'അപ്പു'വിനും ഹരിക്കും കുഞ്ഞുണ്ടായ ശേഷമുള്ള ആദ്യത്തെ ഓണമാണ് സാന്ത്വനം വീട്ടിലേത്

മലയാളികള്‍ക്ക് ഒഴിച്ചുകൂടാനാകാത്ത ആഘോഷമാണ് ഓണം. മിനിസ്ക്രീനിലും അത് അങ്ങനെതന്നെ. മിക്ക പരമ്പരകളിലും ഓണം ആഘോഷിക്കാറുണ്ട്. ഇത്തവണത്തെ ആഘോഷത്തില്‍ മുന്നിട്ടു നില്‍ക്കുന്നത് സാന്ത്വനമാണ്. ചില്ലറ പ്രശ്‌നങ്ങളെല്ലാം വീട്ടിലുണ്ടെങ്കിലും ഓണാഘോഷത്തിന് യാതൊരു കുറവും വരുത്തിയിട്ടില്ല കഥാപാത്രങ്ങള്‍. എല്ലാവരും ഒന്നിച്ച് ഓണം ആകെ കളറാക്കി മാറ്റിയിട്ടുണ്ട്. കൃഷ്ണ വിഗ്രഹം ഒരുക്കുന്ന, കൃഷ്ണനോട് കാര്യങ്ങള്‍ പറയുന്ന ബാലേട്ടനെയാണ് പുതിയ എപ്പിസോഡിന്റെ തുടക്കത്തില്‍ കാണുന്നത്. ആളുമാറി ഒരുക്കുന്നതില്‍ ഒന്നും തോന്നരുതെന്നും ഇതൊന്നും ഒരു കൈക്കൂലിയായി കാണരുതെന്നുമാണ് ബാലന്‍ വിഗ്രഹത്തോട് പറയുന്നത്. ഇതെല്ലാം കേള്‍ക്കുന്ന ദേവിക്ക്, എന്തിനുളള കൈക്കൂലിക്കേസാണ് ബാലന്‍ പറയുന്നതെന്ന സംശയം വരുന്നുണ്ട്.

അനിയന്മാര്‍ ബിസിനസിലേക്ക് മടങ്ങാനുള്ള കൈക്കൂലിയാണെന്ന് ദേവിയോടുപോലും പറയാന്‍ ബാലന് സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ദേവിയുടെ സംശയം സംശയമായിത്തന്നെ അവശേഷിക്കുകയാണ്. അനിയന്മാരുടെ മനസ്സെല്ലാം നന്നാകണേ, ആര്‍ക്കും ഒരു പ്രശ്‌നവുമില്ലാതെ എല്ലാം മനോഹരമായി മുന്നോട്ടുപോകണേ എന്നെല്ലാമാണ് ബാലന്‍ പ്രാര്‍ത്ഥിക്കുന്നത്. ബാലന്റെ അടവുകളെല്ലാം ഏറക്കുറെ ഫലിച്ച്, അനിയന്മാര്‍ ഏറക്കുറെ ബിസിനസിലേക്ക് ഇറങ്ങുമെന്ന ചെറിയ സൂചനകള്‍ പ്രേക്ഷകര്‍ക്ക് കിട്ടിയിട്ടുമുണ്ട്. അതിനിടയിലുള്ള ഓണാഘോഷം ബാലന് ശരിക്കും പ്രിയപ്പെട്ടത് തന്നെയാണ്.

അപ്പുവിനും ഹരിക്കും കുഞ്ഞുണ്ടായ ശേഷമുള്ള ആദ്യത്തെ ഓണമാണ് സാന്ത്വനം വീട്ടിലേത്. അതുകൊണ്ടുതന്നെയാണ് ഓണം ഇത്ര ഗംഭീരമായി ആഘോഷിക്കുന്നതും. ആഘോഷത്തിന്റെ കേന്ദ്രം എന്ന് പറയുന്നത് ദേവികക്കുട്ടി തന്നെയാണ്. ഓണ സദ്യയും തിരുവാതിരകളിയും വടംവലിയുമെല്ലാമായി ആര്‍പ്പോ ആഘോഷമാണ് സാന്ത്വനത്തില്‍. കണ്ണനും ഹരിയുമെല്ലാം ഡാന്‍സും പാട്ടുമെല്ലാമായി നിറഞ്ഞുനില്‍ക്കുകയാണ്. എല്ലാവരും ഓണത്തിന്റെ പരമ്പരാഗതമായ വസ്ത്രധാരണത്തിലാണുള്ളത്. സാരിയും മുണ്ടുമെല്ലാമായി എല്ലാവരും ആഘോഷിക്കുമ്പോള്‍, കുഞ്ഞു ദേവൂട്ടിയാകട്ടെ മനോഹരമായ പട്ടുപാവാടയിലാണുള്ളത്.

കഴിഞ്ഞ കുറച്ച് എപ്പിസോഡുകളായി പരമ്പരയുടെ പോക്ക് ആരാധകര്‍ക്ക് അത്ര രസിക്കുന്നില്ല എന്നാണ് പരമ്പരയുടേതായ പ്രൊമോ വീഡിയോകള്‍ക്കെല്ലാമുള്ള യൂട്യൂബ് കമന്റുകളില്‍നിന്നും മനസ്സിലാകുന്നത്. വളരെ മനോഹരമായി മുന്നോട്ടുപോയിരുന്ന പരമ്പരയിലെ തിരുകി കയറ്റിയതുപോലുള്ള ചില സംഗതികളാണ് പ്രേക്ഷകര്‍ക്ക് അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതെന്നാണ് കമന്റുകളില്‍നിന്നും മനസ്സിലാകുന്നത്. പരമ്പരയിലെ ചില കാര്യങ്ങളെയെല്ലാം പ്രേക്ഷകർ വളരെ രൂക്ഷമായിത്തന്നെ വിമര്‍ശിക്കുന്നത് കമന്റ് ബോക്‌സില്‍ കാണാം.

ALSO READ : 'ജവാന്‍' റിലീസിന് മുന്‍പ് ഒരൊറ്റ സ്പോയ്‍ലര്‍ പറയാമോ എന്ന് ആരാധകന്‍; അക്കാര്യം ശ്രദ്ധിക്കണമെന്ന് ഷാരൂഖ് ഖാന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക