വളരെ വിഷമം പിടിച്ച കാലഘട്ടത്തിലൂടെയാണ് 'സാന്ത്വനം' വീട് ഇപ്പോള്‍ കടന്നുപോകുന്നത്

പ്രേക്ഷകരുടെ മനം കവര്‍ന്ന പരമ്പരയാണ് സാന്ത്വനം. പല ഭാഷകളിലും റീമേക്കുകളുമായി എത്തിയ പാണ്ഡ്യന്‍ സ്‌റ്റോഴ്‌സ് എന്ന തമിഴ് പരമ്പരയുടെ മലയാളം റീമേക്കാണ് സാന്ത്വനം. സാന്ത്വനം വീട്ടിലെ സഹോദരങ്ങളുടെയും അവരുടെ ഭാര്യമാരുടെയും കഥയാണ് പരമ്പര പറയുന്നത്. കൂടാതെ കൂട്ടുകുടുംബത്തിന്റെ സന്തോഷവും ഐക്യവുമെല്ലാം പരമ്പര പറയുന്നുണ്ട്. വളരെ വിഷമം പിടിച്ച കാലഘട്ടത്തിലൂടെയാണ് സാന്ത്വനം വീട് ഇപ്പോള്‍ കടന്നുപോകുന്നത്. അമ്മയെ നഷ്ടപ്പെട്ട സങ്കടത്തോടൊപ്പം അമ്മയെപ്പോലെതന്നെ സാന്ത്വനം വീടിന്റെ നട്ടെല്ലായിരുന്ന കടയ്ക്കും ഇപ്പോള്‍ പ്രശ്‌നങ്ങളാണ്. കട പൊളിച്ച് പണിയേണ്ടി വരുമെന്ന് ഭീതിയിലാണ് ഇപ്പോള്‍ കുടുംബമുള്ളത്.

അതിനിടെ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത് സാന്ത്വനത്തിലെ അമ്മയോടൊപ്പമുള്ള മറ്റ് കഥാപാത്രങ്ങളുടെ ചിത്രങ്ങളും വീഡിയോകളുമാണ്. അടുത്തിടെയായിരുന്നു പരമ്പരയിലെ അമ്മ കഥാപാത്രത്തിന്റെ വിയോഗം. എന്താണ് പരമ്പരയില്‍നിന്നും പെട്ടന്നുള്ള അമ്മയുടെ പിന്മാറ്റം എന്ന് ഇതുവരേയ്ക്കും മനസ്സിലായിട്ടില്ല. പക്ഷെ പ്രേക്ഷകരുടെ കണ്ണ് നിറയ്ക്കുന്ന എപ്പിസോഡുകളായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെല്ലാം പരമ്പരയുടേത്. കഥാപാത്രങ്ങളെല്ലാം അമ്മ മരിച്ചതിന്റെ ഷോക്കില്‍നിന്നും പതിയെ പുറത്തേക്ക് വരുന്നതേയുള്ളൂ. അതോടൊപ്പംതന്നെ സെറ്റില്‍ നിന്നും തങ്ങളുടെ പ്രിയപ്പെട്ട ഗിരിജാമ്മയെ മിസ് ചെയ്യുന്നതിന്റെ കുറിപ്പുകളാണ് താരങ്ങള്‍ പങ്കുവയ്ക്കുന്നത്.

View post on Instagram

''ഗിരിജാമ്മ ഞങ്ങള്‍ക്ക് അമ്മ തന്നെ ആയിരുന്നു. എന്നും രാവിലെ കൊണ്ടുവരുന്ന നാരങ്ങാ മിട്ടായിയും സ്‌നേഹത്തില്‍ പൊതിഞ്ഞ ഉപദേശങ്ങളും കൊച്ചുകുട്ടികളുടെ കുസൃതിയും നിറഞ്ഞ ഞങ്ങളുടെ സ്വന്തം അമ്മ.'' എന്നാണ് പരമ്പരയില്‍ അമ്മയുടെ മരുമകളായെത്തുന്ന അപ്പു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന രക്ഷാരാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ്. കൂടാതെ കുറിപ്പിനൊപ്പം പരമ്പരയില്‍ ലക്ഷ്മിയമ്മയായെത്തുന്ന ഗിരിജാ പ്രേമനൊപ്പമുള്ള വീഡിയോകളും താരം പങ്കുവച്ചിട്ടുണ്ട്. അതുപോലെതന്നെ പരമ്പരയില്‍ ലക്ഷ്മിയമ്മയുടെ ഏറ്റവും ഇളയ മകന്‍ കണ്ണനായെത്തുന്ന അച്ചു പങ്കുവച്ചത്, 'ലക്ഷ്മിയമ്മ'യുമായി സെറ്റില്‍ തമാശ കളിക്കുന്ന വീഡിയോയാണ്. 'ഇങ്ങനെ ചെറുത് കൊടുത്ത് വലുത് വാങ്ങാനും വേണം ഒരു കഴിവ്' എന്നുപറഞ്ഞുകൊണ്ട് അച്ചു പങ്കുവച്ചത് അമ്മയുമായി ഇടിയുണ്ടാക്കുന്ന വീഡിയോയാണ്.

View post on Instagram

നിരവധിയാളുകളാണ് രക്ഷയുടേയും അച്ചുവിന്റേയും വീഡിയോയ്ക്കും കമന്റുകളുമായി എത്തിയത്. പ്രേക്ഷകര്‍ക്കും കഥാപാത്രങ്ങള്‍ക്കും സഹതാരങ്ങള്‍ക്കുമെല്ലാം പ്രിയപ്പെട്ട താരം എന്തിനാണ് പെട്ടന്ന് അപ്രത്യക്ഷമായതെന്നാണ് എല്ലാവരും ചോദിക്കുന്നത്.

ALSO READ : '13 വയസിലാണ് ആ സിനിമ അഭിനയിക്കാന്‍ ഏറ്റത്, ഇപ്പോള്‍ പത്താം ക്ലാസിലാണ്'; തമന്നയുടെ പഴയ വീഡിയോ വൈറല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക