സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ഒരുപാട് തമാശകള്‍ ഉണ്ടാക്കുന്ന മോഹന്‍ലാലിനെപ്പറ്റി പലരും മുന്‍പ് പറഞ്ഞിട്ടുണ്ട്. പലപ്പോഴും ഫോണില്‍ ശബ്ദം മാറ്റി വിളിച്ച് തന്നെ പറ്റിച്ചിട്ടുള്ള മോഹന്‍ലാല്‍ എന്ന സുഹൃത്തിനെ ഓര്‍ത്തെടുക്കുകയാണ് സത്യന്‍ അന്തിക്കാട്. മാതൃഭൂമി സ്റ്റാര്‍ ആന്റ് സ്‌റ്റൈലില്‍ എഴുതിയ കുറിപ്പില്‍ അത്തരം പല അനുഭവങ്ങള്‍ സത്യന്‍ അന്തിക്കാട് ഓര്‍ത്തെടുക്കുന്നുണ്ട്. അതിലൊന്ന് 'പട്ടണപ്രവേശ'ത്തിന്റെ എഡിറ്റിംഗ് സമയത്ത് തമിഴിലെ പ്രശസ്ത സംവിധായകന്‍ കെ.ബാലചന്ദറിന്റെ ശബ്ദത്തില്‍ സത്യന്‍ അന്തിക്കാടിനെയും ശ്രീനിവാസനെയും മോഹന്‍ലാല്‍ വിളിച്ച് പറ്റിച്ചതിനെക്കുറിച്ചാണ്. ആ അനുഭവം ഇങ്ങനെ, സത്യന്‍ അന്തിക്കാട് എഴുതുന്നു..

സീന്‍ നമ്പര്‍ 2

ഇതില്‍ കഥാപാത്രമായി എന്നോടൊപ്പം ശ്രീനിവാസനുമുണ്ട്. 'പട്ടണപ്രവേശ'ത്തിന്റെ എഡിറ്റിങ് മദ്രാസില്‍ നടക്കുന്ന സമയം. ന്യൂ വുഡ്‌ലാന്‍ഡ്‌സ് ഹോട്ടലില്‍ ഞാനും ശ്രീനിയും ഒരു മുറിയിലാണ് താമസം. ഹോട്ടലിലെ ഫോണ്‍ റിംഗ് ചെയ്തു. എടുത്തപ്പോള്‍ രവി എന്ന മലയാളിയായ ടെലിഫോണ്‍ ഓപ്പറേറ്റര്‍ പറഞ്ഞു-

''കവിതാലയയില്‍നിന്ന് കെ. ബാലചന്ദര്‍ വിളിക്കുന്നു.''

ബാലചന്ദര്‍സാര്‍ അന്ന് തമിഴ്‌സിനിമയിലെ പുലിയാണ്. രജനീകാന്തും കമലഹാസനുമടക്കമുള്ള താരങ്ങള്‍ ആ വ്യക്തിത്വത്തിനു മുന്നില്‍ തൊഴുകൈയോടെ മാത്രമേ നില്‍ക്കാറുള്ളൂ. നൂതനമായ ആശയങ്ങള്‍ അതിമനോഹരമായി ആവിഷ്‌കരിക്കുന്ന ചലച്ചിത്രകാരന്‍. ഞങ്ങള്‍ ആരാധനയോടെ നോക്കിക്കാണുന്ന സംവിധായകന്‍.

ഒരു ഉള്‍ക്കിടിലത്തോടെ ഞാന്‍ അദ്ദേഹത്തിന്റെ ശബ്ദത്തിനായി കാതോര്‍ത്തു.

''നീങ്ക താനെ സത്യന്‍ അന്തിക്കാട്?''
''ആമാ സര്‍''
''പുതുശാ ഏതോ മലയാളപടം എടുത്തിട്ടിര്ക്ക് എന്റ് കേള്‍വിപ്പെട്ടേന്‍. അന്ത പടത്തിനുടെ പേരെന്നാ?''
''പട്ടണപ്രവേശം'' ഞാന്‍ പറഞ്ഞു.

ആ പേരില്‍ മുമ്പ് താനൊരു സിനിമയെടുത്തിട്ടുണ്ടെന്ന കാര്യം താങ്കള്‍ ഓര്‍ക്കുന്നുണ്ടോ എന്ന് ശുദ്ധമായ തമിഴില്‍ അദ്ദേഹം ചോദിച്ചു. എനിക്കറിയാവുന്ന തമിഴില്‍ ഞാന്‍ മറുപടി പറഞ്ഞു.

''അത് തമിഴല്ലേ സാര്‍, ഇത് മലയാളമാണല്ലോ,'' എന്നൊക്കെ.

