തെന്നിന്ത്യൻ സിനിമാസ്വാദകരുടെ പ്രിയതാരമാണ് സമീറ റെഡ്ഡി. ഇപ്പോൾ സിനിമകളിൽ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ താരത്തിന് ആരാധകർ ഏറെയാണ്. കൊവിഡ് കാലത്ത് മക്കളുടെ കുസൃതികളും കുറുമ്പും ആസ്വദിച്ച് വീട്ടിൽ തന്നെ ആയിരുന്നു സമീറ. മക്കൾക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. താരത്തിന്റെ പുതിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

ബീച്ചിലൊക്കെ വച്ച് ബിക്കിനി ധരിക്കുമ്പോൾ ശരീരത്തിന്റെ ചെറിയ കുറവുകളെക്കുറിച്ച് താൻ ഒരുകാലത്ത് ആശങ്കപ്പെട്ടിട്ടുണ്ടെന്ന് സമീറ റെഡ്ഡി ഇൻസ്റ്റാ​ഗ്രാമിൽ കുറിക്കുന്നു. ഇന്ന് ബീച്ചിൽ എന്റെ കുട്ടികൾക്കൊപ്പം സമയം ചിലവഴിക്കുമ്പോൾ ഞാൻ എന്നത്തേക്കാളും സന്തോഷവതിയാണെന്നും താരം കുറിക്കുന്നു. ഏതു രൂപത്തിലായിരിക്കുന്നുവോ ആ രൂപത്തിൽ നിങ്ങൾ മനോഹരമാണെന്നും സമീറ പറഞ്ഞു.

"മുമ്പ്‍ ബീച്ചിൽ ബിക്കിനി ധരിച്ച് പോയിരുന്ന കാലം ഇപ്പോഴും ഓർക്കുന്നു. അന്ന് നല്ല ഷെയ്പുള്ള ശരീരം ഉണ്ടായിരുന്നെങ്കിലും ചെറിയ കുറവുകൾ പോലും കണ്ടെത്തി അതെക്കുറിച്ച് ആശങ്കപ്പെട്ടിരുന്നു. എന്നാൽ ഇന്ന് ബീച്ചിൽ എന്റെ കുട്ടികൾക്കൊപ്പം സമയം ചിലവഴിക്കുമ്പോൾ എന്നത്തേക്കാളും സന്തോഷവതിയാണ്. 2021ൽ ഷെയ്പുള്ള ശരീരം വീണ്ടെടുക്കുന്നതിനായി ശ്രമിക്കുമെങ്കിലും ഏതു രൂപത്തിലായാലും സ്വയം സ്നേഹിക്കണമെന്ന് ഈ നിമിഷങ്ങൾ എന്നെ ഓർമപ്പെടുത്തും. നിങ്ങളുടെ ശരീരത്തിന് വേണ്ടത് സ്നേഹവും ആത്മവിശ്വാസവുമാണ്.  ഏതു രൂപത്തിലായിരിക്കുന്നുവോ ആ രൂപത്തിൽ നിങ്ങൾ മനോഹരമാണ്" ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചു.