അതെ സാന്ത്വനം സീരിയല്‍ ചെയ്തു കൊണ്ടിരിക്കുമ്പോള്‍ തന്നെ സംവിധായകനാകാനുള്ള തന്റെ ആഗ്രഹത്തെ കുറിച്ച് പലപ്പോഴും അച്ചു തുറന്ന് സംസാരിച്ചിട്ടുണ്ട്. 

തിരുവനന്തപുരം: സാന്ത്വനം എന്ന സീരിയലിലൂടെയാണ് അച്ചു സുഗന്ദ് മലയാളികള്‍ക്ക് പരിചിതനായത്. കുടുംബത്തിലെ ഏറ്റവും ഇളയവന്‍ എന്ന വാല്‍സല്യത്തോടെ ദേവി വളര്‍ത്തിയ കണ്ണന്‍! സമയവും സന്ദര്‍ഭവും നോക്കാതെ പലതും വിളിച്ചു പറയുമെങ്കിലും, കണ്ണന്‍ പറയുന്നതില്‍ കാര്യമുണ്ടായിരുന്നു. അവസാനം കുടുംബത്തില്‍ വലിയ പ്രശ്‌നം ഉണ്ടാവാനും കണ്ണന്‍ തന്നെ കാരണമായി. സാന്ത്വനം സീരിയല്‍ അവസാനിച്ചിട്ട് മാസങ്ങളായി. അച്ചു സുഗന്ദ് ഇനി നടനല്ല, സംവിധായകനാണ്!

അതെ സാന്ത്വനം സീരിയല്‍ ചെയ്തു കൊണ്ടിരിക്കുമ്പോള്‍ തന്നെ സംവിധായകനാകാനുള്ള തന്റെ ആഗ്രഹത്തെ കുറിച്ച് പലപ്പോഴും അച്ചു തുറന്ന് സംസാരിച്ചിട്ടുണ്ട്. സെറ്റിലുള്ള മറ്റ് ആര്‍ട്ടിസ്റ്റുകളെ വച്ച് പല കോപ്രായങ്ങളും കാണിക്കുന്ന വീഡിയോകള്‍ അച്ചു തന്നെ തന്റെ യൂട്യൂബ് ചാനലുകളിലൂടെ പുറത്ത് വിടുകയും ചെയ്തിരുന്നു. ഞാനൊരു സിനിമ സംവിധാനം ചെയ്യും, അതില്‍ അഞ്ജലിയായിരിക്കും (ഗോപിക) നായിക എന്ന് ഇടയ്ക്ക് പറയും. മറ്റു ചിലപ്പോള്‍ അപ്പുവിനെ (രക്ഷ ദെല്ലു) വച്ച് കഥ പ്ലാന്‍ ചെയ്യും. അതെല്ലാം കോപ്രായങ്ങളും കോമഡികളും ആയിരുന്നു.

അങ്ങനെ അവസാനം അച്ചു അത് നേടിയെടുത്തു. തന്റെ സംവിധാനത്തില്‍ ഇറങ്ങുന്ന പുതിയ പ്രൊജക്ടിന്റെ ഔദ്യോഗിക പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ നടനായിരുന്ന സംവിധായകന്‍. 'അവസാനം അത് ഔദ്യോഗികമാകുന്നു' എന്ന് പറഞ്ഞ് ഗോപിക അനിലിനും സജിനും ഒപ്പം ക്ലാപ് ബോര്‍ഡ് പിടിച്ചു നില്‍ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് അച്ചു ആ സന്തോഷ വാര്‍ത്ത അറിയിച്ചത്. കഥയിലെ നായികയും നായകനും സാന്ത്വനത്തിലെ ശിവാഞ്ജലിമാര്‍ തന്നെ. പക്ഷെ ഒറുക്കുന്നത് ആല്‍ബമാണോ ഹ്രസ്വ ചിത്രമാണോ, അതോ ഒരു ഫീച്ചര്‍ ഫിലിം തന്നെയാണോ എന്നതൊന്നും അച്ചു വ്യക്തമാക്കിയിട്ടില്ല. ഗോവിന്ദ് പദ്മസൂര്യയെയും ഷഫ്‌ന നിസാമിനെയും അടക്കം ഒരുകൂട്ടം ആളുകളെ പോസ്റ്റില്‍ മെന്‍ഷന്‍ ചെയ്തിട്ടുണ്ട്.

'ആശംസകള്‍ അനിയാ, അക്ഷമയോടെ കാത്തിരിക്കുന്നു' എന്നാണ് ഗോവിന്ദ് പദ്മസൂര്യയുടെ കമന്റ്. ഷഫ്‌നയും സജിനും ബിജു ധ്വനിതരംഗവും ഉള്‍പ്പടെ നിരവധി പേരാണ് അച്ചുവിന് ആശംസകളുമായി കമന്റ് ബോക്‌സില്‍ എത്തിയിരിക്കുന്നത്. കൂടുതല്‍ അപ്‌ഡേറ്റിനായി കാത്തിരിക്കുന്നവരും ഉണ്ട്.

'ആ സിനിമയുടെ കഥ അസംബന്ധം, പക്ഷെ': കരീനയുടെ ചിത്രത്തെക്കുറിച്ച് അമ്മായിയമ്മ ഷര്‍മ്മിള ടാഗോര്‍

'ഗ്രേറ്റ് ഇന്ത്യന്‍ സിനിമ' ബ്രാഹ്മാണ്ഡ ദൃശ്യാനുഭവം: കല്‍ക്കി 2898 എഡി റിവ്യൂ