ആകാംക്ഷയുണര്‍ത്തുന്ന കഥാവഴികളിലൂടെ സാന്ത്വനം

സാന്ത്വനം എന്ന കുടുബത്തിലൂന്നി കുടുംബ ബന്ധങ്ങളുടെ ആഴവും പരപ്പും കളങ്കങ്ങളുമെല്ലാം പറയുന്ന പരമ്പരയാണ് സാന്ത്വനം. പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായി മാറിയ സാന്ത്വനം മനോഹരമായ എപ്പിസോഡുകളിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. ഇത്രകാലം തങ്ങളെ ദേഷ്യം പിടിപ്പിച്ചിരുന്ന, താഴ്ത്തിക്കെട്ടിയിരുന്നവരുടെ മുന്നില്‍ കേന്ദ്ര കഥാപാത്രങ്ങള്‍ വിജയിക്കുന്നതാണ് കഴിഞ്ഞ എപ്പിസോഡുകളില്‍ കാണാനാകുന്നത്. അപ്പു തന്റെ അച്ഛന്റേയും അമ്മയുടേയും അടുത്തുനിന്ന് തെറ്റി, സാന്ത്വനത്തിലേക്ക് വന്നതും അതിന്റെ ഒരു ഭാഗമായിരുന്നു. ഇപ്പോഴിതാ തന്നെ തരംതാഴ്ത്താന്‍ ശ്രമിച്ച രാജേശ്വരിക്കെതിരെ ശബ്ദമുയര്‍ത്തിയിരിക്കുകയാണ് ഹരി.

വിദ്യാഭ്യാസം ഉണ്ടായിരുന്നിട്ടും തങ്ങളുടെ പലചരക്കുകട നോക്കി നടത്തിയിരുന്ന ഹരിയ്ക്ക്, ഭാര്യ അപ്പുവിന്റെ അച്ഛന്‍ തമ്പിയാണ് ജോലി വാങ്ങിക്കൊടുക്കുന്നത്. അതും തമ്പിയുടെ സഹോദരി രാജേശ്വരിയുടെ കമ്പനിയില്‍. ജോലിയും നല്ല ശമ്പളവുമെല്ലാം കൊടുത്ത് ഹരിയെ വരുതിയിലാക്കി, സാന്ത്വനത്തില്‍ നിന്നും പുറത്ത് ചാടിക്കാനായിരുന്നു രാജേശ്വരിയുടേയും തമ്പിയുടേയും പ്ലാന്‍. എന്നാല്‍ അതൊന്നും നടക്കുന്നില്ല. മകള്‍ രാജേശ്വരി അപ്പച്ചിയോടും തന്നോടും തെറ്റിപ്പിരിഞ്ഞ് പോയതിന്റെ ദേഷ്യം തമ്പിയും സഹോദരി രാജേശ്വരിയും കാണിച്ചത്, ഹരിയുടെ ജോലി കളഞ്ഞുകൊണ്ടായിരുന്നു. ജോലി തിരികെ വേണമെങ്കില്‍ തങ്ങളുടെ ഡിമാന്റ് അംഗീകരിക്കണമെന്നായിരുന്നു രാജേശ്വരിയും തമ്പിയും ഹരിയോട് പറഞ്ഞത്. അപ്പുവും ഹരിയും തിരികെ അമരാവതി വീട്ടില്‍ വരണമെന്നും അവരുടെ കൂടെ ഹരിയും ഇനിമുതല്‍ അമരാവതിയില്‍ തങ്ങണമെന്നുമാണ് ഇരുവരുടേയും കണ്ടീഷന്‍. പകരമായി ഹരിയുടെ ജോലി നഷ്ടമായ വിവരം ആരേയും അറിയിക്കില്ലെന്നും അവരുടെ സംസാരത്തില്‍ നിന്നും മനസ്സിലാക്കാം.

രാജേശ്വരിയും തമ്പിയും ഹരിയും ഒന്നിച്ചിരുന്നാണ് കാര്യങ്ങള്‍ സംസരിക്കുന്നത്. ഹരിയെ സഹായിക്കാന്‍ തനിക്ക് സന്തോഷമേയുള്ളൂ എന്ന് രാജേശ്വരി പറയുമ്പോള്‍, ഹരി അവരെ എതിര്‍ക്കാന്‍ തുടങ്ങുകയാണ്. ഇവിടെ വന്ന് നിങ്ങളുടെ കാല് പിടിക്കും എന്നാണോ കരുതിയിരിക്കുന്നത് എന്നാണ് ഹരി ചോദിക്കുന്നത്. തമ്പി വീട്ടില്‍വന്ന് നാടകം കളിച്ചതുകൊണ്ട് ഇങ്ങോട്ട് വന്നു എന്നേ ഉള്ളൂ. ഈ ജോലി തന്നെ ചെയ്തുകൊള്ളാമെന്ന് ഞാന്‍ ആര്‍ക്കും വാക്ക് കൊടുത്തിട്ടില്ല. ഞങ്ങളുടെ പലചരക്ക് കടയില്‍ പോയിരിക്കാനും എനിക്ക് മടിയില്ല- ഇങ്ങനെയൊക്കെയാണ് ഹരി രാജേശ്വരിയോട് പറയുന്നത്. ഇതെല്ലാംകേട്ട് രാജേശ്വരിയും തമ്പിയും ആകെ ചമ്മിയാണ് ഇരിക്കുന്നത്. എന്നാല്‍ സാന്ത്വനത്തിലെ സഹോദരങ്ങളെ താന്‍ തമ്മില്‍ തെറ്റിക്കുമെന്ന് വെല്ലുവിളിച്ചാണ് രാജേശ്വരി സംസാരം അവസാനിപ്പിക്കുന്നത്.

ഹരി അറിയാതെ ചില വലിയ പണമിടപാടുകള്‍ സാന്ത്വനത്തില്‍ നടക്കുന്നുണ്ട്. ബാലന്‍ ശിവനും അഞ്ജലിക്കും ആധാരം പണയപ്പെടുത്തി ഇരുപത്തഞ്ച് ലക്ഷം രൂപയാണ് ബിസിനസിനായി കൊടുക്കുന്നത്. ഇതാണെങ്കില്‍ മറ്റാരും അറിയുന്നുമില്ല. നഷ്ടമാകാനുള്ള സര്‍വ്വ സാധ്യതകളും കാണുന്നുമുണ്ട്. അതുകൊണ്ടുതന്നെ രാജേശ്വരി പറഞ്ഞതുപോലെ സാന്ത്വനത്തിലെ സഹോദരന്മാര്‍ തമ്മില്‍ തെറ്റുമോ എന്ന സംശയം പ്രേക്ഷകര്‍ക്കുമുണ്ട്.

ALSO READ : 'ടോം കപ്പ് കൊണ്ടുപോയെങ്കില്‍ ജെറിക്ക് ലഭിച്ചത് പ്രേക്ഷക മനസുകള്‍'; വിമാനത്താവളത്തില്‍ ശോഭയ്ക്ക് സ്വീകരണം

WATCH VIDEO : പ്രതീക്ഷകൾ തെറ്റിയില്ല; ആഞ്ഞടിച്ച 'മാരാർ തരംഗം': വീഡിയോ

പ്രതീക്ഷകൾ തെറ്റിയില്ല; അഞ്ചാം സീസണിൽ ആഞ്ഞടിച്ചത് 'മാരാർ തരംഗം' തന്നെ | Akhil Marar