തെലുങ്കില്‍ സ്പൂഫ് സിനിമകളിലൂടെ തരംഗം തീര്‍ത്ത നടനാണ് സമ്പൂര്‍ണേഷ് ബാബു. 2014ല്‍ പുറത്തിറങ്ങിയ 'ഹൃദയ കലേയ'വും സൂര്യയുടെ തമിഴ് ചിത്രം 'സിങ്ക'ത്തിന്റെ സ്പൂഫ് ശ്രമമായ 'സിങ്കം 123'യുമൊക്കെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ചെറിയ ബജറ്റില്‍ ഒരുക്കിയ 'ഹൃദയ കലേയം' സമ്പൂര്‍ണേഷിന് വലിയ നേട്ടം ഉണ്ടാക്കിക്കൊടുത്തെങ്കില്‍ 'സിങ്കം 123' ബോക്‌സ്ഓഫീസില്‍ അത്രത്തോളം ചലനം സൃഷ്ടിച്ചില്ല. ഇപ്പോഴിതാ മറ്റൊരു സ്പൂഫ് ചിത്രവുമായി വരുകയാണ് തെലുങ്കിലെ 'ബേണിംഗ് സ്റ്റാര്‍'. ഓഗസ്റ്റ് 10ന് റിലീസ് ചെയ്യാനിരിക്കുന്ന 'കൊബ്ബരി മട്ട' എന്ന ചിത്രം മറ്റൊരു റെക്കോര്‍ഡിനുകൂടി അര്‍ഹമാണെന്നാണ് അണിയറക്കാരുടെ അവകാശവാദം. ചിത്രത്തിലെ നായകന്റെ ദൈര്‍ഘ്യമേറിയ സിംഗിള്‍ ഷോട്ട് പെര്‍ഫോമന്‍സിന്റെ പേരിലാണ് അത്.

മൂന്നര മിനിറ്റ് നീളുന്ന ഒരു സിംഗിള്‍ ഷോട്ടില്‍ ദൈര്‍ഘ്യമേറിയ പഞ്ച് ഡയലോഗുകള്‍ നിര്‍ത്താതെ പറയുന്നുണ്ട് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന സമ്പൂര്‍ണേഷ് ബാബു. ലോകസിനിമയില്‍ തന്നെ ഇത്തരത്തിലുള്ള ഒരു ഡയലോഗ് റെക്കോര്‍ഡ് ആണെന്നാണ് അണിയറക്കാര്‍ അവകാശപ്പെടുന്നത്.

1977 ല്‍ പുറത്തിറങ്ങിയ 'ദാന വീര ശൂര കര്‍ണ'യിലെ എന്‍ടിആറിന്റെ ഡയലോഗില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സമ്പൂര്‍ണേഷ് ബാബുവിന്റെ പുതിയ ചിത്രത്തിലെ പഞ്ച് ഡയലോഗ് എന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മൂന്ന് തലമുറയെ പ്രതിനിധീകരിക്കുന്ന മൂന്ന് കഥാപാത്രങ്ങളായാണ് സമ്പൂര്‍ണേഷ് ചിത്രത്തില്‍ എത്തുന്നത്. പപ്പറായുഡു, പേഡറായുഡു, ആന്‍ഡ്രോയ്ഡു എന്നിങ്ങനെയാണ് കഥാപാത്രങ്ങളുടെ പേരുകള്‍. (1977 ചിത്രത്തില്‍ എന്‍ടിആറും മൂന്ന് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. കര്‍ണനും ദുര്യോധനനും കൃഷ്ണനും). അച്ഛന്‍ പേഡറായുഡുവിനെ ആന്‍ഡ്രോയ്ഡു വെല്ലുവിളിക്കുന്നതാണ് പുതിയ ചിത്രത്തിലെ ദൈര്‍ഘ്യമേറിയ ഡയലോഗ്. ആന്‍ഡ്രോയ്ഡുവിന്റെ അമ്മയായി എത്തുന്നത് ഷക്കീലയാണ്. നാഗാര്‍ജുനയുടെ 'മന്‍മധുഡു 2' തീയേറ്ററുകളിലെത്തുന്നതിന്റെ പിറ്റേന്നാണ് 'കൊബ്ബരി മട്ട'യുടെ റിലീസ്.