മലയാളസിനിമാപ്രേമിയായ ഒരു സ്‌കോട്ട്‌ലന്‍ഡ് എംപിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ മുന്‍പ് നമ്മുടെ മാധ്യമങ്ങളില്‍ ഇടം പിടിച്ചിട്ടുണ്ട്. സ്‌കോട്‌ലന്‍ഡ് എംപി മാര്‍ട്ടിന്‍ ഡേയാണ് വിദൂരത്തുള്ള ആ മലയാളസിനിമാപ്രേമി. മോഹന്‍ലാലിന്റെ 'ഭ്രമര'ത്തിനും മമ്മൂട്ടിയുടെ 'പഴശ്ശിരാജ'യ്ക്കും പൃഥ്വിരാജ് നായകനായ 'ആദം ജുവാനു'മൊക്കെ അദ്ദേഹം എഴുതിയ ആസ്വാദനക്കുറിപ്പുകളും ഇവിടുത്തെ സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ മോഹന്‍ലാലിന്റെ പൃഥ്വിരാജ് ചിത്രം 'ലൂസിഫറും' കണ്ടിരിക്കുകയാണ് അദ്ദേഹം.

നേരത്തേയുള്ള മലയാളസിനിമാ കാഴ്ചകളൊക്കെ ഡിവിഡി വഴിയും മറ്റ് ഓണ്‍ലൈന്‍ മാര്‍ഗ്ഗങ്ങളിലൂടെയുമായിരുന്നെങ്കില്‍ 'ലൂസിഫര്‍' അദ്ദേഹം തീയേറ്ററില്‍ തന്നെ കണ്ടു. തീയേറ്ററില്‍ പോയി കാണുന്ന ആദ്യ മലയാളചിത്രമാണ് 'ലൂസിഫര്‍'. ലണ്ടനിലെ ബൊലെയ്ന്‍ സിനിമയില്‍ മോഹന്‍ലാല്‍ ആരാധകര്‍ നടത്തിയ 'ലൂസിഫര്‍' ഫാന്‍സ് ഷോയ്ക്ക് പ്രത്യേക ക്ഷണിതാവായാണ് മാര്‍ട്ടിന്‍ ഡേ എത്തിയത്. 

മാര്‍ട്ടിന്‍ ഡേയുടെ മലയാളസിനിമാപ്രേമത്തിന് പിന്നില്‍ ഭാര്യയാണ്. മലയാളിയാണ് അവര്‍. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ആരാധകനാണ് മാര്‍ട്ടിനെന്നും ഒരുപാട് മലയാളചിത്രങ്ങള്‍ മുന്‍പ് കണ്ടിട്ടുണ്ടെന്നും അവര്‍ പറയുന്നു. പക്ഷേ തീയേറ്ററില്‍ ഒരു മലയാളചിത്രം കാണുന്നത് ആദ്യമായാണെന്നും. മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ്ബാണ് തങ്ങളുടെ യുട്യൂബ് ചാനലിലൂടെ മാര്‍ട്ടിന്‍ ഡേയുടെ പ്രതികരണം പുറത്തുവിട്ടിരിക്കുന്നത്.