രണ്ടാളും ബിസിനസ് ആശയങ്ങള്‍ വിട്ടു എന്ന് കേട്ടപ്പോള്‍ ബാലനാണ് ആകെ തകര്‍ന്നത്

സാന്ത്വനം വീട്ടിലെ നൂലുകെട്ടിനിടെ ഉണ്ടായ പ്രശ്നങ്ങള്‍ക്കുശേഷം എല്ലാ ബിസിനസ് ചിന്തകളും ഉപേക്ഷിച്ച്, കടങ്ങളെല്ലാം വീട്ടി പഴയ നിലയിലേക്ക് മടങ്ങിവരാനാണ് ശിവനും അഞ്ജലിയും ശ്രമിക്കുന്നത്. അതുപോലെതന്നെ സാമ്പത്തികമായ അടിത്തറ രൂപപ്പെടുത്താന്‍ കഴിയാത്തതോടെ അപ്പുവും ഹരിയും അവരുടെ ബിസിനസ് മോഹങ്ങളും ഉപേക്ഷിച്ചിരിക്കുകയാണ്. ഉണ്ടായിരുന്ന ജോലി നഷ്ടപ്പെട്ട ഹരി വീണ്ടും കൃഷ്ണ സ്റ്റോറിലേക്കുതന്നെ മടങ്ങാനാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ അതിന് അപ്പുവിന്റെ അച്ഛന്‍ തമ്പി എന്തെങ്കിലും പറയുമല്ലോ എന്ന ചിന്തയാണ് ഹരിക്ക്. എന്നാല്‍ അതൊന്നും കാര്യമാക്കേണ്ട എന്നാണ് അപ്പു ഹരിയോട് പറയുന്നത്.

ഹരിയും അപ്പുവും ബിസിനസ് തുടങ്ങാനുള്ള ശ്രമങ്ങളെല്ലാം അവസാനിപ്പിക്കുന്നതിനെപ്പറ്റി സംസാരിക്കുമ്പോള്‍ എങ്ങനെ ഹരിയെ ബിസിനസ് തുടങ്ങാന്‍ സഹായിക്കാം എന്നാണ് ബാലനും ദേവിയും ചര്‍ച്ച ചെയ്യുന്നത്. അനിയന്മാര്‍ നല്ല നിലയില്‍ എത്തണമെന്നും രണ്ടാളും ഓഫീസിലേക്കായി രാവിലെ വീട്ടില്‍നിന്നും ഇറങ്ങിപ്പോകുന്നത് കാണാനാണ് തനിക്ക് ആഗ്രഹമെന്നുമാണ് ബാലന്‍ പറയുന്നത്. അതിന് രണ്ടാളേയും സഹായിക്കണമെന്നും അവരില്‍നിന്ന് തിരികെ ഒന്നും പ്രതീക്ഷിക്കാതെ അതെല്ലാം ചെയ്യേണ്ടത് തങ്ങളുടെ കടമയാണെന്നുമാണ് ദേവിയും ബാലനും പരസ്പരം പറയുന്നത്.

ടെന്‍ഷന്‍ എല്ലാം മറന്ന് പഴയ രീതിയില്‍ ആവാനാണ് ശിവനും അഞ്ജലിയും പരിശ്രമിക്കുന്നത്. ബിസിനസ് എന്നുപറഞ്ഞ് ഓടുന്നത് നിര്‍ത്തിക്കൊണ്ട്, കുടുംബത്തിനായി ജീവിക്കാനാണ് ശിവനും അഞ്ജലിയും തീരുമാനിച്ചിരിക്കുന്നത്. ഹരിയും അങ്ങനെതന്നെയാണ് ചിന്തിച്ചിരിക്കുന്നത്. രണ്ടാളും ബിസിനസ് ആശയങ്ങള്‍ വിട്ടു എന്ന് കേട്ടപ്പോള്‍ ബാലനാണ് ആകെ തകര്‍ന്നത്. മുടക്കിയ പണമെല്ലാം സൂസന്റെ കയ്യില്‍നിന്നും മടക്കിവാങ്ങാനുള്ള പദ്ധതിയാണ് ശിവനും അഞ്ജലിക്കുമുള്ളത്. എന്നാല്‍ അതിന് ബാലന്‍ സമ്മതിക്കുന്നില്ല. തന്റെ അനിയന്മാര്‍ തോറ്റോടരുത് എന്നാണ് ബാലന്‍ പറയുന്നത്. എന്നാല്‍ രണ്ടാളും ഒരേ സ്വരത്തില്‍ തങ്ങളുടെ കൃഷ്ണ സ്‌റ്റോഴ്‌സിലേക്ക് വരാനുള്ള ആഗ്രഹം പറഞ്ഞപ്പോള്‍ ലക്ഷ്മിയമ്മയും അത് ശരി വയ്ക്കുകയായിരുന്നു. ഇപ്പോഴേക്ക് അവര്‍ അങ്ങനെ തീരുമാനിച്ചെങ്കില്‍ അത് സാരമില്ലെന്നും എപ്പോഴെങ്കിലും അവര്‍ ആ ആശയം പറയുകയാണെങ്കില്‍ അപ്പോള്‍ അവരെ സഹായിക്കാം എന്നാണ് ലക്ഷ്മിയമ്മ പറയുന്നത്.

അപ്പോള്‍ അത് അംഗീകരിക്കേണ്ടി വന്നെങ്കിലും ബാലന്റെ മനസ്സില്‍ അനിയന്മാരുടെ ബിസിനസ് വിജയം തന്നെയാണുള്ളത്. അത് ബാലന്‍ ദേവിയോട് പറയുന്നുമുണ്ട്. കടയിലേക്ക് മടങ്ങിയെത്തിയ ശിവന്‍ തന്റെയാ പഴയ ലുങ്കിയും ബനിയനും ഇട്ടപ്പോള്‍ പ്രേക്ഷകരിലും ഒരു ആശ്വാസമുണ്ട്. ഇനി ആ പഴയ ശിവനെ കാണാം എന്നതാണ് എല്ലാവരുടെയും പ്രതീക്ഷ.

ALSO READ : താരമല്ല, ഉള്ളടക്കമാണ് പ്രധാനമെന്ന് തെലുങ്ക് പ്രേക്ഷകര്‍; തിയറ്ററുകളില്‍ ഒരു മാസം പിന്നിട്ട് 'ബേബി'; കളക്ഷന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക