ശിവനും അഞ്ജലിയും പ്രേക്ഷകരുടെ 'ശിവാഞ്ജലി'യായി മാറിയത് വേഗത്തിലാണ്

മലയാളി പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തിയ പരമ്പരയാണ് സാന്ത്വനം. സംപ്രേഷണം തുടങ്ങിയ നാള്‍ മുതല്‍ റേറ്റിംഗില്‍ മികച്ച സ്ഥാനവുമായാണ് പരമ്പര മുന്നോട്ട് പോകുന്നതും. സാന്ത്വനം കുടുംബത്തിലെ സന്തോഷ സങ്കടങ്ങളും, അവര്‍ക്ക് മറ്റുള്ളവരില്‍നിന്നും അകാരണമായി ഏല്‍ക്കേണ്ടിവരുന്ന പ്രശ്‌നങ്ങളിലൂടെയുമെല്ലാമാണ് പരമ്പര മുന്നോട്ട് പോകുന്നത്. സാന്ത്വനം വീട്ടിലെ മൂത്ത സഹോദരനായ ബാലനും ഭാര്യ ദേവിയും വീട്ടിലെ കാരണവ സ്ഥാനത്തുള്ളവരാണ്. തങ്ങള്‍ക്ക് കുട്ടികള്‍ വേണ്ടെന്നുവച്ച് അവരാണ് ബാക്കിയുള്ള അനിയന്മാരെയെല്ലാം വളര്‍ത്തുന്നത്. അനിയന്മാരുടെ വിവാഹത്തോടെ പരമ്പര പിന്നേയും രസകരമാകുകയായിരുന്നു. അനിയനായ ശിവന്‍ വിവാഹം കഴിച്ച അഞ്ജലി, ഹരി വിവാഹം കഴിഞ്ഞ അപര്‍ണ്ണ എന്നിവരും ബാലന്റെ ചെറിയ അനിയനായ കണ്ണനുമെല്ലാമാണ് പരമ്പരയിലെ പ്രധാന കഥാപാത്രങ്ങള്‍.

വിവാഹം കഴിഞ്ഞ് ആദ്യ ദിനങ്ങളിലാണ് ശിവനും അഞ്ജലിയും പ്രേക്ഷകരുടെ ശിവാഞ്ജലിയായി മാറിയത്. ചെറിയ പിണക്കങ്ങളും കുസൃതികളുമായി ഇരുവരും പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് കയറുകയായിരുന്നു. വിവാഹം കഴിഞ്ഞ ദിവസങ്ങളിലെല്ലാം അടിയായിരുന്ന ശിവാഞ്ജലി പ്രണയിക്കാന്‍ തുടങ്ങിയത് അടുത്തിടെയായിരുന്നു. അതിന്റെ ഭാഗമായിട്ടായിരുന്നു ഇരുവരുടേയും യാത്രയും. സുഹൃത്തുക്കളോടൊന്നിച്ചുള്ള യാത്രയ്ക്കിടെ ഇരുവരുടേയും ജീവിതത്തിലേക്ക് വലിയ പ്രശ്‌നമാണ് കടന്നുവന്നത്. ശിവന് ഷര്‍ട്ട് വാങ്ങാനായി റിസോര്‍ട്ടിലെ സ്‌കൂട്ടറുമെടുത്ത് പുറത്തേക്കുപോയ അഞ്ജലി അപകടത്തില്‍ പെടുകയായിരുന്നു. അശ്രദ്ധമായി വാഹനമോടിച്ച അഞ്ജലിയുടെ സ്‌ക്കൂട്ടറില്‍ ഒരു ജീപ്പ് ഇടിക്കുകയായിരുന്നു. 

ALSO READ : പുഷ്‍പ 2ല്‍ 'വിക്രം' കോമ്പോ! അല്ലു അര്‍ജുന്‍ ചിത്രത്തില്‍ ഫഹദിനൊപ്പം വിജയ് സേതുപതി

വളരെ ശ്രമകരമായ അന്വേഷണത്തിനൊടുവിലാണ് ഇപ്പോള്‍ അഞ്ജലിയെ കണ്ടെത്തിയിരിക്കുന്നത്. അപ്രതീക്ഷിതമായാണ് ആശുപത്രിയില്‍നിന്നും അഞ്ജലിയെ ശിവന്‍ കണ്ടെത്തുന്നത്. എന്നാല്‍ അഞ്ജലിയെ ചെറിയ പരിക്കുകളോടെ കണ്ടെത്താനായതിന്റെ സന്തോഷത്തിലാണ് ശിവന്‍. അഞ്ജലിക്ക് കഞ്ഞി കോരിക്കൊടുത്തും ശുശ്രൂഷിച്ചും ശിവന്‍ കൂടെ തന്നെയുണ്ട്. ശുശ്രൂഷ്ക്കായി ശിവന്‍ അറികെയുള്ളതിനാല്‍ ആശുപത്രിയില്‍ കുറച്ചുദിവസം കൂടി കഴിയേണ്ടിവന്നാലും താന്‍ സന്തോഷവതിയാണെന്നാണ് അഞ്ജലി ശിവനോട് പറയുന്നത്.