Asianet News MalayalamAsianet News Malayalam

കത്തിയമര്‍ന്ന് 'കൃഷ്‍ണ സ്‌റ്റോഴ്‌സ്', അമ്പരപ്പില്‍ പ്രേക്ഷകര്‍; 'സാന്ത്വനം' റിവ്യൂ

തമ്പിയുടെ പ്രതികാരത്തില്‍ കൃഷ്‍ണ സ്റ്റോഴ്സ് ചാരക്കൂമ്പാരം

santhwanam malayalam serial review new episode asianet nsn
Author
First Published Sep 21, 2023, 1:11 PM IST

പ്രതിസന്ധിയുടെ ഘട്ടങ്ങളിലൂടെയാണ് ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പരയായ സാന്ത്വനം മുന്നോട്ടുപോകുന്നത്. തമ്പിയുടെ പ്രതികാരപ്പകയില്‍  കത്തിയമര്‍ന്നത് സാന്ത്വനം വീടിന്റെ നെടുംതൂണാണ്. ശിവനുമായുള്ള പ്രശ്‌നത്തിന്റെ ബാക്കിപത്രമെന്നോണം തമ്പി പ്രതികാരം വീട്ടിയത് കൃഷ്ണ സ്റ്റോഴ്‌സ് അഗ്നിക്ക് ഇരയാക്കിക്കൊണ്ടാണ്. ശിവന്റെ ഹോട്ടല്‍ ലൈസന്‍സിന്റെ കാരണം കാണിച്ച് അടച്ചു പൂട്ടിച്ചത് തമ്പിയാണ്. കടയും പൂട്ടി ലോണ്‍ എങ്ങനെ തിരിച്ചടയ്ക്കുമെന്ന് ചിന്തിച്ചിരിക്കുന്ന ശിവനോട് തമ്പി പറഞ്ഞത് ചങ്കില്‍ കുത്തുന്ന വാക്കുകളായിരുന്നു. നിങ്ങളെയെല്ലാം പിച്ചച്ചട്ടി എടുപ്പിക്കുമെന്നും സാന്ത്വനം വീട്ടിലെ വല്ല്യേട്ടനെ തന്റെ വീട്ടിലെ തോട്ടിപ്പണി എടുപ്പിക്കും എന്നെല്ലാം വിളിച്ചുകൂവിയപ്പോഴാണ്, സകല നിയന്ത്രണവും വിട്ട് ശിവന്‍ തമ്പിയെ തല്ലിയത്. അത് എല്ലാവരും കണ്ടതും ശിവന്‍ തല്ലി ഷര്‍ട്ട് കീറിയതുമെല്ലാം തമ്പിക്ക് വല്ലാത്ത മാനഹാനിയാണ് നല്‍കിയത്. അതുകൊണ്ടുതന്നെയാണ് ശിവന് തക്കതായ തിരിച്ചടി കൊടുക്കാന്‍ തമ്പി തീരുമാനിച്ചതും.

എന്നാല്‍ ഇപ്പോള്‍ ആകെ പെട്ടുപോയത് ബാലേട്ടനാണ്. രാവിലെ കടതുറക്കാനായി എത്തിയപ്പോഴാണ് ബാലനും കടയിലെ ജീവനക്കാരനായ 'ശത്രു'വും കടയുടെ പൂട്ട് തകര്‍ത്തിരിക്കുന്നതായി കാണുന്നത്. അപ്പോള്‍ത്തന്നെ അവര്‍ക്ക് പന്തികേട് തോന്നി. പെട്ടന്നുതന്നെ കടയുടെ ഷട്ടര്‍ പൊന്തിച്ച ഇരുവരും പുകയില്‍ മുങ്ങുകയായിരുന്നു. അകത്തേക്ക് ശരിക്ക് നോക്കുന്ന ഇരുവരും കാണുന്നത് ഒന്നും ബാക്കിയില്ലാതെ കത്തിയമര്‍ന്ന് കിടക്കുന്ന കൃഷ്ണ സ്‌റ്റോഴ്‌സ് ആണ്. സങ്കടം താങ്ങാനാകാതെ ബാലന്‍ ശത്രുവിന്റെ തോളിലേക്ക് വീഴുന്നതും എപ്പിസോഡില്‍ കാണാം. കൂടാതെ ചുമരില്‍ വച്ചിരുന്ന അച്ഛന്റെ ചിത്രം തിരയുന്ന ബാലന്‍ കാണുന്നത്, പാതി കത്തിയ ഫ്രെയിമോടെ ചിത്രം നിലത്ത് കിടക്കുന്നതാണ്.

