ഷാരൂഖ് ഖാന്റെ മുംബൈയിലെ ബംഗ്ലാവ് മന്നത്തിലെ നവീകരണ പ്രവർത്തനങ്ങൾക്കെതിരെ ഹരിത ട്രൈബ്യൂണലിൽ ഹർജി.

മുംബൈ: നടൻ ഷാരൂഖ് ഖാന്‍ മുംബൈയിലെ ബംഗ്ലാവായ മന്നത്ത് ഒന്ന് മോടികൂട്ടി ചില പുതുക്കി പണികള്‍ നടത്താന്‍ ഒരുങ്ങുകയാണ്. പുനരുദ്ധാരണ പ്രവർത്തനങ്ങള്‍ ആരംഭിക്കുന്നതിനാല്‍ ഷാരൂഖും കുടുംബവും ബാന്ദ്രയില്‍ നിന്നും പാലി ഹില്‍സിലേക്ക് താമസം മാറിയിരുന്നു. എന്നാല്‍ മന്നത്ത് നവീകരണം പ്രതിസന്ധിയില്‍ ആയേക്കും എന്നാണ് വിവരം. നവീകരണ പദ്ധതിയിൽ പരിസ്ഥിതിക ലംഘനങ്ങൾ ഉണ്ടെന്ന് ആരോപിച്ച് ഒരു ആക്ടിവിസ്റ്റ് ദേശീയ ഹരിത ട്രൈബ്യൂണൽ (എൻ‌ജി‌ടി) പണികള്‍ താൽക്കാലികമായി നിർത്തണമെന്ന് ആവശ്യപ്പെട്ടു ഹര്‍ജി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍. 

മന്നത്തിലെ പുനരുദ്ധാരണത്തിന് ആവശ്യമായ അനുമതികള്‍ ഷാരൂഖിന് നല്‍കിയതില്‍ മഹാരാഷ്ട്ര തീരദേശ മേഖല മാനേജ്‌മെന്റ് അതോറിറ്റി തീരദേശ പരിപാലന നിയമത്തില്‍ ലംഘനങ്ങൾ നടത്തിയെന്ന് ആരോപിച്ച് സാമൂഹിക പ്രവർത്തകൻ സന്തോഷ് ദൗണ്ട്കറാണ് ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചത് എന്നാണ് ബാർ & ബെഞ്ച് തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തത്. ബംഗ്ലാവ് ഗ്രേഡ് 3 പൈതൃക ഘടനയാണ് ശരിയായ അനുമതികൾ നേടിയതിനുശേഷം മാത്രമേ ഏതെങ്കിലും ഘടനാപരമായ മാറ്റം സാധ്യമാകൂ എന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

ആറ് നിലകളുള്ള ബംഗ്ലാവ് വികസിപ്പിക്കാനും രണ്ട് നിലകൾ കൂടി കൂട്ടിച്ചേർക്കാനും ഷാരൂഖ് പദ്ധതിയിടുന്നുണ്ടെന്ന് റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു. ഒപ്പം 12 1 ബെഡ് റൂം ഫ്ലാറ്റുകള്‍ ഉള്‍പ്പെടുന്ന ഒരു കെട്ടിടം ഇപ്പോള്‍ തന്‍റെ ഭാവനത്തിന്‍റെ ഭാഗമായി കൂട്ടിച്ചേര്‍ക്കാനും ഷാരൂഖ് ശ്രമം നടത്തുന്നുവെന്ന് ഹര്‍ജിയില്‍ പറയുന്നു.

അതേ സമയം ഹര്‍ജി കേട്ട ദേശീയ ഹരിത ട്രൈബ്യൂണൽ കേസ് പരിഗണിക്കുന്നത് ഏപ്രില്‍ 23ലേക്ക് മാറ്റി. ആ സമയത്ത് ഇപ്പോള്‍ ഉയര്‍ത്തുന്ന വാദങ്ങള്‍ തെളിയിക്കുന്ന രേഖകള്‍ ഹാജറാക്കാന്‍ ഹര്‍ജിക്കാരനോട് എന്‍ജിടി ആവശ്യപ്പെട്ടു. ഇത് പരിശോധിച്ച ശേഷം ആയിരിക്കും ഷാരൂഖ് അടക്കമുള്ളവര്‍ക്ക് നോട്ടീസ് അയക്കണമോ, പണികള്‍ തടയണമോ എന്ന കാര്യം പരിശോധിക്കുകയെന്ന് എന്‍ജിടി വ്യക്തമാക്കി. 

'നയന്‍താരയില്‍ മാത്രമായിരുന്നു അവന്‍റെ ശ്രദ്ധ': കോടതിയില്‍ ആരോപണം ഉയര്‍ത്തി ധനുഷ്

മോഹന്‍ലാലിന് വേണ്ടി എഴുതിയ തിരക്കഥ, നടന്നില്ല, പടം തീര്‍ന്നപ്പോള്‍ പെട്ടിയില്‍ തന്നെ:കാരണം പറഞ്ഞ് സംവിധായകന്‍