വീണ്ടും 'സാന്ത്വനം' കുടുംബത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കാനുള്ള ശ്രമത്തില്‍ 'തമ്പി'
ജനപ്രീതിയില്‍ മുന്നില്‍ നില്‍ക്കുന്ന മലയാളം ടെലിവിഷന്‍ പരമ്പരകളില്‍ ആദ്യ സ്ഥാനങ്ങളില്‍ എപ്പോഴും ഇടം പിടിക്കാറുള്ള ഒന്നാണ് സാന്ത്വനം. 'കൃഷ്ണ സ്റ്റോഴ്സ്' എന്ന പലചരക്ക് കട നടത്തുന്ന 'സാന്ത്വനം' കുടുംബമാണ് പരമ്പരയിലെ പ്രധാന കഥാപാത്രങ്ങള്‍. വീട്ടിലെ ചെറിയ ഇണക്കങ്ങളും പിണക്കങ്ങളും സ്‌ക്രീനിലേക്ക് മനോഹരമായി എത്തിക്കാന്‍ പരമ്പരയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പരമ്പരയിലെ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങളൊക്കെയും മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരരാണ്. ചടുലമായ കഥാമുഹൂര്‍ത്തങ്ങളാണ് പരമ്പരയെ കൂടുതല്‍ പ്രേക്ഷകപ്രിയമുള്ളതാക്കി മാറ്റിയത്.
സാന്ത്വനം വീട്ടിലെ ഹരി, അപര്‍ണ്ണയെ പ്രണയിച്ച് വിവാഹം കഴിച്ചതാണ്. അപര്‍ണ്ണയുടെ അച്ഛനായ തമ്പി അന്നുമുതലേ സാന്ത്വനം വീടുമായി സ്വരച്ചേര്‍ച്ചയില്‍ അല്ല. ശേഷം പല പ്രശ്‌നങ്ങളും തമ്പി ആ വീട്ടില്‍ ഉണ്ടാക്കിയിട്ടുണ്ട്. അത് കുടുംബം തരണം ചെയ്തിട്ടുമുണ്ട്. വീണ്ടും സാന്ത്വനം കുടുംബത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കാനുള്ള ശ്രമത്തിലാണ് തമ്പി. പണം കയ്യില്‍ ഇല്ലാത്തവനെ മുതലെടുക്കുന്ന തന്ത്രമാണ് തമ്പി വീണ്ടും പയറ്റാന്‍ ഉദ്ദേശിക്കുന്നത്. ഇതിന് മുന്‍പേ ഇത്തരത്തിലുള്ള ശ്രമങ്ങള്‍ തമ്പി നടത്തിയിരുന്നുവെങ്കിലും അവയൊന്നും വിജയം കണ്ടിരുന്നില്ല. എന്നു മാത്രമല്ല, അത് അയാള്‍ക്കുതന്നെ വിനയായി മാറുകയും ചെയ്‍തിരുന്നു. സാന്ത്വനം വീടിനെതിരെ തമ്പി വീണ്ടും നടത്തുന്ന ഗൂഢാലോചനകള്‍ ഫലവത്താകുമോ എന്ന ആകാംക്ഷയാണ് നിലവില്‍ പരമ്പരയെ മുന്നോട്ടു നയിക്കുന്നത്.
കൃഷ്ണ സ്റ്റോഴ്സ് എന്ന കടയില്‍ നിന്നുള്ള വരുമാനമാണ് സാന്ത്വനം കുടുംബത്തെ താങ്ങിനിര്‍ത്തുന്നത്. വീട്ടിലെ ഇളയവനായ കണ്ണന്‍ ഒഴികെ ബാക്കി എല്ലാവരും കടയില്‍ തന്നെയാണ് ജോലി നോക്കുന്നതും. എന്നാല്‍ ഇപ്പോള്‍ സാന്ത്വനം വീട്ടുകാരുടെ ആഗ്രഹം സ്വന്തമായൊരു ചെറിയ ഷോപ്പിംഗ് കോംപ്ലക്‌സാണ്. അതിനായുള്ള ഒരുക്കങ്ങള്‍ നടത്തുകയാണ് അവര്‍. ഹരിയുടെ ഭാര്യയായ അപര്‍ണ്ണയ്ക്ക്, ഹരിയെ മുതലാളിയാക്കി കസേരയിലിരുത്തണം എന്നാണ് ആഗ്രഹം. അത് അപര്‍ണ്ണ തന്റെ അമ്മയോട് പറയുന്നുമുണ്ട്. ഇതറിയുന്ന തമ്പി തന്റെ മരുമകനെ മുതലാളിയാക്കാനുള്ള പരിശ്രമത്തിലാണ്. സാന്ത്വനം വീട്ടുകാരെ നന്നായി അറിയാവുന്നത് കൊണ്ടുതന്നെ, അവര്‍ക്ക് പണത്തിന്റെ ആവശ്യം പെട്ടന്ന് വരുമെന്നും, അപ്പോള്‍ ഇടപെട്ട് കാര്യങ്ങളെല്ലാം തന്‍റെ വഴിക്ക് നീക്കാമെന്നുമാണ് തമ്പി കരുതുന്നത്. എന്നാല്‍ തമ്പിയെ തങ്ങളുടെ സംരംഭവുമായി അടുപ്പിക്കാതെയിരിക്കാനാണ് ഹരിയും മറ്റുള്ളവരും ശ്രമിക്കുന്നത്. ബിസിനസിന് ഏതെങ്കിലും ഘട്ടത്തില്‍ പണം ആവശ്യമാണെങ്കില്‍ പണം ഡാഡിയുടെ കയ്യില്‍ നിന്നും വാങ്ങാം എന്നും, അതിന് ഈട് എന്ന നിലയ്ക്ക് സ്ഥാപനം തങ്ങളുടെ രണ്ട് പേരുടേയും പേരില്‍ ആക്കാം എന്നും അപര്‍ണ്ണ ഹരിയോട് പറയുന്നുണ്ട്. എന്നാല്‍ അപ്പോള്‍ ഹരി മുഖത്തടിച്ചതുപോലെ ചോദിക്കുന്നത്, ഈ ബുദ്ധി തമ്പി പറഞ്ഞുതന്നത് ആണോ എന്നാണ്. അതുകേട്ട് അപര്‍ണ്ണ വിളറുന്നുമുണ്ട്.
ALSO READ : കലാകാരന്മാര്‍ക്ക് അവസരവുമായി 'ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലി'; കമ്യൂണിറ്റിക്ക് തുടക്കം
ഭദ്രന്റെ മക്കളുമായി ഉണ്ടായ കേസില്‍ ഹരി ജയിലില്‍ ആയപ്പോള്‍, ജാമ്യം വാങ്ങി ഇറക്കാന്‍ തമ്പി ഇടപെട്ടില്ല എന്ന കാരണത്താല്‍ തമ്പി സാന്ത്വനം കുടുംബവുമായി അകല്‍ച്ചയിലാണ്. ആ പ്രശ്‌നം ഈയൊരു സഹായത്തോടെ പരിഹരിക്കാം എന്ന ധാരണയിലാണ് തമ്പിയും ഉള്ളത്. എന്നാല്‍ എന്താണ് സംഭവിക്കുക എന്നതാണ് ഇപ്പോഴത്തെ ചോദ്യം. എന്തും, എങ്ങോട്ടും സംഭവിക്കാം എന്നുള്ളതിനാല്‍ സംഭവബഹുലമായ വരും എപ്പിസോഡുകള്‍ക്കായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.
