Asianet News MalayalamAsianet News Malayalam

ആ മേക്കോവര്‍ സംഭവിച്ചത് ഇങ്ങനെ; 'പതിനെട്ടാം പടി'യിലെ മമ്മൂട്ടിയുടെ ലുക്കിനെക്കുറിച്ച് ശങ്കര്‍ രാമകൃഷ്ണന്‍

മമ്മൂട്ടിയെ കൂടാതെ പൃഥ്വിരാജും ആര്യയും ഉണ്ണി മുകുന്ദനുമൊക്കെ അതിഥിവേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ഓഗസ്റ്റ് സിനിമയാണ്. ഛായാഗ്രഹണം സുദീപ് ഇശമണ്‍. സംഗീതം എ എച്ച് കാഷിഫ്.
 

shanker ramakrishnan about mammoottys look in pathinettam padi
Author
Thiruvananthapuram, First Published Jun 30, 2019, 6:19 PM IST

കഥാപാത്രങ്ങള്‍ക്കുവേണ്ടിയുള്ള മമ്മൂട്ടിയുടെ സമീപകാല ലുക്കുകളില്‍ വലിയ ശ്രദ്ധ നേടിയ ഒന്നാണ് 'പതിനെട്ടാം പടി'യിലേത്. ജോണ്‍ എബ്രഹാം പാലയ്ക്കല്‍ എന്ന സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രൊഫസറാണ് മമ്മൂട്ടിയുടെ എക്സ്റ്റന്‍ഡഡ് കാമിയോ വേഷം. ചിത്രീകരണം പുരോഗമിക്കുന്നതിനിടെ, മാസങ്ങള്‍ക്ക് മുന്‍പ് മമ്മൂട്ടി കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. മുടി സ്വല്‍പം വളര്‍ത്തി പിന്നില്‍ കെട്ടിവെച്ച്, പാന്റ്സും വൈറ്റ് ഷര്‍ട്ടും മുകളിലൂടെ കറുത്ത ഒരു ലൂസ് ഓവര്‍ കോട്ടുമൊക്കെയണിഞ്ഞ കഥാപാത്രം ആതിരപ്പള്ളി വെള്ളച്ചാട്ടത്തിന് മുന്നില്‍ നില്‍ക്കുന്നതായിരുന്നു പുറത്തുവന്ന ചിത്രത്തില്‍. മമ്മൂട്ടിയുടെ സമീപകാലത്തെ ഏറ്റവും സ്‌റ്റൈലിഷ് അപ്പിയറന്‍സ് എന്ന് പേരെടുത്ത ആ ലുക്ക് തീരുമാനിച്ചതിനെക്കുറിച്ച് പറയുകയാണ് സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണന്‍, മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍.

സിനിമയുടെ കണ്‍സെപ്റ്റ് ആര്‍ട്ടിസ്റ്റ് അഭിലാഷ് നാരായണനാണ് മമ്മൂട്ടി കഥാപാത്രത്തിന്റെ രേഖാ ചിത്രീകരണം ആദ്യം നടത്തിയതെന്ന് പറയുന്നു ശങ്കര്‍ രാമകൃഷ്ണന്‍. 'പിന്നീട് അതില്‍ വര്‍ക്ക് ചെയ്തു. ലിനന്‍ കോട്ടണ്‍ വസ്ത്രങ്ങളാണ് കഥാപാത്രം ധരിയ്ക്കുന്നത്. വാച്ച്, ഗ്ലാസ് എന്നിവയെല്ലാം ഞങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വ്വം തെരഞ്ഞെടുത്ത ബ്രാന്‍ഡുകളാണ്. ചിത്രത്തിലെ ഒരു പ്രധാന സീനില്‍ മമ്മൂക്ക ഒരു പ്രത്യേക ഇന്റീരിയറില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം പുറത്തുവിടാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ അത് പിന്നീട് ആതിരപ്പിള്ളിയുടെ പശ്ചാത്തലത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. വേനലായതുകൊണ്ട് വെള്ളമുണ്ടാകുമോ എന്ന് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ആ തീരുമാനം ക്ലിക്ക് ചെയ്തു', ശങ്കര്‍ രാമകൃഷ്ണന്‍ പറഞ്ഞവസാനിപ്പിക്കുന്നു.

മമ്മൂട്ടിയെ കൂടാതെ പൃഥ്വിരാജും ആര്യയും ഉണ്ണി മുകുന്ദനുമൊക്കെ അതിഥിവേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ഓഗസ്റ്റ് സിനിമയാണ്. ഛായാഗ്രഹണം സുദീപ് ഇശമണ്‍. സംഗീതം എ എച്ച് കാഷിഫ്. 15 തീയേറ്റര്‍ ആര്‍ട്ടിസ്റ്റുകള്‍ ഉള്‍പ്പെടെ 65 പുതുമുഖ അഭിനേതാക്കളുണ്ട് പതിനെട്ടാം പടിയില്‍. അപേക്ഷ അയച്ച 18,000 പേരില്‍ നിന്ന് ഓഡിഷനും ഏഴ് ദിവസത്തെ ക്യാമ്പും വഴിയാണ് 65 പേരെ തെരഞ്ഞെടുത്തത്. ഇവരെക്കൂടാതെ അഹാന കൃഷ്ണകുമാര്‍, മണിയന്‍പിള്ള രാജു, സുരാജ് വെഞ്ഞാറമ്മൂട്,  പ്രിയാമണി, ലാലു അലക്സ്, നന്ദു,  മനോജ് കെ ജയന്‍, മാലാ പാര്‍വ്വതി എന്നിങ്ങനെ ഒരു താരനിരയും ചിത്രത്തില്‍ കഥാപാത്രങ്ങളാവുന്നുണ്ട്. ജൂലൈ അഞ്ച് റിലീസ്.

Follow Us:
Download App:
  • android
  • ios