Asianet News MalayalamAsianet News Malayalam

Silambarasan T R | 'ഒരുപാട് പ്രശ്‍നങ്ങള്‍ നേരിടുകയാണ് ഞാന്‍'; ആരാധകര്‍ക്കു മുന്നില്‍ കണ്ണീരണിഞ്ഞ് ചിമ്പു

പ്രശ്‍നങ്ങളെ താന്‍ നോക്കിക്കൊള്ളാമെന്നും തന്നെ നിങ്ങള്‍ നോക്കണമെന്നും ആരാധകരോട് ചിമ്പു

silambarasan tr breaks into tears before fans at maanaadu audio launch video
Author
Thiruvananthapuram, First Published Nov 18, 2021, 5:51 PM IST
  • Facebook
  • Twitter
  • Whatsapp

വെങ്കട് പ്രഭുവിന്‍റെ (Venkat Prabhu) സംവിധാനത്തില്‍ താന്‍ നായകനാവുന്ന 'മാനാടി'ന്‍റെ ഓഡിയോ ലോഞ്ച് വേദിയില്‍ (Maanaadu Audio Launch) വികാരാധീനനായി നടന്‍ ചിലമ്പരശന്‍ (Silambarasan TR). നിറയെ പ്രശ്‍നങ്ങള്‍ക്ക് നടുവിലാണ് താനെന്നും തനിക്കൊപ്പം ഉണ്ടാവണമെന്നും ആരാധകരോട് ചിമ്പു പറഞ്ഞു. കണ്ണീര്‍ തുടച്ചുകൊണ്ടാണ് 15 മിനിറ്റോളം നീണ്ട പ്രസംഗം ചിമ്പു അവസാനിപ്പിച്ചത്. ചടങ്ങിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നുണ്ട്.

സിനിമയെക്കുറിച്ചും അണിയറപ്രവര്‍ത്തകരെക്കുറിച്ചും സംസാരിച്ചതിനു ശേഷമാണ് ചിമ്പു ആരാധകരോട് വ്യക്തിപരമായ പ്രയാസങ്ങള്‍ പങ്കുവച്ചത്. "ഞാന്‍ പുതിയ സിനിമകള്‍ ആരംഭിക്കുമ്പോള്‍ അതിനൊപ്പം പ്രശ്‍നങ്ങളും ആരംഭിക്കുക എന്നത് ഇപ്പോള്‍ സാധാരണമായിട്ടുണ്ട്. മാനാട് നിര്‍മ്മാതാവ് സുരേഷ് കാമാച്ചിയോട് ഇതൊക്കെ നേരിടാന്‍ അങ്ങേയ്ക്കേ പറ്റൂ എന്ന് ഞാന്‍ പറഞ്ഞിരുന്നു. അദ്ദേഹത്തിന് നന്ദി. വെങ്കട് പ്രഭുവുമായി എത്രയോ കാലമായുള്ള സൗഹൃദമാണ്. പുതിയ സിനിമ ഉടന്‍ ചെയ്യാമെന്നൊക്കെ അദ്ദേഹം പറയും. അവസാനം എന്നോട് വന്ന് കഥ പറഞ്ഞിട്ട് മറ്റാരെയെങ്കിലും വച്ച് സിനിമ ചെയ്യും. ഇത്തവണ സിനിമയെക്കുറിച്ച് ഒരു വരി മാത്രമാണ് അദ്ദേഹം എന്നോട് പറഞ്ഞിരുന്നത്. പക്ഷേ അത് എനിക്ക് വളരെ ഇഷ്‍ടപ്പെട്ടു. സിനിമ കാണുമ്പോള്‍ നിങ്ങള്‍ വളരെ ഈസിയായി കണ്ട്, ഇഷ്‍ടപ്പെടും. പക്ഷേ മുഴുവന്‍ അണിയറപ്രവര്‍ത്തകരുടെയും വലിയ അധ്വാനം ഇതിനു പിന്നിലുണ്ട്. എല്ലാവര്‍ക്കും എന്‍റെ നന്ദി", ചിമ്പു പറഞ്ഞു.

