അമ്മയെ നഷ്ടമായ വാര്‍ത്ത കണ്ണന്‍ എങ്ങനെ സ്വീകരിക്കുമെന്ന ആശങ്കയില്‍ ഉറ്റവര്‍

മലയാളികളുടെ പ്രിയ പരമ്പരയാണ് സാന്ത്വനം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പരമ്പരയില്‍ ആകെ പ്രശ്‌നങ്ങളാണ്. പ്രധാന കഥാപാത്രമായ ബാലന്‍റെ ഉടമസ്ഥതയിലുള്ള വ്യാപാരസ്ഥാപനം കത്തിനശിച്ചതുമായി ബന്ധപ്പെട്ട് എല്ലാവരും വിഷമത്തിലായിരുന്നു. ഇപ്പോഴിതാ സാന്ത്വനം വീടിന് അതിന്‍റെ ഗൃഹനാഥയെ നഷ്ടമായിരിക്കുകയാണ്. ലക്ഷ്മിയമ്മയുടെ മരണം പെട്ടന്നായിരുന്നു. കട കത്തിയതിന്റെ സങ്കടത്തിലിരിക്കുന്ന മക്കളെയെല്ലാം സാന്ത്വനിപ്പിക്കുന്ന ലക്ഷ്മിയമ്മ കഴിഞ്ഞ ദിവസവും പരമ്പരയില്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു. എല്ലാം അംഗീകരിച്ച് നിങ്ങളെല്ലാം മുന്നോട്ട് പോകണമെന്നും പ്രതിസന്ധികളെല്ലാം ഒരുമിച്ച് തരണം ചെയ്യണമെന്നുമൊക്കെയായിരുന്നു ലക്ഷ്മിയമ്മ കുട്ടികളോട് പറഞ്ഞത്. ഉടനെതന്നെ കുടുംബത്തിലേക്ക് മറ്റൊരു ദുരന്തം വരുമെന്ന് ആരും കരുതിയിരുന്നില്ല.

ദേവിയുടെ സഹോദരന്‍ സേതു നാട്ടിലുള്ളപ്പോള്‍ അത്യാഹിതം നടന്നതുകൊണ്ട് ബാലന് താങ്ങായി നില്‍ക്കാന്‍ ഒരാളുണ്ടെന്ന് പറയാം. രക്തസമ്മര്‍ദ്ദം കൂടിയതാകാം മരണകാരണമെന്നാണ് ദേവി പറയുന്നത്. കരഞ്ഞു കരഞ്ഞ് വല്ലാത്തൊരു അവസ്ഥയിലാണ് ദേവി ഇപ്പോള്‍. മരണം അറിഞ്ഞതോടെ അപ്പുവും അഞ്ജുവുമെല്ലാം ആകെ തളര്‍ന്നിരിക്കുകയാണ്. മരണവീട്ടിലെ കാര്യങ്ങളെല്ലാം എപ്പിസോഡില്‍ വളരെ സൂക്ഷ്മതയോടെ കാണിക്കുന്നുണ്ട്. ബന്ധുക്കളെല്ലാം വീട്ടിലേക്ക് എത്തിയിട്ടുണ്ട്. അഞ്ജലിയുടെ അച്ഛനും അമ്മയുമാണ് ആദ്യം എത്തിയത്. അഞ്ജലിയുടെ ബിസിനസ് പങ്കാളിയായ സൂസനും വിവരമറിഞ്ഞ് എത്തിയിട്ടുണ്ട്. ചെന്നൈയില്‍ പഠിക്കാന്‍ പോയ കണ്ണനെ അറിയിച്ചില്ലേ എന്നും വന്നവരെല്ലാം ചോദിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് കണ്ണന്‍ ചെന്നൈയിലേക്ക് പഠനത്തിനായി പോയത്. അമ്മയെ നഷ്ടമായ വാര്‍ത്ത കണ്ണന്‍ എങ്ങനെ സ്വീകരിക്കുമെന്നാണ് എല്ലാവരും ചോദിക്കുന്നത്.

തമ്പി സാന്ത്വനം കുടുംബത്തോട് ചെയ്തതിന്റെ വിഷമത്തിലാണ് ലക്ഷ്മിയമ്മ മരിച്ചിരിക്കുന്നതെന്നാണ് ഉറ്റവരുടെ വിലയിരുത്തല്‍. മരിക്കുന്നതിന്റെ തലേദിവസം ലക്ഷ്മിയമ്മ അപ്പുവിനോട് പറഞ്ഞത്, ഞാന്‍ മരിച്ചാല്‍പ്പോലും നിന്റെ അച്ഛനെ വീട്ടില്‍ കയറ്റരുതെന്നാണ്. അതുകൊണ്ടുതന്നെ തമ്പിയോട് ഇനി ക്ഷമിക്കാന്‍ അപ്പുവിനാകില്ല എന്നുതന്നെ കരുതാം. എന്തിനാണ് ലക്ഷ്മിയമ്മയെ പെട്ടന്നുതന്നെ പരമ്പരയില്‍നിന്നും ഒഴിവാക്കിയതെന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്.

ALSO READ : ഓഡിയോ ലോഞ്ച് റദ്ദാക്കലിലെ യഥാര്‍ഥ കാരണം ഇത് തന്നെയോ? വിശദീകരണത്തില്‍ തൃപ്‍തരാവാതെ വിജയ് ആരാധകര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക