പുതുതലമുറയില്‍ തനിക്കറിയാവുന്നവരില്‍ മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യാത്ത ഒരേയൊരാള്‍ കുഞ്ചാക്കോ ബോബനാണെന്ന് സലിംകുമാര്‍. ചങ്ങനാശ്ശേരി എസ്ബി കോളെജിലെ കോളെജ് ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് എസ്ബിയിലെ പൂര്‍വ്വ വിദ്യാര്‍ഥിയായ ചാക്കോച്ചനെക്കുറിച്ചും സലിംകുമാര്‍ പറഞ്ഞത്. 

'മദ്യപിക്കാത്ത, പുകവലിക്കാത്ത ഒരാളായി ഈ പുതുതലമുറയില്‍ ഞാന്‍ കണ്ട ഏകവ്യക്തി കുഞ്ചാക്കോ ബോബനാണ്. അവനീ കോളെജിന്റെ സന്തതിയാണ്. ഒരിക്കല്‍ ചിലര്‍ വന്ന് ഒരു പരിപാടിക്ക് ക്ഷണിച്ചു. മയക്കുമരുന്നിനെതിരേ സത്യപ്രതിജ്ഞയ്ക്കാണെന്ന് പറഞ്ഞു. ഞാന്‍ വരില്ലെന്ന് പറഞ്ഞു. കാരണം ഞാന്‍ സിഗരറ്റ് വലിക്കും. സിഗരറ്റ് മയക്കുമരുന്ന് അല്ലെങ്കില്‍ പോലും അതൊരു മയക്കുമരുന്ന് തന്നെയാണ്. ഞാന്‍ പറഞ്ഞു ഒന്നുകില്‍ നിങ്ങള്‍ മമ്മൂട്ടിയെ വിളിക്കൂ. അല്ലെങ്കില്‍ ജഗദീഷിനെയോ കുഞ്ചാക്കോ ബോബനെയോ വിളിക്കൂ എന്ന് പറഞ്ഞു. അവരെയാണ് എനിക്ക് സജസ്റ്റ് ചെയ്യാനുള്ളതെന്നും', സലിംകുമാര്‍ പറഞ്ഞു.

ജീവനോടെയിരിക്കുന്നവര്‍ മരിച്ചുപോയെന്ന് സോഷ്യല്‍ മീഡിയയിലൂടെ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവരുടെ മനോവൈകൃതത്തെക്കുറിച്ചും താന്‍ അതിന് പലപ്പോഴും ഇരയായതിനെക്കുറിച്ചും സലിംകുമാര്‍ വിദ്യാര്‍ഥികളോട് സംസാരിച്ചു. 'ഏകദേശം പതിനഞ്ചോളം പ്രാവശ്യം ഞാന്‍ മരിച്ചുപോയിട്ടുണ്ട്. ആരൊക്കെയോ എന്നെ കൊന്നിട്ടുണ്ട്. എനിക്ക് ഒരു അസുഖം പിടിപെട്ടപ്പോഴായിരുന്നു അത്. അങ്ങനെ സ്വന്തം മരണംകണ്ട് കണ്ണുതള്ളിപ്പോയ ഒരാളാണ് ഞാന്‍.' അന്യന്റെ ദു:ഖത്തില്‍ സുഖം കണ്ടെത്തുന്ന ഒരു തലമുറയായി ഇപ്പോഴുള്ളവര്‍ മാറുന്നുവെന്നും സലിംകുമാര്‍ പറഞ്ഞു.