മുംബൈ: സോഷ്യൽമീഡിയയിലെ ട്രോളുകൾ ഒരുകാലത്ത് തന്റെ മാനസികനില തെറ്റിച്ചിട്ടുണ്ടെന്ന് തെന്നിന്ത്യൻ താരം സാമന്ത പ്രഭു. തെറ്റായ തീരുമാനങ്ങൾ എടുക്കാൻ ട്രോളുകൾ കാരണമായിട്ടുണ്ടെന്നും എന്നാൽ ട്രോളുകളിൽനിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് ഇപ്പോൾ തനിക്കറിയാമെന്നും സാമന്ത പറഞ്ഞു. ഒരു അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചിൽ.

ട്രോളുകൾ ഇപ്പോൾ മനസ്സിൽ കൊടുക്കാറില്ല. ആദ്യമൊക്കെ ട്രോളുകൾ തന്നെ വളരെ മോശമായി ബാധിച്ചിരുന്നു. ഒരു പരിധിവരെ അവ തന്റെ ആരോ​ഗ്യത്തെ പോലും ചോദ്യം ചെയ്തിരുന്നു. അന്നൊക്കെ ഉറക്കമെഴുന്നേറ്റാൻ ആദ്യം നോക്കുക ട്രോളുകളായിരുന്നു. അത്തരമൊരു അവസ്ഥയിൽ നിന്ന് എങ്ങനെ രക്ഷപ്പെട്ടു എന്നതിന് വിശദീകരണം ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. കാരണം അത് കാലക്രമേണ സംഭവിച്ചതാണ്.

ട്രോളുകൾ തമാശയ്ക്ക് വേണ്ടിയുള്ളതാണെന്ന് മനസ്സിലാക്കാൻ കഴിയുന്നൊരു ഘട്ടത്തിലാണ് താനിപ്പോഴെന്ന് കരുതുന്നതായും സാമന്ത പറഞ്ഞു. ട്വീറ്റ് ചെയ്താലോ ചിത്രങ്ങൾ പോസ്റ്റ് ചെയ്താലോ തനിക്കെതിരെ ട്രോളുകൾ ഉണ്ടാകുമെന്ന് അറിയാം. അത്തരം ട്രോളുകളിൽനിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് ഇപ്പോൾ തനിക്കറിയാമെന്നും സാമന്ത കൂട്ടിച്ചേർത്തു.

അതേസമയം, വിവാഹശേഷം തനിക്ക് അവസരങ്ങള്‍ കുറഞ്ഞതായി സാമന്ത പറഞ്ഞു. വിവാഹത്തിന് മുന്‍പ് തനിക്ക് ലഭിച്ചിരുന്ന ഓഫറുകളേക്കാള്‍ വളരെ കുറവാണ് ഇപ്പോള്‍ ലഭിക്കുന്നതെന്ന് താരം വെളിപ്പെടുത്തി. അടുത്തിടെ ചെയ്‍ത രംഗസ്ഥലം എന്ന് ചിത്രത്തിന്റെ  ക്രെഡിറ്റ് എനിക്ക് എടുക്കാന്‍ സാധിക്കുമോ എന്നറിയില്ല. കാരണം ഈ സിനിമകള്‍ ഞാന്‍ വിവാഹത്തിന് മുമ്പ് ചെയ്തതാണ്. വിവാഹത്തിന് ശേഷം റിലീസ് ചെയ്ത ചിത്രങ്ങൾ വൻ ഹിറ്റാകുകയും ചെയ്തു. അതുകൊണ്ട് തന്നെ ആ വിജയങ്ങള്‍ വിവാഹത്തിന് ശേഷമാണ് എന്ന ക്രെഡിറ്റ് എനിക്ക് എടുക്കാന്‍ സാധിക്കില്ല. വിവാഹത്തിനു ശേഷം പക്ഷേ എനിക്ക് അവസരങ്ങള്‍ കുറഞ്ഞു. മുമ്പ് ചെയ്‍തതു പോലെ കൂടുതല്‍ സിനിമകള്‍ ലഭിക്കുന്നില്ലെന്നും സാമന്ത പറഞ്ഞു.

വിവാഹത്തിന് ശേഷം സിനിമയിൽനിന്ന് വിട്ട് നിന്ന നടി സാമന്ത പ്രഭു ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ്. വിവിധ ഭാഷയിൽ റിലീസിനെത്തുന്ന 'ഓ ബേബി' എന്ന ചിത്രത്തിലൂടെയാണ് സാമന്ത സിനിമയിലേക്ക് തിരിച്ചെത്തുന്നത്. നന്ദിനി റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രം സുരേഷ് പ്രൊഡക്ഷൻസ് ആണ് നിർമ്മിക്കുന്നത്. ലക്ഷ്മി, ഉർവശി, രമേശ്, രാജേന്ദ്ര പ്രസാദ്, നാഗ ശൗര്യ എന്നിവർ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മിക്കി ജെ മേയർ ജെ മേയർ ആണ് ചിത്രത്തിന്റെ സംഗീതം. വിവിധ ഭാഷകളിലായി പത്ത് വർഷത്തിനുള്ളിൽ നാൽപ്പത്തിയഞ്ചോളം ചിത്രങ്ങളിൽ സാമന്ത അഭിനയിച്ചിട്ടുണ്ട്.