സഹോദരസ്നേഹത്തിന്റെ തീവ്രത വരച്ചുകാട്ടി പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായിമാറിയ സീതാകല്ല്യാണം, പ്രേക്ഷകരില്‍ ആകാംക്ഷ നിറച്ച് പുതിയ വഴിത്തിരിവുകളിലേക്ക്. ആരോടും പറയാതെ ശ്രാവണി ഒളിപ്പിച്ചുവച്ച രോഗവിവരങ്ങള്‍ സീത മനസ്സിലാക്കുകയാണ് കഴിഞ്ഞ എപ്പിസോഡില്‍. സ്വാതി, ശ്രാവണിയെ പറഞ്ഞുവിടാന്‍ സീതയോട് നിര്‍ബന്ധം പിടിക്കുമ്പോള്‍ സീതയ്ക്ക് അതിന് കഴിയുന്നില്ല. രോഗവിവരങ്ങള്‍ അറിയുന്ന സീത ശ്രാവണിയെ മുറുകെ പിടിക്കുകയാണ്.

ദുരിതപൂര്‍ണമായ പശ്ചാത്തലത്തില്‍ ജീവിച്ചുവന്നവരാണ് സീത, സ്വാതി സഹോദരിമാര്‍. അപ്രതീക്ഷിതമായി അവരുടെ അമ്മയ്ക്ക് ഒരു അപകടം സംഭവിക്കുന്നു. തുടര്‍ന്ന് ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ ഇരുവരും ധനികരായ സഹോദരന്മാരെ വിവാഹം കഴിക്കുന്നു. അവിടുത്തെ ഗൃഹനാഥയായ രാജേശ്വരി, സഹോദരിമാരെ തമ്മില്‍ തെറ്റിക്കാനായി നടത്തുന്ന കുതന്ത്രങ്ങളിലൂടെയാണ് പരമ്പര മുന്നോട്ടുപോകുന്നത്. സഹോദരിമാരെ തമ്മിലടിപ്പിക്കാനായി വീട്ടിലെത്തുന്ന കുടുംബക്കാരിയായ ശ്രാവണി എന്ന കഥാപാത്രം ആദ്യമെല്ലാം നെഗറ്റീവ് ഷെയ്ഡിലാണ് പ്രേക്ഷകര്‍ന്ന് മുന്നില്‍ വെളിപ്പെട്ടതെങ്കില്‍, നിലവില്‍ ശ്രാവണി സഹോദരിമാരുടെ സ്നേഹസമ്പന്നയായ ജ്യേഷ്ഠത്തിയാണ്.

അപ്രതീക്ഷിതമായാണ് ശ്രാവണി മസ്തിഷ്‌കാര്‍ബുദം ബാധിച്ചയാളാണെന്നും ജീവിതത്തിലെ ഇനിയുള്ള കാലം സഹോദരിമാരോടുകൂടി ജീവിക്കാനാണ്  അവര്‍ക്കരികിലെത്തിയതെന്നും പ്രേക്ഷകര്‍ അറിയുന്നത്. സീതയ്ക്ക് ശ്രാവണിയെ ഇഷ്ടമാണെങ്കിലും സ്വാതിയ്ക്ക് അങ്ങനെയല്ല. തങ്ങളെ തെറ്റിക്കാനെത്തിയ ദുഷ്ടയാണ് എന്നുപറഞ്ഞ് ഇപ്പോഴും ശ്രാവണിയോട് വെറുപ്പും വിദ്വേഷവുമാണ് സ്വാതിയ്ക്ക്. അതിനാല്‍ത്തന്നെ ശ്രാവണിയെ തിരികെ അയയ്ക്കാന്‍ പറഞ്ഞ് സഹോദരിമാര്‍ ചില സൗന്ദര്യപിണക്കത്തിലാകാറുമുണ്ട്.

കഴിഞ്ഞ എപ്പിസോഡില്‍ സീത, ശ്രാവണിയുടെ രോഗവിവരങ്ങള്‍ അടങ്ങിയ ചീട്ടുകള്‍ കണ്ടെടുക്കുകയും അത് ഡോക്ടറെ കാണിച്ച് എന്താണ് രോഗമെന്ന് അറിയുകയും ചെയ്യുകയാണ്. ശ്രാവണിക്ക് മസ്തിഷ്‌കാര്‍ബുദമാണ് എന്നറിഞ്ഞ സീത വലിയ മാനസികപ്രയാസമാണ് അനുഭവിക്കുന്നത്. ശ്രാവണി  ഓപ്പറേഷന് തയ്യാറാകുമോ, സീത ശ്രാവണിയുടെ രോഗവിവരങ്ങള്‍ സ്വാതിയോട് പറയുമോ, അങ്ങനെ പറഞ്ഞാല്‍ സ്വാതിയുടെ മനസ്സിലെ മഞ്ഞുരുകുമോ... കാത്തിരുന്ന് കാണാം.