കലുഷിതമായ കഥാഗതികള്‍ക്കു ശേഷം ചില സവിശേഷ കഥാസന്ദര്‍ഭങ്ങളിലേക്ക് നീങ്ങുകയാണ് സാന്ത്വനം സീരിയല്‍

മലയാളം മിനിസ്ക്രീന്‍ പരമ്പരകളില്‍ പ്രേക്ഷകപ്രീതിയില്‍ ഏറെ മുന്നിലുള്ള ഒന്നാണ് സാന്ത്വനം (Santhwanam). കഥാ​ഗതിയില്‍ പ്രണയവും സൗഹൃദവും സഹോദര സ്‌നേഹവും അതിനൊപ്പം ഗൃഹാതുരതയുമൊക്കെ ചേര്‍ന്നപ്പോള്‍ പരമ്പര റേറ്റിംഗിലും മുന്നിലെത്തി. പല ഭാഷകളില്‍ സംപ്രേഷണം തുടരുന്ന പരമ്പര ആ ഭാഷകളിലെല്ലാം തന്നെ മികച്ച പ്രേക്ഷക പിന്തുണയോടെയാണ് മുന്നോട്ടു പോകുന്നത്. കലുഷിതമായ നിരവധി എപ്പിസോഡുകള്‍ക്കുശേഷം പരമ്പര ആരാധകര്‍ പ്രതീക്ഷിച്ച ട്രാക്കിലേക്ക് വന്നിരിക്കുകയാണ് ഇപ്പോള്‍. ശിവാഞ്ജലി എന്നു പ്രേക്ഷകര്‍ വിളിക്കുന്ന ശിവനും അഞ്ജലിയുമാണ് പരമ്പരയിലെ പ്രധാന പ്രണയ ജോഡികളെങ്കിലും, ഹരി- അപര്‍ണ പ്രണയവും കണ്ണന്‍- അച്ചു പ്രണയവുമെല്ലാം പരമ്പരയിലുണ്ട്. 

സാന്ത്വനം വീട്ടിലെ ഇളയവനായ കണ്ണന്റെ പ്രണയം വിടരുന്നതിനു മുന്‍പേ കൊഴിയുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മുന്‍പൊരിക്കല്‍ ദേവിയും ബാലനും സാന്ത്വനം വീട്ടില്‍നിന്നും തറവാട്ടിലേക്ക് പോയിരുന്നു. അവര്‍ക്കൊപ്പം ക്ഷേത്രത്തിലേക്ക് പോയ കണ്ണന്‍ യാദൃശ്ചികമായി കണ്ട ഒരു പെണ്‍കുട്ടിയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. എന്നാല്‍ ആ പെണ്‍കുട്ടി താന്‍ ഇതുവരേയും കാണാത്ത തന്റെ മുറപ്പെണ്ണായിരുന്നു എന്ന് കണ്ണന്‍ അറിയുന്നത് വൈകിയാണ്. സംഗതി മുറപ്പെണ്ണ് ആണെങ്കിലും സാന്ത്വനം കുടുംബത്തോട് ശത്രുത വച്ചുപുലര്‍ത്തുന്ന കുടുംബത്തിലാണ് 'അച്ചു' ഉള്ളത്. സാന്ത്വനം കുടുംബത്തോട് വളരെ ശത്രുത പുലര്‍ത്തുന്ന ഭദ്രന്റെ സഹോദരിയുടെ മകളാണ് അച്ചു.

ALSO READ : 'ആ കാര്‍ ഞാൻ വാങ്ങിയതല്ല', സത്യാവസ്ഥ വെളിപ്പെടുത്തി ഷാജി കൈലാസ്

ആരുമറിയാതെ പ്രണയിക്കാന്‍ ശ്രമിക്കുന്ന കണ്ണനു മുന്നില് ഇത് പ്രതിസന്ധിയാണ് തീര്‍ത്തിരിക്കുന്നത്. ആരോരുമറിയാതെ അച്ചുവിനെ വിളിക്കാന്‍ കണ്ണന്‍ ശ്രമിക്കുമ്പോള്‍, കോള്‍ എടുക്കുന്നത് ഭദ്രന്റെ മകനായ അഭിഷേക് ആണ്. എന്താടാ എന്ന ചോദ്യം മറു തലയ്ക്കല്‍ നിന്നും കേട്ടതോടെ കണ്ണന്‍ പരുങ്ങുന്നുണ്ട്. അപ്പുറത്തുനിന്നും അഭിഷേക് പരുഷമായി സംസാരിക്കുന്നുണ്ടെങ്കിലും കണ്ണന് മറുത്ത് ഒന്നും പറയാന്‍ സാധിക്കുന്നില്ല. അഭിഷേക് സംഗതി ആരോടെങ്കിലും പറയുമോ എന്നതാണ് ഇനി കാത്തിരുന്ന് അറിയേണ്ടത്. ഒരുവിധത്തില്‍ പ്രശ്‌നത്തില്‍ നിന്നെല്ലാം ഒഴിയുമ്പോഴേക്ക് അടുത്ത പ്രശ്‌നം സംഭവിക്കുകയാണോ എന്നാണ് ആരാധകരുടെ സംശയം.