ഗോവയിലെ അവധി ആഘോഷത്തിന്‍റെ കൂടുതല്‍ ചിത്രങ്ങള്‍ തമന്ന തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടില്‍ പങ്കുവച്ചിരുന്നു. 

മുംബൈ: ബോളിവുഡ് നടന്‍ വിജയ് വര്‍മ്മയും തമന്നയും തമ്മിൽ പ്രണയം സംബന്ധിച്ച് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ റൂമറുകള്‍ ശക്തമായിരുന്നു. തമന്നയുടെ ജന്മദിനമായ ഡിസംബർ 21ന് വിജയ് തമന്നയുടെ വസതിയിൽ എത്തിയതാണ് ഈ അഭ്യൂഹങ്ങളുടെ തുടക്കം . 

പിന്നീട് വിമാനത്താവളത്തില്‍ വച്ച് ഇരുവരെയും പാപ്പരാസി ക്യാമറകള്‍ പകര്‍ത്തിയതോടെ അഭ്യൂഹം കൂടുതല്‍ ശക്തമായി. ദിൽജിത് ദോസഞ്ജിന്‍റെ സംഗീത പരിപാടിക്ക് ഇരുവരും ഒരുമിച്ച് എത്തിയതോടെ പ്രണയവാര്‍ത്ത ഏതാണ്ട് സ്ഥിരീകരണമായെന്നാണ് ബി ടൌണ്‍ സംസാരം. അതേ സമയം ന്യൂ ഇയര്‍ രാത്രിയില്‍ ഇരുവരും ചുംബിക്കുന്നത് എന്ന് പറയുന്ന വീഡിയോ വൈറലായിരുന്നു. ഗോവയില്‍ നിന്നായിരുന്നു ഈ ദൃശ്യം.

ഇതിന് പിന്നാലെ ഗോവയിലെ അവധി ആഘോഷത്തിന്‍റെ കൂടുതല്‍ ചിത്രങ്ങള്‍ തമന്ന തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടില്‍ പങ്കുവച്ചിരുന്നു. എന്നാല്‍ ഈ ചിത്രങ്ങളിലൊന്നും വിജയ് വര്‍മ്മയുടെ സാന്നിധ്യം കാണുന്നില്ല. ചിലര്‍ ഇത് ചോദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ പുതുവത്സരത്തില്‍ ചുംബന വീഡിയോ വൈറലായ സമയത്ത് നടി ഗോവയില്‍ ഉണ്ടായിരുന്നു എന്ന സ്ഥിരീകരണമായി ഈ പോസ്റ്റുകള്‍. 

ഇപ്പോള്‍ ഇരുതാരങ്ങളും ഒന്നിച്ച് ഒരു വേദിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ബോളിവുഡ് പാപ്പരാസി യോഗൻ ഷായുടെ അക്കൌണ്ടില്‍ പോസ്റ്റ് ചെയ്ത പുതിയ വീഡിയോയില്‍ തമന്നയും വിജയ് വര്‍മ്മയും ഇഎല്‍എല്‍ഇ ഗ്രാജ്വേറ്റ്സ് 2022 എന്ന ഫാഷന്‍ പരിപാടിയില്‍ ഒന്നിച്ച് എത്തുന്നതാണ് കാണിച്ചിരിക്കുന്നത്. 

വിജയ്‌യും തമന്നയും ഒരുമിച്ച് പോസ് ചെയ്യുന്നതും രസകരമായ സംഭാഷണം നടത്തുന്നതും വീഡിയോയില്‍ കാണാം. തമന്ന നീല നിറത്തിലുള്ള മിഡി വസ്ത്രത്തിലാണ് വീഡിയോയില്‍ ഉള്ളത്. മൾട്ടി-കളർ, പ്രിന്റഡ് പാച്ച് വർക്കുള്ള ഹുഡി ടീ ഷർട്ടിലാണ് വിജയ് വര്‍മ്മ വീഡിയോയില്‍ എത്തുന്നത്.

View post on Instagram

2005ല്‍ ചാന്ദ് സാ റോഷൻ ചെഹ്‌റ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന തമന്ന തെന്നിന്ത്യന്‍ സിനിമ രംഗത്താണ് വെന്നിക്കൊടി പാറിച്ചത്. 2022-ൽ, ഗനി, എഫ്3: ഫൺ ആൻഡ് ഫ്രസ്ട്രേഷൻ, ബാബ്ലി ബൗൺസർ, പ്ലാൻ എ പ്ലാൻ ബി, ഗുർത്തുണ്ട സീതാകാലം എന്നിവയുൾപ്പെടെ നിരവധി തെലുങ്ക്, ഹിന്ദി ചിത്രങ്ങളിൽ അവർ അഭിനയിച്ചു. ഈ വർഷം നവാസുദ്ദീൻ സിദ്ദിഖിയ്‌ക്കൊപ്പം ബോലെ ചുഡിയന്‍ ആണ് തമന്നയുടെ ഇറങ്ങാനുള്ള ചിത്രം. 

ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന് ബിരുദം നേടിയ നടനാണ് വിജയ് വര്‍മ്മ. 2012-ൽ ചിറ്റഗോങ്ങ് എന്ന ചിത്രത്തിലൂടെയാണ് സിനിമ രംഗത്തേക്ക് എത്തിയത്. പിങ്ക്, മൺസൂൺ ഷൂട്ടൗട്ട്, മാന്‍റോ, ഗള്ളി ബോയ്, ഗോസ്റ്റ് സ്റ്റോറീസ് ആന്തോളജി എന്നീ ചിത്രങ്ങളിലെ ഇദ്ദേഹത്തിന്‍റെ റോളുകള്‍ ശ്രദ്ധിക്കപ്പെട്ടു. 

2022-ൽ ഹർദാങ്, ഡാർലിംഗ്സ് എന്നീ ചിത്രങ്ങളിൽ വിജയ് വര്‍മ്മ പ്രത്യക്ഷപ്പെട്ടു. ഡാർലിംഗ്സ് എന്ന നെറ്റ്ഫ്ലിക്സ് സിനിമയിലെ റോള്‍ ഏറെ പ്രശംസ നേടി. കരീന കപൂർ, ജയ്ദീപ് അഹ്ലാവത് എന്നിവർക്കൊപ്പം സുജോയ് ഘോഷിന്‍റെ ദ ഡിവോഷൻ ഓഫ് സസ്പെക്റ്റ് എക്‌സിൽ വിജയ് അടുത്തതായി അഭിനയിക്കും എന്നാണ് വിവരം.

തമന്നയും വിജയ് വര്‍മ്മയും പ്രണയത്തില്‍? ; ന്യൂ ഇയര്‍ ചുംബനം വൈറല്‍.!