പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ രംഗങ്ങള്‍കൊണ്ട് സമ്പന്നമായിരുന്നു സീതാകല്ല്യാണം മഹാ എപ്പിസോഡ്. പിറന്നാള്‍ ആഘോഷങ്ങളുടെ ശോഭ കെടുത്താന്‍ രാജേശ്വരി നടത്തിയ ശ്രമങ്ങളെല്ലാം അവര്‍ക്കുതന്നെ വിനയാവുകയാണ്. ആഘോഷത്തിനിടയില്‍ ബിസിനസ്സ് സംസാരിക്കാനെന്നും സീത ഡിസൈന്‍ ചെയ്ത വസ്ത്രത്തിന്റെ ഓര്‍ഡര്‍ എടുക്കാനെന്നും പറഞ്ഞ് സീതയേയും കല്ല്യാണിനേയും മാറ്റിനിര്‍ത്തുന്നു രാജേശ്വരി. എന്നാല്‍ സീതയെയും തന്നെയും തമ്മില്‍തെറ്റിച്ച്, തന്നെ മടക്കി അയക്കാനുള്ള രാജേശ്വരിയുടെ നാടകമാണിതെന്ന് ശ്രാവണി മനസ്സിലാക്കുന്നു. ഇക്കാര്യങ്ങള്‍ ശ്രാവണി സീതയോടും കല്ല്യാണിനോടും ഫോണിലൂടെ അറിയിക്കുന്നതുമായിരുന്നു പുതിയ എപ്പിസോഡിന്റെ കഥാഗതി.

സഹോദരസ്നേഹത്തിന്റെ ആഴം വൈകാരിക തീവ്രതയോടെ ഒപ്പിയെടുക്കുന്ന സീതാകല്ല്യാണം പറയുന്നത് സീത, സ്വാതി, ശ്രാവണി എന്നീ മൂന്ന് സഹോദരിമാരുടെ കഥയാണ്. മൂവരുടെയും ആത്മബന്ധവും അവരെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്ന രാജേശ്വരി എന്ന അമ്മായിയമ്മയും, ആരുടെകൂടെ നില്‍ക്കണം എന്നറിയാതെ കുഴയുന്ന സീതയുടേയും സ്വാതിയുടേയും ഭര്‍ത്താക്കന്മാരായ കല്ല്യാണ്‍, അജയ് എന്നിവരും പരമ്പരയിലേക്ക് പ്രേക്ഷകശ്രദ്ധ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്.

ശ്രാവണിയുടെ പിറന്നാളാഘോഷങ്ങള്‍ അലങ്കോലമാക്കി, ശ്രാവണിയും സീതയും തമ്മിലുള്ള ബന്ധം തകര്‍ക്കാന്‍ ശ്രമിച്ച രാജേശ്വരിയുടെ പദ്ധതികള്‍ പൊളിയുകയാണ്. പിറന്നാള്‍ ആഘോഷങ്ങളില്‍നിന്ന് സീതയേയും കല്ല്യാണിനേയും മാറ്റിനിര്‍ത്തി ശ്രാവണിയെയും സീതയേയും തമ്മില്‍ തെറ്റിക്കുക എന്നതായിരുന്നു രാജേശ്വരിയുടെ കുതന്ത്രം. പിറന്നാളാഘോഷങ്ങള്‍ നിറപ്പകിട്ടോടെ നടക്കുന്നതിനിടയില്‍ രാജേശ്വരിയുടെ പദ്ധതിപ്രകാരം സീതയും കല്ല്യാണും ബിസിനസ്സ് ആവശ്യത്തിനായി ഓഫീസിലേക്ക് പോവുകയാണ്. പോവരുതെന്ന് ശ്രാവണി പറയുന്നുണ്ടെങ്കിലും ബിസിനസ് പ്രധാനമാണെന്നും പെട്ടന്ന് തിരിച്ചെത്താമെന്നും അറിയിച്ച് സീത പോവുകയാണ്.

രാജേശ്വരിയുടെ ഫോണ്‍കോള്‍ യാദൃശ്ചികമായി കേള്‍ക്കുന്ന ശ്രാവണി, സീതയ്ക്കും തനിക്കുമിടയില്‍ പ്രശ്‌നങ്ങളുണ്ടാക്കാനുള്ള അവരുടെ ശ്രമം വിജയിക്കുകയാണെന്ന് മനസിലാക്കുന്നു. എന്നാല്‍ സീത സത്യങ്ങള്‍ മനസ്സിലാക്കുകയും കല്ല്യാണിനെ അത് ബോദ്ധ്യപ്പെടുത്തുകയും ചെയ്യുന്നു. സത്യങ്ങള്‍ മനസിലാക്കിയ സീതയും കല്ല്യാണും മടങ്ങിയെത്തുമ്പോഴേക്കും അതിഥികളെല്ലാം പോകുമോ? പുതിയ പദ്ധതിയും തകര്‍ന്ന രാജേശ്വരി എങ്ങനെയാകും ഇവരുടെ മടങ്ങിവരവിനെ സ്വീകരിക്കുക? പുതിയ എപ്പിസോഡുകള്‍ക്ക് കാത്തിരിക്കാം.