ഇപ്പോഴിതാ മാതൃദിനത്തില്‍ വൈകാരികമായൊരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് സാഗര്‍ സൂര്യ. തന്റെ ജീവിതത്തില്‍ നിന്നും മനസ്സിലാക്കിയ കാര്യങ്ങളാണ് പറയുന്നതെന്നാണ് സാഗർ പറയുന്നത്.

ട്ടീം മുട്ടീം എന്ന ജനപ്രിയ പരമ്പരയിലെ കഥാപാത്രങ്ങളെയെല്ലാം പ്രേക്ഷകര്‍ക്ക് പരിചിതമാണ്. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ പരമ്പരയായിരുന്നു അത്. കെപിഎസി ലളിത, മഞ്ജു പിള്ള, വീണ നായര്‍ തുടങ്ങിയവര്‍ക്കൊപ്പം പരമ്പരയില്‍ ആദി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സാഗര്‍ സൂര്യയും ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ്. 2020 ഏപ്രിലിലാണ് സാഗറിന്റെ അമ്മ മരിച്ച വാര്‍ത്ത ഞെട്ടലോടെ എല്ലാവരും അറിഞ്ഞത്. അമ്മയുടെ മരണശേഷം സാഗര്‍ പങ്കുവച്ച കുറിപ്പ് എല്ലാവരുടേയും കരളലിയിക്കുന്നതായിരുന്നു. അമ്മ ഇല്ലായെന്നത് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല, എല്ലാവര്‍ക്കും നന്മമാത്രം ചെയ്ത അമ്മയെ ദൈവത്തിന് ഏറെ പ്രിയപ്പെട്ടതിനാലാകും ദൈവം വേഗം വിളിച്ചതെന്നായിരുന്നു സാഗര്‍ കുറിച്ചത്.

ഇപ്പോഴിതാ മാതൃദിനത്തില്‍ വൈകാരികമായൊരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് സാഗര്‍ സൂര്യ. മാതാപിതാക്കള്‍ നമ്മുടെയൊപ്പമുണ്ടാകുന്ന ചെറിയൊരു കാലയളവാണ് ഏറ്റവും മനോഹരമായതെന്നും, അവരോടൊപ്പമുള്ള സമയത്ത് അവരെ തങ്ങള്‍ക്കാവുന്നതുപോലെ സന്തോഷത്തോടെയിരുത്തണം എന്നുമെല്ലാമാണ് വീഡിയോയിലൂടെ സാഗര്‍ പറയുന്നത്. നഷ്ടപ്പെട്ടതിനുശേഷം അവര്‍ക്കുവേണ്ടി ഇത്തിരികൂടി എന്തെങ്കിലും ചെയ്യാമായിരുന്നു എന്ന് കരുതിയിട്ട് കാര്യമില്ലായെന്നും സാഗര്‍ പറയുന്നുണ്ട്.

തന്റെ ജീവിതത്തില്‍ നിന്നും മനസ്സിലാക്കിയ കാര്യങ്ങളാണ് പറയുന്നതെന്നും, തന്നെ ഏറ്റവുമധികം മനസ്സിലാക്കിയ ആള്‍ അമ്മയാണെന്നും, തന്റെ എല്ലാ ഷോകളും കണ്ട് അഭിപ്രായം പറയുന്ന സുഹൃത്തിനെയാണ് നഷ്ടമയതെന്നും സാഗര്‍ വീഡിയോയിലൂടെ വ്യക്തമാക്കുന്നുണ്ട്. അമ്മയെ നഷ്ടപ്പെട്ടതിനെപ്പറ്റി സംസാരിക്കുമ്പോള്‍ സാഗറിന്റെ ശബ്ദമിടറുന്നത് വീഡിയോ കാണുന്നവര്‍ക്കും നൊമ്പരമുണര്‍ത്തുന്ന ഒന്നായി. നിരവധി ആളുകളാണ് സാഗറിന്റെ വീഡിയോയ്ക്ക് കമന്റുമായെത്തിയത്. അമ്മയ്ക്കും അച്ഛനുമെല്ലാം വയ്യാതിരിക്കുമ്പോള്‍ നമ്മള്‍ സഹായിക്കുന്നതിലുപരിയായി സന്തോഷമുള്ള നിരവധി അനുഭവങ്ങള്‍ക്കായും നമ്മള്‍ അവരോടൊപ്പം ഓരോ പണികളില്‍ ഏര്‍പ്പെടണമെന്നും, പിന്നീട് അതോര്‍ത്ത് നമുക്കൊരുപാട് സന്തോഷിക്കാമെന്നുമെല്ലാം താരം പറയുന്നുണ്ട്.

View post on Instagram