തന്റെ ഹോട്ടലിന്റെ ലൈസന്‍സ് ശരിയാകുന്നതുവരെ അഞ്ജലിയോടൊപ്പം വീട്ടിലിരിക്കാനാണ് ശിവന്‍ തീരുമാനിച്ചിരിക്കുന്നത്. അപ്പുവിന്റെ കുഞ്ഞിനെ കളിപ്പിച്ചുകൊണ്ട് അഞ്ജലിയും ശിവനും ഭാവിയെപ്പറ്റി സംസാരിച്ചിരിക്കുകയാണ് സാന്ത്വനം വീട്ടില്‍. ഹോട്ടല്‍ തുറക്കുന്നതുവരെ കൃഷ്ണ സ്‌റ്റോറില്‍ പൊയ്ക്കൂടേയെന്ന് അഞ്ജലി ചോദിക്കുമ്പേള്‍ ഇനിയങ്ങോട്ടില്ലായെന്ന് പറഞ്ഞിറങ്ങിയ താന്‍, സ്വന്തം കട പൂട്ടിയപ്പോഴേക്ക് അങ്ങോട്ടേക്ക് ഓടിച്ചെന്നാല്‍ അത് മോശമല്ലേ എന്നാണ് ശിവന്‍ ചോദിക്കുന്നത്. അങ്ങനെ വീട്ടിലെ എല്ലാവരോടും സംസാരിച്ചിരിക്കുമ്പോഴാണ് ശിവന്റെ ഫോണിലേക്ക് കോള്‍ വരുന്നത്. സംഗതി കേട്ടപാടെ ശിവന്റെ കയ്യില്‍നിന്നും ഫോണ്‍ താഴേക്ക് വീഴുകയാണ്. അത് കണ്ടാണ് കണ്ടുനിന്നവരും എന്താണ് വാര്‍ത്തയെന്നറിയുന്നത്. വാര്‍ത്തയറിഞ്ഞതും എല്ലാവരുംകൂടെ കടയിലേക്ക് ഓടിയെത്തുകയാണ്.

തമ്പിയുടെ ശിങ്കിടിയായ പൊലീസുകാരന്‍ കടയിലേക്ക് എത്തുന്നുണ്ട്. തെളിവ് നശിപ്പിക്കാനാണോ എല്ലാവരും കടയുടെ അകത്ത് ഇരിക്കുന്നതെന്നാണ് പൊലീസുകാരന്‍ എല്ലാവരോടുമായി ചോദിക്കുന്നത്. തമ്പി പ്ലാന്‍ ചെയ്തതുപോലെ ഇതൊരു ഷോര്‍ട് സര്‍ക്യൂട്ട് തീപിടുത്തമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പൊലീസ് ശ്രമിക്കുന്നുണ്ട്. എന്നാല്‍ അതിനെതിരെ പ്രതികരിക്കുന്ന ശിവനെയും ശിവന്റെ വായടപ്പിക്കുന്ന പൊലീസിനെയെല്ലാം പരമ്പരയുടെ പുതിയ പ്രൊമോ വീഡിയോയില്‍ കാണാം.

ALSO READ : 'ബജറ്റ് 5 ലക്ഷം, ഇത് പാന്‍ കോഴിക്കോട് ചിത്രം'; സന്തോഷ് പണ്ഡിറ്റിന്‍റെ 'ആതിരയുടെ മകള്‍ അഞ്ജലി' ഇന്ന് മുതല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios