ചെയ്ത ദിൽവാലെ എന്ന ചിത്രം ബോക്സോഫീസില്‍ വലിയ തരംഗം ഉണ്ടാക്കിയില്ല. അതിനുശേഷം, ഇരുവരും തമ്മില്‍ പിണക്കത്തിലാണ് എന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇപ്പോൾ. എന്നാല്‍ ഇത്തരം അഭ്യൂഹങ്ങള്‍ക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം മറുപടി നല്‍കുകയാണ് രോഹിത്ത് ഷെട്ടി.

ദിൽവാലേയുടെ ബോക്സ് ഓഫീസ് പരാജയത്തിന് ശേഷം ഷാരൂഖ് ഖാനുമായി പ്രശ്നത്തിലാണ് എന്ന വാര്‍ത്തകള്‍ക്ക് രോഹിത് ഷെട്ടി കോമൾ നഹ്തയുടെ ഗെയിം ചേഞ്ചേര്‍സ് എന്ന പോ‍ഡ് കാസ്റ്റിലാണ് അടുത്തിടെ മറുപടി നൽകിയത്.

"ഞങ്ങള്‍ തമ്മില്‍ ഒരു പ്രശ്നവും ഇല്ല. ഞങ്ങൾക്ക് പരസ്പര ബഹുമാനമുണ്ട്. ദിൽവാലേയ്ക്ക് ശേഷം ഞാന്‍ സ്വന്തമായി ഒരു പ്രൊഡക്ഷൻ ഹൗസ് ആരംഭിച്ചു. നഷ്ടം സംഭവിച്ചാൽ അത് നമ്മുടെ ഉത്തരവാദിത്തമായിരിക്കുമെന്നതിനാൽ ഞാന്‍ എന്‍റെ രീതിയില്‍ സിനിമകള്‍ നിർമ്മിക്കാൻ തീരുമാനിച്ചു. എന്നാല്‍ പറയും പോലെ ദിൽവാലേയിൽ ഞങ്ങൾക്ക് നഷ്ടം നേരിട്ടിരുന്നില്ല".

വിദേശത്ത് ദിൽവാലെ വൻ വിജയമായിരുന്നുവെന്നും സംവിധായകൻ ചൂണ്ടിക്കാട്ടി. ഷാരൂഖ് ഖാനും ഗൗരി ഖാനും ചേർന്ന് റെഡ് ചില്ലീസ് എന്റർടൈൻമെന്റിന്റെ ബാനറിലാണ് ഈ ചിത്രം നിർമ്മിച്ചത്. 2015 ഡിസംബർ 19 ന് പുറത്തിറങ്ങിയ ദിൽവാലെ, ദീപിക പദുക്കോൺ, രൺവീർ സിംഗ്, പ്രിയങ്ക ചോപ്ര എന്നിവർ അഭിനയിച്ച സഞ്ജയ് ലീല ബൻസാലിയുടെ ബാജിറാവു മസ്താനിയുമായി ക്ലാഷായാണ് റിലീസ് ചെയ്തത്. 

300 കോടിയോളം ആഗോള ബോക്സോഫീസില്‍ ചിത്രം നേടിയെന്നാണ് കണക്കുകള്‍ പറയുന്നത്. എന്നാല്‍ ആഭ്യന്തര ബോക്സോഫീസില്‍ ചിത്രം വലിയ നേട്ടമൊന്നും ഉണ്ടാക്കിയിരുന്നില്ല. കാജോള്‍, വരുണ്‍ ധവാന്‍, കൃതി സനോണ്‍ എന്നിവരാണ് ദിൽവാലേയില്‍ അഭിനയിച്ചത്. 

അതേ സമയം ഇതേ പോഡ്കാസ്റ്റില്‍ സിനിമ രംഗത്ത് താന്‍ വളർത്തിയെടുത്ത സൗഹൃദങ്ങളെക്കുറിച്ചും രോഹിത് ഷെട്ടി സംസാരിച്ചു, അജയ് ദേവ്ഗൺ, രൺവീർ സിംഗ്, ദീപിക പദുക്കോൺ എന്നിവരുമായുള്ള തന്റെ അടുത്ത ബന്ധം സംവിധായകന്‍ വെളിപ്പെടുത്തി. 

അജയ് ദേവഗണ്‍ തന്‍റെ ജ്യേഷ്ഠനെപ്പോലെയാണ് എന്നാണ് രോഹിത്ത് ഷെട്ടി വിശേഷിപ്പിച്ചത്. ദീപികയെക്കുറിച്ച് പറയുമ്പോൾ, അവർ നാല് മാസം ഗർഭിണിയായിരിക്കുമ്പോൾ സിങ്കം എന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ ചിത്രീകരിക്കാന്‍ വന്നത് എന്ന് രോഹിത്ത് ഓര്‍ത്തു. ഇത് തന്നോടുള്ള സൗഹൃദത്തിന്‍റെ പുറത്താണ് എന്ന് സംവിധായകന്‍ പറയുന്നു. 

ഒടിടിയില്‍ എത്തിയിട്ട് 11 ദിനങ്ങള്‍, തിയറ്ററില്‍ കാണാന്‍ ഇപ്പോഴും ജനം; പുതിയ റെക്കോര്‍ഡുമായി 'ഛാവ'

തമന്ന ഭാട്ടിയ രോഹിത് ഷെട്ടിയുടെ പുതിയ 'റിയല്‍ ലൈഫ്' പൊലീസ് കഥയില്‍, നായകന്‍ ജോണ്‍ എബ്രഹാം