പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായ സീതാകല്ല്യാണം ദു:ഖഭരിതമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ശ്രാവണിയെ വേട്ടയാടുന്ന രോഗം പരമ്പരയിലാകെ വിഷാദം നിറയ്ക്കുന്നു. രോഗവിവരം അറിഞ്ഞതില്‍പ്പിന്നെ സീതയ്ക്ക് മനസ്സറിഞ്ഞ് ചിരിക്കാന്‍ സാധിക്കുന്നില്ല. എല്ലാവരും മുഖത്തെ വിഷമത്തെക്കുറിച്ച് ചോദിക്കുന്നുണ്ടെങ്കിലും ആരോടും പറയാതെ വിഷമങ്ങളെല്ലാം ഉള്ളിലൊതുക്കുകയാണ് സീത.

സീത ഡിസൈന്‍ ചെയ്ത പുതിയ വസ്ത്രത്തിന്റെ ചര്‍ച്ചകളും മറ്റുമായിരുന്നു പുതിയ എപ്പിസോഡിലെ വിശേഷം. ഡിസൈന്‍ ചെയ്ത വസ്ത്രം കോടികള്‍ മുതല്‍മുടക്കി വാങ്ങാന്‍ ആളുകള്‍ എത്തിയാല്‍ വീണ്ടും തങ്ങളുടെ കമ്പനി പച്ചപിടിക്കുമെന്നും മറ്റുമുള്ള ചര്‍ച്ചകള്‍ സീതയുടെ ഭര്‍ത്താവായ കല്ല്യാണും സീതയും ശ്രാവണിയും നടത്തുന്നു. എന്നാല്‍ അജയ്യും മറ്റും ഡിസൈനിനെ തള്ളിപ്പറയുന്നതും കാണാം. അതെല്ലാം വെറും സ്വപ്നങ്ങള്‍ മാത്രമാണെന്നാണ് അജയ് പറയുന്നത്. കമ്പനി മീറ്റിംഗ് കഴിഞ്ഞ് മദ്യപിച്ചെത്തിയ അജയ്യുടെ വാക്കുകള്‍ സീതയും കല്ല്യാണും മുഖവിലയ്ക്ക് എടുക്കുന്നില്ലെങ്കിലും, കാര്യങ്ങള്‍ ശരിയാകുമോ എന്ന ചിന്ത അവരിലേക്കും വരുന്നത് കാണാം.

ക്ഷീണിച്ചുറങ്ങുകയായിരുന്ന ശ്രാവണി സീത  വിളിച്ചിട്ടും ഉണരാതിരുന്നത് രംഗം അല്‍പസമയം ഭയചകിതമാക്കിയിരുന്നു. ശ്രാവണി തങ്ങളെ വിട്ടുപിരിഞ്ഞു എന്നാണ് സീത കരുതുന്നത്. എന്നാല്‍ പൊട്ടിക്കരഞ്ഞുകൊണ്ട്  വീണ്ടും വിളിക്കുമ്പോള്‍ ശ്രാവണി എഴുന്നേല്‍ക്കുകയാണ്. ഏറെ ഉദ്വേഗജനകമായ രംഗങ്ങള്‍ക്കൊടുവില്‍ ഇരുവരും കെട്ടിപ്പിടിച്ച് കരയുമ്പോള്‍ ദു:ഖാര്‍ദ്രമായ മുഹൂര്‍ത്തങ്ങളിലേക്കാണ് സീതാകല്യാണം നീങ്ങുന്നത്.

തീവ്രമായ സഹോദരസ്നേഹത്തിന്റെ കഥപറയുമ്പോള്‍ കൂടുതല്‍ ആര്‍ദ്രമാവുകയാണ് പരമ്പര. ആദ്യം നെഗറ്റീവ് പരിവേഷത്തിലെത്തിയ ശ്രാവണിയെ ഇപ്പോള്‍ ഏറെ സ്നേഹത്തോടെയാണ് സീത പരിചരിക്കുന്നത്. നിലവില്‍ പരമ്പരയിലെ പ്രധാനകഥാപാത്രവും ഒട്ടേറെ ആരാധകരുള്ള കഥാപാത്രവും ശ്രാവണിയാണ്. അതിനാല്‍ത്തന്നെ ശ്രാവണിയുടെ രോഗാതുരമായ വരുംനാളുകള്‍ പരമ്പരയില്‍ ഏറെ ആകാംക്ഷയുളവാക്കുകയാണ്. ശ്രാവണിയുടെ പിറന്നാള്‍ ആണെന്നറിയുന്ന സീത വമ്പന്‍ ആഘോഷങ്ങള്‍ക്ക് ഒരുങ്ങുന്നിടത്താണ് എപ്പിസോഡ് അവസാനിക്കുന്നത്. ശ്രാവണിയുടെ പിറന്നാളാഘോഷങ്ങളാണ് വരും എപ്പിസോഡുകള്‍ക്ക് നിറംചാര്‍ത്തുന്നത്.