കൊവിഡ് കാലത്ത് ചലച്ചിത്രതാരങ്ങളില്‍ പലരും അധികം സമയം ചിലവഴിച്ചത് ജിമ്മിലാണ്. പലരും സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ വ്യായാമ ചിത്രങ്ങളും പുതിയ ലുക്കുകളുമൊക്കെ പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചിലമ്പരശനെപ്പോലെ അമ്പരപ്പിക്കുന്നവയായിരുന്നില്ല ആ ശാരീരിക മാറ്റങ്ങളൊന്നുമെന്ന് മാത്രം! സോഷ്യല്‍ മീഡിയയിലൂടെ ചിമ്പു ഇന്ന് പുറത്തുവിട്ട ചിത്രങ്ങള്‍ ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. മിനിറ്റുകള്‍ക്കകം ആ ചിത്രങ്ങള്‍ വൈറല്‍ ആവുകയും ചെയ്തു.

സുശീന്ദ്രന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'ഈശ്വരന്‍' എന്ന ചിത്രത്തിനുവേണ്ടിയാണ് ചിമ്പുവിന്‍റെ പുതിയ ട്രിംഡ് ലുക്ക്. ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കാനായി 20 കിലോ ശരീരഭാരമാണ് അദ്ദേഹം കുറച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് പുറത്തെത്തിയിരുന്നു. എന്നാല്‍ ഇന്ന് പുറത്തുവന്ന ചിത്രങ്ങളാണ് അദ്ദേഹത്തിന്‍റെ ശാരീരീകമാറ്റത്തെക്കുറിച്ച് പ്രേക്ഷകരില്‍ അമ്പരപ്പുളവാക്കിയത്.

കഴിഞ്ഞ ചിത്രങ്ങളായ അന്‍പാനവന്‍ അടങ്ങാതവന്‍ അസരാതവന്‍, ചെക്കാ ചിവന്ത വാനം, വന്താ രാജാവാതാന്‍ വരുവേന്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിക്കുമ്പോള്‍ ശരീരഭാരം കൂടുതലായിരുന്നു എസ്‍ടിആറിന്. അതിന്‍റെ പേരില്‍ അദ്ദേഹം പലപ്പോഴും ട്രോള്‍ പേജുകളില്‍ പരിഹാസത്തിന് ഇരയാവേണ്ടിയും വന്നിരുന്നു. അതേസമയം വെങ്കട് പ്രഭുവിന്‍റെ സംവിധാനത്തിലെത്തുന്ന പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ 'മാനാട്' ആണ് ചിമ്പുവിന്‍റേതായി വരാനിരിക്കുന്ന മറ്റൊരു ചിത്രം.