Asianet News MalayalamAsianet News Malayalam

പ്രതികാരവുമായി 'തമ്പി' മുന്നോട്ട് തന്നെ; 'സാന്ത്വനം' റിവ്യൂ

കണ്ണന്‍ പോയതിന്റെ സങ്കടത്തിലാണ് സാന്ത്വനം വീട്

santhwanam malayalam serial review asianet nsn
Author
First Published Sep 20, 2023, 7:36 PM IST

മലയാളം പരമ്പരകളില്‍ പ്രേക്ഷകപ്രീതിയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് സാന്ത്വനം. അപ്രതീക്ഷിത കഥാവഴികളിലൂടെയാണ് പരമ്പരയുടെ നിലവിലെ സഞ്ചാരം. ശിവന്‍ എന്ന കഥാപാത്രത്തിന്‍റെ കയ്യില്‍നിന്നും അടി കിട്ടിയതിന്റെ പക തീര്‍ക്കാന്‍ നടക്കുകയാണ് മറ്റൊരു പ്രധാന കഥാപാത്രമായ തമ്പി. പൊതുസ്ഥലത്തുവച്ച് തന്നെ അപമാനിച്ചതിന് ശിവനും കുടുംബത്തിനും കണക്കിന് കൊടുക്കണമെന്നാണ് തമ്പിയും കൂട്ടരും തീരുമാനിക്കുന്നത്. തന്നെ തല്ലിയ ശിവനോട് പ്രതികാരം ചെയ്താല്‍ അത് കുറഞ്ഞുപോകുമെന്നും ആ വീടിനുതന്നെ മറക്കാനാകാത്ത നഷ്ടം വരുത്തണമെന്നുമാണ് തമ്പി തീരുമാനിക്കുന്നത്. അതിനായി വീടിന്റെ പ്രധാന വരുമാനമായ കൃഷ്ണ സ്റ്റോഴ്‌സ് എന്ന കട കത്തിച്ച് ചാമ്പലാക്കാനാണ് തമ്പിയും സുഹൃത്ത് മഹേന്ദ്രനും പദ്ധതി തയ്യാറാക്കുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ട് എന്ന രീതിയില്‍ സംഗതി നടത്താനാണ് ഇരുവരും പ്ലാന്‍ ചെയ്യുന്നത്.

കണ്ണന്‍ പോയതിന്റെ സങ്കടത്തിലാണ് സാന്ത്വനം വീട്. വീട്ടിലെ എല്ലാവര്‍ക്കും കണ്ണനെ കാണാത്തതിന്റെ സങ്കടം ആവോളമുണ്ട്. സാന്ത്വനത്തിലെ അമ്മയ്ക്ക് ഊണും ഉറക്കവും തന്നെയില്ല. ഇതുവരെ ഒന്ന് വീട്ടില്‍നിന്ന് മാറിപ്പോലും നില്‍ക്കാത്ത കണ്ണന്‍ ഇത്ര ദൂരത്തേക്ക് പോയതാണ് എല്ലാവരുടെയും പ്രശ്‌നം. പ്രായത്തിന്റെ വയ്യായ്കകള്‍ക്കൊപ്പം മകനെ പിരിഞ്ഞിരിക്കുന്ന സങ്കടവും കൂടിയായപ്പോള്‍ ലക്ഷ്മിയമ്മയ്ക്ക് പലതരം ആരോഗ്യപ്രശ്‌നങ്ങളും വരുന്നുണ്ട്. വീട്ടില്‍ ഉറങ്ങാന്‍ കിടന്നെങ്കിലും ശിവന്റെ മനസ് നിറയെ തമ്പിയോടുള്ള പകയാണ്. കൂടാതെ ലോണ്‍ അടയ്ക്കാനുള്ള സമയമായെന്നും കട തുറക്കാതെ കുറച്ചധികം ദിവസം മുന്നോട്ടുപോയാല്‍ സംഗതി ആകെ കുഴയുമല്ലോ എന്നെല്ലാമാണ് ഉറക്കം പോലുമില്ലാതെ ശിവന്‍ ചിന്തിക്കുന്നത്.

അതേസമയം ഹരിയും കണ്ണനും ചെന്നൈയില്‍ എത്തിയിട്ടുണ്ട്. ഹരിയെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുന്നത് ബാലേട്ടനാണ്. കടയിലേക്ക് പോകാനുള്ള തിരിക്കിനിടെയാണ് ബാലന്‍ ഹരിയെ വിളിക്കുന്നതും അന്വേഷിക്കുന്നതും മറ്റും. കണ്ണന്റെ അഡ്മിഷന്‍ കാര്യങ്ങളെല്ലാം ശരിയാക്കി ഇന്നുതന്നെ ഹരി തിരിച്ച് വണ്ടികയറും. കണ്ണന്റെ ഏറെ നാളത്തെ ആഗ്രഹമായ ഈ പഠനം മനോഹരമായി നടക്കണേയെന്നാണ് പ്രേക്ഷകരും സാന്ത്വനം വീട്ടുകാരും ഒരുപോലെ ആഗ്രഹിക്കുന്നത്.

തമ്പിയെ തല്ലിയ പ്രശ്‌നത്തില്‍ വീട്ടില്‍ അപ്പുവും അഞ്ജലിയും ചെറുതായി പിണക്കത്തിലാണ്. തല്ല് കിട്ടിയത് അപ്പുവിന്റെ അച്ഛനും തല്ലിയത് അഞ്ജലിയുടെ ഭര്‍ത്താവും ആയതാണ് പ്രശ്‌നം. അപ്പുവിന്റെ കുഞ്ഞിനെ അഞ്ജലി എടുത്തതിന് അപ്പു അഞ്ജലിയെ വഴക്ക് പറഞ്ഞത് കഴിഞ്ഞ എപ്പിസോഡിലായിരുന്നു. അതുകൊണ്ടുതന്നെ ഇപ്പോള്‍ അപ്പുവിന്റെ കുഞ്ഞ് കരയുന്നത് കണ്ടിട്ടും അഞ്ജലി കുഞ്ഞിനെ എടുക്കുന്നില്ല. എന്നാല്‍ കുഞ്ഞിനെ എടുക്കാതിരിക്കുന്ന അഞ്ജലിയെ ദേവി ചീത്ത പറയുന്നതും കാര്യം മനസ്സിലായ അപ്പു കുഞ്ഞിനെ എടുത്ത് അഞ്ജലിയുടെ കയ്യിലേക്ക് കൊടുക്കുന്നതുമാണ് പുതിയ എപ്പിസോഡിലുള്ളത്.

ALSO READ : 'ഞാനില്ലാതെ എന്‍റെ കുടുംബം വിഷമിക്കും'; വിജയ് ആന്‍റണിയുടെ മകളുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്ത് പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios