പൊന്നുപോലെ വളര്‍ത്തിയ അനുജന്‍ തന്നെ ചതിച്ചതാണ് ബാലന്‍റെ ഏറ്റവും വലിയ സങ്കടം

ബാലന്‍ വന്ന് വീട് പണയപ്പെടുത്തട്ടേയെന്ന് ചോദിക്കുമ്പോഴാണ് മകളും മരുമകനും മറ്റാരോടും ആലോചിക്കാതെയാണ് തന്റെ വീട് പണയപ്പെടുത്തിയിരിക്കുന്നതെന്ന് ശങ്കരന്‍ അറിയുന്നത്. ഇത് ചതിയാണെന്നുപറഞ്ഞ് ശങ്കരന്‍ ശിവനെയും അഞ്ജലിയെയും കണക്കിന് ചീത്ത പറയുന്നുണ്ട്. ബാലനോട് ചെയ്ത ചതി ആരും മറക്കില്ല, പൊറുക്കില്ലായെന്നാണ് ശങ്കരന്‍ പറയുന്നത്. അതിനിടെ ബാങ്കിലെത്തി കാര്യങ്ങള്‍ അന്വേഷിച്ച ബാലനും സത്യങ്ങളെല്ലാം അറിയുകയാണ്. ശിവന്‍ തന്നെ ചതിച്ചെന്നാണ് ബാലന്‍ പറയുന്നത്. ബാലേട്ടനോട് എല്ലാം പറയാമെന്ന് പറഞ്ഞുകൊണ്ട് ശിവനും അഞ്ജലിയും കടയിലെത്തിയെങ്കിലും അവിടെ ബാലനില്ലായിരുന്നു. വിഷമങ്ങളെല്ലാം കടയിലെ തൊഴിലാളിയോട് പറഞ്ഞ് മദ്യപിക്കുകയാണ് ബാലന്‍. താന്‍ പൊന്നുപോലെ വളര്‍ത്തിയ അനിയന്‍ തന്നെ ചതിച്ചതാണ് ബാലന്‍റെ ഏറ്റവും വലിയ സങ്കടം.

കടയില്‍ ബാലന്‍ ഇല്ലാത്തതുകൊണ്ട് ശിവനും അഞ്ജലിയും നേരേ വീട്ടിലേക്ക് വന്നു. ബാലേട്ടന്‍ കടയില്‍ ഇല്ലല്ലോയെന്ന് ശിവന്‍ പറഞ്ഞപ്പോഴേക്ക് ദേവിയും ആകെ ടെന്‍ഷനായി. ശിവന്‍ ഹരിയോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ബാലന്‍ കയറിവരുന്നത്. കുടിച്ച ബോധമില്ലാതെ ആടിയാടിയാണ് ബാലന്‍ വരുന്നത്. എല്ലായ്പ്പോഴും ചിരിച്ച് സന്തോഷത്തോടെ സംസാരിക്കാറുള്ള ബാലന്റെ ഇത്തരത്തിലുള്ള വരവ് എല്ലാവരിലും ഭയമാണുണ്ടാക്കിയത്. ഉമ്മറത്തെ ഒച്ചകേട്ട് അപ്പുവും അങ്ങോട്ട് വരുന്നുണ്ട്. എന്നെ ചതിച്ചു എന്നാണ് ബാലന്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. ദേവി ഒറ്റയ്ക്ക് ശ്രമിച്ചിട്ടൊന്നും ബാലന്‍ അകത്തേക്ക് വരുന്നില്ല. ഹരി ഇറങ്ങിച്ചെന്നതും ബാലന്‍ ഉറക്കെ കരഞ്ഞുകൊണ്ട് പറയുന്നത്, ആ ദുഷ്ടന്‍ നമ്മളെ ചതിച്ചെന്നാണ്. ബാലന്‍ അങ്ങനെ പറയുക കൂടെ ചെയ്തതോടെ ശിവനും അഞ്ജലിയും ആകെ ബുദ്ധിമുട്ടിലായി. ഇരുവരെയും നോക്കിക്കൊണ്ട് എല്ലാം താന്‍ പറയാമെന്നാണ് ബാലന്‍ പറയുന്നത്.

പരമ്പരയുടേതായി വന്നിരിക്കുന്ന ഏറ്റവും പുതിയ പ്രൊമോയില്‍ കാണിക്കുന്നത് ശിവനെ ബാലന്‍ തല്ലുന്നതും ശിവന്‍ വീട്ടില്‍നിന്നും വലിയൊരു ബാഗുമെടുത്ത് പടിയിറങ്ങുന്നതുമാണ്. സഹോദരസ്‌നേഹത്തിന്‍റെ പേരില്‍ ഊറ്റം കൊണ്ട സാന്ത്വനത്തിന് ഇനി അത്തരമൊരു കാര്യം അവകാശപ്പെടാന്‍ സാധിക്കില്ല. ബിസിനസ് അത്യാഗ്രഹം വീടിനെയാകെ ഉലച്ചുകളഞ്ഞിരിക്കുകയാണ്. സംഗതിയെല്ലാമറിയുമ്പോള്‍, ഹരിയും അപ്പുവും എങ്ങനെയാകും പ്രതികരിക്കുക എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കൂടെ, ഒന്നും തമ്പി അറിയരുത് എന്നുപറഞ്ഞ് ഒളിപ്പിക്കാന്‍ തുടങ്ങിയ ശിവനും അഞ്ജലിയും എന്ത് ചെയ്യുമെന്നും പ്രേക്ഷകര്‍ ഉറ്റുനോക്കുകയാണ്.

ALSO READ : 'താരങ്ങളെ വിലക്കാന്‍ ഞങ്ങള്‍ക്ക് അധികാരമില്ല'; പറഞ്ഞത് ദിവസ വേതനക്കാരുടെ കാര്യമെന്ന് ഫെഫ്‍സി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക