സീരിയൽ താരം റോണ്‍സണ്‍ വിന്‍സെന്റ് വിവാഹിതനായി. ബാലതാരമായി തിളങ്ങിയ നീരജയാണ് വധു. ഹിന്ദുമത ആചാരപ്രകാരം ഫെബ്രുവരി രണ്ടാം തീയതി കൊച്ചിയില്‍ നീരജയുടെ കുടുംബക്ഷേത്രത്തില്‍ വച്ചാണ് വിവാഹം നടന്നത്. താരങ്ങളുടെ വിവാഹചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. സിനിമാ-സീരിയല്‍ രംഗത്തെ സുഹ‍ൃത്തുക്കള്‍ക്കായി ഈ മാസം 28, 29, മാര്‍ച്ച് 1 എന്നീ ദിവസങ്ങളില്‍ എറണാകുളത്ത് വിരുന്ന് സത്കാരം നടത്തും.

മുമ്പേ പറക്കുന്ന പക്ഷികള്‍, മഞ്ഞുകാലവും കഴിഞ്ഞ് തുടങ്ങിയ സിനിമകളിലൂടെയും നിരവധി ടെലിവിഷന്‍ പരമ്പരകളിലൂടെയും ശ്രദ്ധ നേടിയ ബാലതാരമായിരുന്നു നീരജ. നീരജ ഇപ്പോൾ ഡോക്ടറാണ്.

സംവിധായകന്‍ എ വിന്‍സന്റിന്റെ സഹോദരനും നടനുമായ റോണി വിന്‍സന്റിന്റെ മകനാണ് റോണ്‍സണ്‍.സീത, അരയന്നങ്ങളുടെ വീട്, ഭാര്യ തുടങ്ങിയ പരമ്പരകളിലൂടെ ശ്രദ്ധേയനായ മലയാളികളുടെ പ്രിയതാരമാണ് റോണ്‍സണ്‍. നിരവധി തെലുങ്ക് പരമ്പരകളിലും സിനിമകളിലും റോണ്‍സണ്‍ അഭിനയിച്ചിട്ടുണ്ട്.