കൊവിഡിന്റെ പശ്ചാത്തലത്തില്‍ പുതിയ സിനിമകള്‍ ഇറങ്ങുന്നില്ല, ഷൂട്ടിങ്ങുകള്‍ നടക്കുന്നില്ല സീരിയലുകള്‍ പോലും സംപ്രേഷണം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ്. പുതിയ സ്റ്റേജ് ഷോകളോ ആസ്വാദന ദൃശ്യങ്ങളോ ഒന്നുമില്ല. എന്നാല്‍ ഇതിനിടയില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു പുതിയ ട്രെന്‍ഡ് രൂപപ്പെട്ടിരിക്കുകയാണ്. സിനിമാ താരങ്ങളും ഗായകരുമടക്കം എല്ലാ സെലിബ്രേറ്റികളും  വീടിനകത്തു തന്നെയാണ്. അവര്‍ സോഷ്യല്‍ മീഡിയയിലൂടെ പുതിയ ആസ്വാദന ജാലകം തുറന്നിരിക്കുകയാണ്. 

പല ഫേസ്ബുക്ക് ഗ്രൂപ്പുകളിലും പ്രമുഖ ഗായികമാര്‍ തത്സമയം പാട്ടുകളുമായി എത്തുന്നു. ചിലര്‍ നൃത്തച്ചുവടുകള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കുന്നു. അനു സിത്താരയടക്കം നിരവധി സിനിമാ താരങ്ങള്‍ക്കൊപ്പം സീരിയല്‍ താരങ്ങളും പല പാട്ടിന് ചുവടുവച്ച് രംഗത്തുവരികയാണ്. വീട്ടിലിരിപ്പ് കാലത്ത് സ്വന്തം നിലയിലും പ്രേക്ഷകരുടെയും ബോറഡി മാറ്റാന്‍ ഡാന്‍സുമായി എത്തിയിരിക്കുകയാണ് സിനിമാ സീരിയല്‍ താരം ശാലിന്‍ സോയ. ക്വറന്റൈനിലായിരിക്കുമ്‌പോള്‍ നമുക്കെന്തുകൊണ്ട് ഹൃദയം തുറന്ന് നൃത്തം ചെയ്തുകൂടാ എന്ന കുറിപ്പുമായാണ് ശാലിന്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

സിനിമയിലും സീരിയലിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ശാലിന്‍ സോയ. ടെലിവിഷന്‍ പരിപാടികളിലൂടെ ായിരുന്നു ശാലിന്റെ തുടക്കം. നര്‍ത്തകി കൂടിയായ താരം നൃത്തപരിപാടികളുമായി സ്റ്റേജ് ഷോകളില് എത്താറുമുണ്ട്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ഓട്ടോഗ്രാഫ് പരമ്പരയിലെ ദീപാറാണി എന്ന കഥാപാത്രമാണ് താരത്തിന്റെ തലവര തിരുത്തിയത്. അഭിനയത്തിനൊപ്പം ആക്ഷന്‍ കില്ലാഡി, സൂപ്പര്‍ സ്റ്റാര്‍ ജൂനിയര്‍ തുടങ്ങിയ പരിപാടികള്‍ അവതാരകയായും താരമെത്തി. സിനിമയില്‍ സജീവമായ ശാലിന്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും സജീവമാണ്.