"ഇത്തരത്തിലുള്ള ഒരുപാട് വേദികളില്‍ ഞാന്‍ മുന്‍പ് സംസാരിച്ചിട്ടുണ്ട്. എന്നാല്‍ സിനിമയെക്കുറിച്ച് എന്താണ് പറയുക? ഒരുപാട് പ്രശ്‍നങ്ങളുണ്ട്. അവയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. എന്‍റെ പ്രശ്‍നങ്ങളൊക്കെ ഞാന്‍ നോക്കിക്കോളാം. എന്നെ മാത്രം നിങ്ങള്‍ നോക്കിക്കൊള്ളുക. നന്ദി", 'എസ്‍ടിആര്‍' എന്ന് ആവര്‍ത്തിച്ചുള്ള ആരാധകരുടെ വിളികള്‍ക്കിടയില്‍ ചിമ്പു സംസാരം അവസാനിപ്പിച്ചു.

2017ല്‍ അധിക് രവിചന്ദ്രന്‍റെ സംവിധാനത്തില്‍ താന്‍ നായകനായെത്തിയ 'അന്‍പാനവന്‍ അസരാദവന്‍ അടങ്ങാതവന്‍' (എഎഎ) ചിമ്പുവിനെ നിയമവ്യവഹാരങ്ങളിലേക്ക് എത്തിച്ച ചിത്രമാണ്. ചിത്രവുമായി ബന്ധപ്പെട്ട് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സിലിനും ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യയ്ക്കുമിടയില്‍ തര്‍ക്കം നിലനിന്നിരുന്നു. അവ പരിഹരിക്കപ്പെട്ടെങ്കിലും ചിത്രത്തിന്‍റെ നിര്‍മ്മാതാവ് മൈക്കള്‍ രായപ്പന്‍ ചിമ്പുവിനെതിരെ നടത്തുന്ന നിയമയുദ്ധം തുടരുകയാണ്. ചിത്രവുമായി ബന്ധപ്പെട്ട് ചിമ്പുവിനെതിരെ അദ്ദേഹം കഴിഞ്ഞ മാസം ചെന്നൈ പൊലീസ് കമ്മീഷണര്‍ക്ക് പരാതി കൊടുത്തിരുന്നു. 

ഒറ്റ ചിത്രം എന്ന നിലയിലാണ് 'എഎഎ' ആരംഭിച്ചതെങ്കിലും എന്നാല്‍ രണ്ട് ഭാഗങ്ങളായി ഇറക്കാനുള്ള താല്‍പര്യത്തില്‍ 50 ശതമാനം മാത്രമാണ് ചിമ്പു അന്ന് ചിത്രീകരിച്ചതെന്നാണ് നിര്‍മ്മാതാവിന്‍റെ ആരോപണം. തനിക്ക് 15 കോടി നഷ്ടമുണ്ടാക്കിയ ചിത്രത്തിനു പകരമായി പ്രതിഫലം വാങ്ങാതെ തന്‍റെ ബാനറിന്‍റെ ഒരു ചിത്രത്തില്‍ അഭിനയിക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നെങ്കിലും ചിമ്പു അത് പാലിച്ചില്ലെന്ന് നിര്‍മ്മാതാവ് മൈക്കള്‍ രായപ്പന്‍ ആരോപിക്കുന്നു. മുന്‍പ് നടന്‍ വിശാല്‍ പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ പ്രസിഡന്‍റ് ആയിരുന്ന സമയത്ത് പ്രശ്‍നം പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും അത് നടന്നില്ലെന്നും മൈക്കള്‍ രായപ്പന്‍ പറയുന്നു. ഈ പ്രശ്‍നങ്ങളെക്കുറിച്ചാണ് ചിമ്പു സൂചിപ്പിച്ചതെന്നാണ് കരുതപ്പെടുന്നത്.

Follow Us:
Download App:
  • android
  • ios