മുംബൈ: രാധിക ആപ്തെ ചിത്രങ്ങളെ ചുറ്റി വിവാദങ്ങള്‍ പുതുമയല്ല. ഒടുവില്‍ പുറത്തിറങ്ങിയ ദ വെഡ്ഡിംഗ് ഗസ്റ്റിലെ നഗ്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വിവാദത്തിലേക്ക് നയിച്ചിരിക്കുന്നത്. ചിത്രത്തില്‍, സ്ലംഡോഗ് മില്യനയര്‍ നായകന്‍ ദേവ് പട്ടേലിനൊപ്പമുള്ള രാധികയുടെ 'കിടപ്പറ രംഗങ്ങള്‍' പുറത്തായതോടെ വിവാദങ്ങളും ആരംഭിച്ചു. രാധിക ആപ്തെയുടെ നഗ്നരംഗങ്ങള്‍ എന്ന പേരില്‍ ദൃശ്യങ്ങള്‍ പുറത്തിറങ്ങിയതിനെതിരെ നടിതന്നെ രംഗത്തെത്തി.

സമൂഹത്തിന്‍റെ ലൈംഗികതയോടുള്ള കാഴ്ചപ്പാടിന്‍റെ പ്രശ്നമാണ് ഇത്തരം വൈറല്‍ രംഗങ്ങള്‍ക്ക് പിന്നിലെന്ന് രാധിക ആപ്തെ പ്രതികരിച്ചു. ചിത്രത്തില്‍ മനോഹരമായ ഒരുപാട് രംഗങ്ങളുണ്ട്. എന്നിട്ടും ഇതുതന്നെ പ്രചരിച്ചത് സമൂഹത്തിന്‍റെ മനോവൈകൃതത്തിന്‍റെ പ്രശ്നമാണെന്നും രാധിക പറഞ്ഞു. 

താനും ദേവ്പട്ടേലും ഒരുമിച്ചഭിനയിച്ചിട്ടും രാധിക ആപ്തെയുടെ 'ചൂടന്‍ രംഗങ്ങള്‍' എന്ന പേരിലാണ് ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. എന്തുകൊണ്ട് ദേവിന്‍റേതെന്ന രീതിയില്‍ ദൃശ്യങ്ങള്‍ പ്രചരിക്കുന്നില്ലെന്നും രാധിക ചോദിച്ചു. നേരത്തെ ആദില്‍ ഹുസൈനൊപ്പമുള്ള 'പാര്‍ച്ച്‍ഡി'ലെ രംഗങ്ങള്‍ പ്രചരിച്ചതും വിവാദമായിരുന്നു.