ബാലചന്ദറിന്റെ ശബ്ദം കനത്തു. തന്റെ സിനിമയുടെ പേര് അനുവാദമില്ലാതെ അടിച്ചെടുത്ത മര്യാദകെട്ടവരാണ് ഞങ്ങളെന്ന അര്‍ഥത്തില്‍ അദ്ദേഹം ശകാരിച്ചുതുടങ്ങിയപ്പോള്‍ ഞാന്‍ പറഞ്ഞു-

''സാര്‍, എനക്ക് തമിഴ് നല്ല, തെരിയാത്. തെരിഞ്ച ആള്‍ ഇങ്കെ ഇരുക്ക്. റൈറ്റര്‍ ശ്രീനിവാസന്‍. അവര് താന്‍ പടത്ത്ക്ക് പേര് പോട്ടത്.''

ഫോണ്‍ ഞാന്‍ സൂത്രത്തില്‍ ശ്രീനിവാസന് കൈമാറി. തമിഴ് ഒരുവിധം നന്നായി കൈകാര്യം ചെയ്യാറുള്ള ശ്രീനിവാസന്‍ ബാലചന്ദറിന്റെ മുമ്പില്‍ പതറുന്നത് ഞാന്‍ കണ്ടു. അദ്ദേഹം ശ്രീനിവാസനോട് കഥ പറയാന്‍ ആവശ്യപ്പെട്ടു.

''അത് വന്ത്... രണ്ട് സി.ഐ.ഡി.കള്‍...'' ശ്രീനിവാസന് അറിയാവുന്ന തമിഴും മറന്നുപോയോ എന്നെനിക്ക് സംശയം തോന്നി. കഥ മുഴുവന്‍പറഞ്ഞുകഴിഞ്ഞപ്പോഴേക്കും ശ്രീനിവാസന്‍ വിയര്‍ത്തു. പക്ഷേ, ആ വിയര്‍പ്പിനിടയിലും ശ്രീനിവാസനിലെ പോരാളി തലയുയര്‍ത്തുന്നതു ഞാന്‍ കണ്ടു. പഴയ ഒരു തമിഴ് സിനിമയുടെ പേര് മലയാളത്തിന് ഉപയോഗിച്ചതുകൊണ്ട് നിയമപരമായി ഒരു തെറ്റുമില്ലെന്ന് ശ്രീനിവാസന്‍ വാദിച്ചു. തിരിച്ചും അങ്ങനെ സംഭവിച്ചിട്ടുണ്ട്. ശ്രീനി അതിന്റെ ഉദാഹരണങ്ങളും നിരത്തി. രണ്ടും രണ്ട് കഥയാണ്. ഒരു കോടതിയും അതിനെ എതിര്‍ക്കില്ല. ഫോണ്‍ ഡയറക്ടര്‍ക്ക് കൊടുക്കാന്‍ ബാലചന്ദര്‍ പറഞ്ഞു. വേണ്ടിവന്നാല്‍ ഒരു യുദ്ധത്തിന് തയ്യാറാകാന്‍ ഞാനും ഒരുങ്ങിക്കഴിഞ്ഞിരുന്നു.

ഫോണ്‍ വാങ്ങിയ ഉടനെ ഞാന്‍ പറഞ്ഞു -

''ഞങ്ങളെന്തായാലും പേര് മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല സാര്‍. ആദ്യഭാഗത്തിന് 'നാടോടിക്കാറ്റ്' എന്ന് പേരിട്ടതുകൊണ്ടാണ് ഇതിന് 'പട്ടണപ്രവേശം' എന്ന് ഇട്ടത്. പോസ്റ്ററൊക്കെ അടിച്ചുകഴിഞ്ഞു.''

''അപ്പടിയാ'' എന്ന് ചോദിച്ച് ബാലചന്ദര്‍ ഒരു നിമിഷം നിശ്ശബ്ദനായി.

പിന്നെ കേള്‍ക്കുന്നത് മോഹന്‍ലാലിന്റെ സൗമ്യമായ സ്വരമാണ്-
''ഇത് ബാലചന്ദറും ഭാരതിരാജയുമൊന്നുമല്ല. മോഹന്‍ലാലാണ്.''

ഇതും പൊടിപ്പും തൊങ്ങലും ചേര്‍ത്ത് ചെല്ലുന്ന ലൊക്കേഷനിലാകെ ലാല്‍ പ്രചരിപ്പിച്ചു. പ്രിയദര്‍ശനും നെടുമുടിവേണുവിനും ഇന്നസെന്റിനുമൊക്കെ ഞങ്ങളെ കളിയാക്കാന്‍ ഒരായുധമായി.
അതു കഴിഞ്ഞും ഫോണിലൂടെ ലാല്‍ ഒരുപാട് ചതിക്കുഴികള്‍ കുഴിച്ചിട്ടുണ്ട്.
ആ കുഴികളിലൊക്കെ കൃത്യമായി ഞാന്‍ വീണിട്ടുമുണ്ട്