നപ്രിയ പരമ്പരയായ വാനമ്പാടിക്കുശേഷം ചിപ്പി രഞ്ജിത്ത് മലയാള മിനിസ്‌ക്രീനിലേക്കെത്തിയ പരമ്പരയാണ് സാന്ത്വനം. ചുരുങ്ങിയ കാലംകൊണ്ടുതന്നെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ തരംഗമാകാന്‍ സാന്ത്വനത്തിന് കഴിഞ്ഞിട്ടുണ്ട്. ഒരു കൂട്ടുകൂടുംബത്തിലെ രസകരമായ മുഹൂര്‍ത്തങ്ങളെ ഒട്ടും കൃത്രിമത്വം ചേര്‍ക്കാതെ പ്രേക്ഷകരിലേക്കെത്തിക്കുന്നു എന്നതാണ് പരമ്പരയെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ പ്രേക്ഷകര്‍ ഹൃദയത്തിലേറ്റാന്‍ കാരണം. സാന്ത്വനം നൂറു ദിവസങ്ങള്‍ പിന്നിടുന്നതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് താരങ്ങളിപ്പോള്‍.

പ്രേക്ഷകര്‍ നല്‍കിയ സ്‌നേഹവും പ്രോത്സാഹനവുമാണ് പരമ്പര ഇതുവരെ മുന്നേറിയതെന്നും, ഇനിയും മുന്നോട്ടുപോകാന്‍ എല്ലാവരുടേയും സഹകരണം വേണമെന്നുമാണ് പരമ്പരയിലെ താരങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പറയുന്നത്. ചിപ്പി രഞ്ജിത്ത്, ഗോപിക അനില്‍,  ഗിരീഷ് നമ്പ്യാര്‍, രക്ഷാരാജ്, അപ്‌സര, ദിവ്യ, സജിന്‍, രാജീവ് പരമേശ്വര്‍ തുടങ്ങി മിക്ക താരങ്ങളും പ്രേക്ഷകര്‍ന്ന് നന്ദിയുമായി എത്തുന്നുണ്ട്.

കഴിഞ്ഞ ആഴ്ചയിലെ ടി.ആര്‍.പി റേറ്റിംഗില്‍ പാടാത്ത പൈങ്കിളിയേയും പിന്തള്ളിക്കൊണ്ട് സാന്ത്വനം റേറ്റിംഗില്‍ രണ്ടാം സ്ഥാനത്തേക്കെത്തിയിരുന്നു. അതിനുപുറകെയാണ് നൂറാം എപ്പിസോഡിന്റെ സന്തോഷവുമായി സാന്ത്വനം ടീം എത്തിയിരിക്കുന്നത്. മിനിസ്‌ക്രീനിലെ കാലങ്ങളായുള്ള മുഖങ്ങളായ ചിപ്പിയും രാജീവ് പരമേശ്വരനും പ്രധാന വേഷങ്ങളിലെത്തുന്നു എന്നതു തന്നെയാണ് പരമ്പരയുടെ ഏറ്റവും വലിയ പ്രത്യേകത. ശ്രീദേവിയുടേയും ഭര്‍ത്താവായ ബാലകൃഷ്ണന്റേയും, ബാലകൃഷ്ണന്റെ സഹോദരന്മാരുടേയും ജീവിതമാണ് പരമ്പര പരഞ്ഞുവയ്ക്കുന്നത്. അവര്‍ക്കിടയിലെ കൊച്ചുകൊച്ചു പിണക്കങ്ങളും, സ്‌നേഹങ്ങളുമെല്ലാം സ്‌ക്രീനിലെത്തിക്കുന്നതില്‍ ടീം വിജയിച്ചുകഴിഞ്ഞു.

പരമ്പരയിലെ ബാലകൃഷ്ണന്റെ നേരെ ഇളയ സഹോദരനായ ശിവന്റെ വിവാഹവും മറ്റും സോഷ്യല്‍മീഡിയ ഓന്നടങ്കം ഏറ്റെടുത്തു എന്നുവേണം പറയാന്‍. ഏട്ടന്റെ നിര്‍ബന്ധപ്രകാരം വിവാഹിതനായ ശിവനും, ഭാര്യയായെത്തിയ അഞ്ജലിയും തമ്മിലെ മുട്ടന്‍ അടികള്‍ ഇരു കയ്യും നീട്ടിയാണ് 'ഇന്‍സ്റ്റഗ്രാം റീലേഴ്‌സ്' (ടിക് ടോക് പോലുള്ള മറ്റൊരു പ്ലാറ്റ്‌ഫോം) ഏറ്റെടുത്തിരിക്കുന്നത്.