അനുപമ എന്ന സീരിയലിലെ നായികയായ രൂപാലി ഗാംഗുലിയെ സീരിയല്‍ സെറ്റില്‍ വച്ച് പട്ടി കടിച്ചു എന്ന വാർത്തയെ നടി നിഷേധിച്ചു. 

മുംബൈ: അനുപമ എന്ന സീരിയലിലെ നായികയായ രൂപാലി ഗാംഗുലിയെ സീരിയല്‍ സെറ്റില്‍ വച്ച് പട്ടി കടിച്ചു എന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. സീരിയലിലെ ഒരു സീനിനിടെ തെരുവ് നായ കടിച്ചതിനെ തുടർന്ന് നടിക്ക് പരിക്കേറ്റതായി ഇന്ത്യ ഫോറംസ് എന്ന സൈറ്റിലാണ് ആദ്യം വാര്‍ത്ത വന്നത്. സെറ്റിൽ രൂപാലി പരിപാലിക്കുന്ന തെരുവ് നായകളില്‍ ഒന്നാണ് കടിച്ചത് എന്നാണ് വാര്‍ത്ത വന്നത്. ഇതിന് പിന്നാലെ ദേശീയ മാധ്യമങ്ങളിലും ഈ വാര്‍ത്ത വന്നു.

എന്നാല്‍ ഇതിനെതിരെ നടി തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സീരിയല്‍ നടിയാണ് രൂപാലി. ഈ വാര്‍ത്തയോട് വളരെ രൂക്ഷമായാണ് ഒരു വീഡിയോയിലൂടെ നടി പ്രതികരിച്ചത്. 

"ഇവർ എന്റെ കുഞ്ഞുങ്ങളാണ് - ആദ, റിംജിം, ഗുങ്‌ഗ്രൂ, ഗോഗിൾ, കോഫി, ജാദൂ, ഡിസ്കോ, ഡയാന, ലംബുജി, മദൻ," രൂപാലി പറഞ്ഞു, അവരെ ഓരോരുത്തരെയായി പരിചയപ്പെടുത്തി. "അതെ, ഇവിടെ വരുന്ന കുരങ്ങന്മാർക്ക് പോലും ഞാൻ എന്റെ കൈകൊണ്ട് ഭക്ഷണം കൊടുക്കാറുണ്ട്."

ഒരു നായ കടിച്ചു എന്ന വാർത്തയെ വിമർശിച്ചുകൊണ്ട് രൂപാലി പറഞ്ഞു, "വർഷങ്ങളായി ഞാൻ എന്നെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്, പക്ഷേ അത് എന്നെ ബാധിക്കാത്തതിനാൽ ഞാൻ ഒരിക്കലും പ്രതികരിക്കാൻ മെനകെടാറില്ല. ഞാൻ എന്റെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാറാണ് പതിവ്. പക്ഷേ ഇത്, ഇത് എല്ലാ പരിധി ലംഘിക്കുന്നു. സ്വയം പ്രതിരോധിക്കാൻ പോലും കഴിയാത്ത ശബ്ദമില്ലാത്ത മൃഗങ്ങളെക്കുറിച്ചാണ് നിങ്ങൾ എഴുതിവിടുന്നത്" നടി പറഞ്ഞു. 

View post on Instagram

അഭിനയത്തിനൊപ്പം തന്നെ നടിയുടെ മൃഗസ്നേഹവും പ്രശസ്തമാണ്. ഷൂട്ടിന്‍റെ ഇടവേളകളില്‍ രൂപാലി, ഷൂട്ടിംഗ് സൈറ്റിലെ തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കിയും മറ്റും സമയം ചെലവഴിക്കാറുണ്ട്. ഇത് സംബന്ധിച്ച റീലുകള്‍ മുന്‍പും സോഷ്യല്‍ മീഡിയയില്‍ വന്നിട്ടുണ്ട്. 

ഷോയുടെ പ്രൊഡക്ഷൻ ടീം നായകളോടുള്ള അവരുടെ ഈ അടുപ്പത്തിന് പൂർണ്ണ സഹകരണം നല്‍കിയിരുന്നു. സെറ്റിലെ നായകള്‍ക്ക് ഷെൽട്ടറുകൾ സ്ഥാപിച്ചും നായ്ക്കൾക്ക് പതിവായി ഭക്ഷണം നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്താനും പ്രൊഡക്ഷനും സജ്ജീകരണങ്ങള്‍ ഒരുക്കി. കാലക്രമേണ രൂപാലി അനുപമ സീരിയലിലെ സെറ്റിലെ തെരുവ് നായ്ക്കളുമായി അടുത്ത ബന്ധം വളർത്തിയെടുത്തു. 

ഇന്ത്യന്‍ ടെലിവിഷനില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന സീരിയല്‍ താരമാണ് രൂപാലി ഗാംഗുലി.നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന അനുപമ എന്ന പരമ്പരയില്‍ റെക്കോര്‍ഡ് പ്രതിഫലമാണ് രുപാലി വാങ്ങിക്കൊണ്ടിരിക്കുന്നത്. എപ്പിസോഡ് ഒന്നിന് 3 ലക്ഷം രൂപയാണ് അവരുടെ അക്കൗണ്ടില്‍ എത്തുക. 

സീരിയലിന്‍റെ പോപ്പുലാരിറ്റി തന്നെ കാരണം. സീരിയലില്‍ അനുപമ എന്ന് വിളിക്കുന്ന അനു ജോഷിയെയാണ് രുപാലി അവതരിപ്പിക്കുന്നത്. സ്റ്റാര്‍ പ്ലസില്‍ 2020 ജൂലൈയില്‍ ആരംഭിച്ച പരമ്പരയാണ് ഇത്. എന്നാല്‍ സീരിയല്‍ ആരംഭിക്കുമ്പോള്‍ ഇത്രയും പ്രതിഫലം ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന അഭിനേത്രിക്ക് ഉണ്ടായിരുന്നില്ല.