കൊച്ചി: യുവതാരങ്ങളായ മനേഷ് കൃഷ്ണന്‍, ഗോപിക അനില്‍ തുടങ്ങിയ ഒരുകൂട്ടം നവാഗതരെ അണിനിരത്തി സംവിധായകന്‍ വിജിത് ഒരുക്കുന്ന ചിത്രമാണ് മുന്തിരി മൊഞ്ചന്‍; ഒരു തവള പറഞ്ഞ കഥ. ചിത്രത്തില്‍ സലീംകുമാറും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെ ചിത്രത്തിലെ യുവനടിക്ക് നടന്‍ സലീംകുമാര്‍ നല്‍കിയ ഉപദേശമാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്.

ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്ന പുതുമുഖ നടി അഖിലയുടെ സാഹസികതയെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്റെ നിര്‍മ്മാതാവ് അശോകന്റെ മകളാണ് അഖില. ഷൂട്ടിങ്ങിനായി പ്രത്യേകം കുഴിച്ച അത്യാവശ്യം ആഴമുള്ള കിണറില്‍ അഖില ചാടേണ്ട ഒരു രംഗമുണ്ട്. അഖിലയ്ക്ക് ചാടാനായി സ്റ്റണ്ട് മാസ്റ്റര്‍ അഷ്റഫ് ഗുരുക്കള്‍ റോപ്പുമായി വന്ന് താരത്തെ വിളിച്ചു. ടട

കിണറിന്‍റെ വക്കില്‍ വന്ന് നിന്ന് താഴെക്കൊന്ന് നോക്കി അഖില പറഞ്ഞു ' കയറൊന്നും വേണ്ടാ അങ്കിള്‍ ഞാന്‍ ചാടിക്കോളാം!'.  എല്ലാവരും ശ്വാസമടക്കി നിന്നപ്പോള്‍ അഖില കിണറിനടിയില്‍ വിരിച്ച ബെഡിലേക്ക് ചാടി. സീന്‍ പെര്‍ഫെക്ട് ആയെങ്കിലും കണ്ടുനിന്നവരുടെ നെഞ്ചിടിപ്പ് പെര്‍ഫെക്ട് ആവാന്‍ പിന്നെയും സമയം എടുത്തു. കിണറിനടിയില്‍ നിന്നുള്ള മൂന്നു ഷോട്ടിലും ചാട്ടം ആവര്‍ത്തിച്ച അഖില ഇതിന്റെ കണ്ടിന്യൂ ഷോട്ടിനു വേണ്ടി കായല്‍ വെള്ളത്തിലേക്കും ചാടിയിരുന്നു.

അഖിലയുടെ ഈ ചാട്ടം കണ്ടു കൊണ്ട് കൂടെ അഭിനയിച്ച സലിം കുമാര്‍ പറഞ്ഞു..'കുട്ടി ന്യൂജന്‍ ഒക്കെയാ സമ്മതിച്ചു, പക്ഷെ ഇത്ര എടുത്തുചാട്ടം പാടില്ല കേട്ടോ'. സലിം കുമാറിന്റെ ഈ ഡയലോഗ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബാംഗ്ലൂര്‍ ക്രൈസ്റ്റ് കോളജില്‍ സൈക്കോളജി ആന്റ് പെര്‍ഫോര്‍മന്‍സ് ആര്‍ട്ട്‌സ് ഡിഗ്രി വിദ്യാര്‍ഥിനിയാണ് അഖില.