പ്രിയങ്ക ചോപ്ര ഭാരത് എന്ന ചിത്രത്തിൽ നിന്ന് പിന്മാറിയതിന്റെ യഥാർത്ഥ കാരണം സൽമാൻ ഖാൻ വെളിപ്പെടുത്തുന്നു. 

മുംബൈ: 2018 ലാണ് സംവിധായകൻ അലി അബ്ബാസ് സഫർ സൽമാൻ ഖാനും പ്രിയങ്ക ചോപ്രയും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ഭാരത് എന്ന ചിത്രം പ്രഖ്യാപിച്ചത്. അന്ന് വളരെ വാര്‍ത്ത പ്രധാന്യം നേടിയ പ്രഖ്യാപനം ആയിരുന്നു അത്. ഒരു പതിറ്റാണ്ടിനുശേഷം ജനപ്രിയ ജോഡി വീണ്ടും സ്‌ക്രീനിൽ ഒന്നിക്കാന്‍ ഒരുങ്ങുന്നു എന്നതായിരുന്നു പ്രധാന പ്രത്യേകത. 

എന്നാല്‍ ചിത്രീകരണം ആരംഭിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് പ്രിയങ്ക അപ്രതീക്ഷിതമായി ഭാരതില്‍ നിന്ന് പിന്മാറിയത് ബോളിവുഡില്‍ വലിയ ആശ്ചര്യമാണ് ഉണ്ടാക്കിയത്. നിക്ക് ജോനാസുമായുള്ള വിവാഹനിശ്ചയം കാരണമാണ് അവരുടെ പെട്ടെന്നുള്ള പിന്മാറ്റം എന്നായിരുന്നു അന്ന് വന്ന വാര്‍ത്ത. 

ഷെഡ്യൂൾ ആരംഭിക്കുന്നതിന് അഞ്ച് ദിവസം മുമ്പ് പ്രിയങ്ക ചോപ്ര സിനിമയിൽ നിന്ന് പിന്മാറിയതിനെത്തുടർന്ന് സൽമാൻ ഖാൻ പ്രിയങ്ക ചോപ്രയോട് ദേഷ്യപ്പെട്ടിരിക്കാമെന്ന് കിംവദന്തികൾ പ്രചരിക്കാൻ തുടങ്ങി. 

എന്നിരുന്നാലും അന്ന് സംഭവിച്ചത് വ്യക്തമാക്കുകയാണ് സല്‍മാന്‍ ഖാന്‍. ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സല്‍മാന്‍ ഇത് വ്യക്തമാക്കുന്നു. നടിയോട് തനിക്ക് ഒരു വിദ്വേഷവുമില്ലെന്നും, മറിച്ച് അവരുടെ പേഴ്സണലായ കാര്യങ്ങളെ ബഹുമാനിക്കുന്നതില്‍ സന്തോഷമുണ്ടെന്നും സല്‍മാന്‍ വ്യക്തമാക്കി. "പ്രിയങ്കയ്ക്ക് ചിത്രം ഉപേക്ഷിക്കാന്‍ ഒരു കാരണമുണ്ടായിരുന്നു. അത് പെട്ടെന്ന് സംഭവിച്ചതാണ്, അത് മൂലം അവര്‍ക്ക് ഈ സിനിമ ചെയ്യാന്‍ കഴിയില്ല എന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ എന്തെങ്കിലും ചെയ്യാമായിരുന്നു. വിവാഹ നിശ്ചയമാണോ കാരണമെന്നും അതാണെങ്കില്‍ പിന്‍മാറേണ്ട കാര്യമില്ലെന്ന് ഞാന്‍ പറഞ്ഞിരുന്നു" സല്‍മാന്‍ പറഞ്ഞു.

75-80 ദിവസങ്ങളായിരുന്നു പ്രിയങ്കയുടെ ഷെഡ്യൂള്‍. വിവാഹത്തിന് വേണ്ടി അത് വേണ്ട രീതിയില്‍ മാറ്റാനും തയ്യാറായിരുന്നു. എന്നാൽ പ്രിയങ്ക സിനിമയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമായി പറഞ്ഞുവെന്ന് സല്‍മാന്‍ വ്യക്തമാക്കുന്നു. 

പടത്തില്‍ നിന്നും പിന്‍മാറാന്‍ പ്രിയങ്കയ്ക്ക് താല്‍പ്പര്യം ഉണ്ടായിരുന്നില്ല. എന്‍റെ കൂടെ വര്‍ക്ക് ചെയ്യാന്‍ താല്‍പ്പര്യമുണ്ടെന്ന് എന്‍റെ സഹോദരിയോട് പല തവണ ഫോണ്‍ ചെയ്ത് പറഞ്ഞു. ഇതിന് പിന്നാലെ പ്രിയങ്ക സംവിധായകനെ വിളിച്ച് ഏതെങ്കിലും രീതിയില്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുമോ എന്നും ചോദിച്ചുവെന്ന് സല്‍മാന്‍ പറഞ്ഞു. 

അതേസമയം എസ്എസ് രാജമൗലിയുടെയും മഹേഷ് ബാബുവിന്റെയും എസ്എസ്എംബി 28 എന്ന ചിത്രത്തിലൂടെ പ്രിയങ്ക ചോപ്ര ഇന്ത്യൻ സിനിമയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ്. സൽമാൻ ഖാന്റെ ഏറ്റവും പുതിയ റിലീസായ സിക്കന്ദർ നിലവിൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്നുണ്ട്.