സഹോദരസ്‌നേഹത്തിന്റെ ആഴവും തീവ്രതയും പ്രേക്ഷകരിലേക്ക് എത്തിച്ച പരമ്പരയാണ് സീതാകല്ല്യാണം. സിനിമാമേഖലയില്‍ തന്റേതായ ഇടം കണ്ടെത്തിയ ധന്യ മേരി വര്‍ഗീസും സീരിയലുകളിലെ ജനപ്രിയ താരമായ അര്‍ച്ചന സുശീലനും പ്രധാനവേഷങ്ങളിലെത്തിയ പരമ്പര 350 എപ്പിസോഡുകള്‍ പിന്നിടുമ്പോള്‍ പ്രേക്ഷകരുടെ ഇഷ്ടസീരിയല്‍ എന്ന നിലയിലേക്ക് ജനപ്രീതി നേടുകയാണ്. നെഗറ്റീവ് കഥാപാത്രമായെത്തിയ ശ്രാവണിയുടെ സ്‌നേഹസമ്പന്നമായ യഥാര്‍ത്ഥമുഖം പ്രേക്ഷകരില്‍ ഞെട്ടലുണ്ടാക്കിയതിന് പിന്നാലെ ട്വിസ്റ്റുകളുടെ നീണ്ട നിരതന്നെയാണ് സീതാകല്ല്യാണം പ്രേക്ഷകര്‍ക്കായി ഒരുക്കുന്നത്.

സാമ്പത്തികമായി താഴേത്തട്ടില്‍ ജീവിച്ച സീത, സ്വാതി എന്നീ സഹോദരിമാരുടെ സ്‌നേഹബന്ധത്തില്‍ ഊന്നിയാണ് സീതാകല്ല്യാണം മുന്നോട്ടുപോകുന്നത്. അപ്രതീക്ഷിതമായി സംഭവിച്ച അമ്മയുടെ അപകടം സഹോദരിമാരെ സമ്പന്നകുടുംബത്തിലേക്കുള്ള വിവാഹത്തിലേക്ക് വഴിനയിക്കുന്നു. പരമ്പരയിലെ നെഗറ്റീവ് കഥാപാത്രമായ രാജേശ്വരിയുടെ വീട്ടിലേക്കാണ് ഇരുവരും വിവാഹം കഴിച്ച് എത്തുന്നത്. രാജേശ്വരിയുടെ ഭര്‍ത്താവായ വേണുവിന്റെ ആദ്യഭാര്യയിലെ മകനാണ് മൂത്തവനായ കല്ല്യാണ്‍. സീത കല്ല്യാണിനൊപ്പവും അനുജത്തി സ്വാതി കല്യാണിന്റെ അനുജന്‍ അജയ്‌ക്കൊപ്പവുമാണ് ജീവിതം ആരംഭിക്കുന്നത്. സഹോദരിമാരെ തമ്മിലടിപ്പിച്ച് തന്റെ യഥാര്‍ത്ഥ മകനായ അജയ്ക്ക് സ്വത്തില്‍ പൂര്‍ണ്ണ അധികാരം നേടുന്നതിനായി രാജേശ്വരി നടത്തുന്ന നീക്കങ്ങളിലൂടെയാണ് പരമ്പര പുരോഗമിക്കുന്നത്. രാജേശ്വരിയെ സഹായിക്കാനായെത്തുന്ന ശ്രാവണി എന്ന കഥാപാത്രത്തിനും  വേണുവിന്റെ ആദ്യഭാര്യയ്ക്കും പരമ്പരയില്‍ പ്രധാനമായ വേഷമുണ്ട്.

രാജേശ്വരിയുടെ നീക്കങ്ങള്‍ വിജയിക്കുമോ എന്ന ചോദ്യത്തിലേക്കാണ് വരും എപ്പിസോഡുകള്‍. സംഗീതാ മോഹന്‍ രചിച്ച് മനു വി നായര്‍ സംവിധാനം നിര്‍വ്വഹിക്കുന്ന സീതാ കല്ല്യാണത്തില്‍ സീതയായി പ്രശസ്ത സിനിമാതാരം ധന്യാ മേരി വര്‍ഗ്ഗീസും രാജേശ്വരിയായി സീരിയല്‍ രംഗത്തെ പ്രശസ്ത താരം രൂപശ്രീയും ശ്രാവണിയായി അര്‍ച്ചനയും വേണുവിന്റെ മുന്‍ഭാര്യയായി സിനിമാതാരം സോനാ നായര്‍, വേണുവായി ആനന്ദ് തൃശ്ശൂര്‍ കല്ല്യാണായി അനൂപ് കൃഷ്ണന്‍ എന്നിവരും വേഷമിടുന്നു.