പള്ളിയിലെ കുര്‍ബാന ഫോണിലൂടെ വീട്ടിലിരുന്ന് കാണുന്നു. ഒപ്പം പ്രാര്‍ഥനയും. വീഡിയോ പങ്കുവച്ച് റിമി ടോമി

കൊവിഡ് 19നെ തുടര്‍ന്നുള്ള ലോക്ക് ഡൗണ്‍ കാരണം സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ ഏറെക്കുറെ അടച്ചിട്ടിരിക്കുകയാണ്. ഒഴിവാക്കാനാവാത്ത ചടങ്ങുകള്‍ മാത്രം, അതും വിശ്വാസികളുടെ അസാന്നിധ്യത്തില്‍ നടക്കുന്നുവെന്ന് മാത്രം. ഇപ്പോഴിതാ വീട്ടിലിരുന്ന് ഞായറാഴ്ച കുര്‍ബാനയില്‍ പങ്കെടുക്കുന്നതിന്‍റെ ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഗായികയും അവതാരകയുമായ റിമി ടോമി. 

രൂപക്കൂടിന് മുന്നിലിരുന്ന് പ്രാര്‍ഥിക്കുന്ന ഒരു സ്ത്രീയുടെ മുന്നില്‍ മേശപ്പുറത്തെ ഫോണില്‍ പള്ളിയിലെ കുര്‍ബാന ചടങ്ങുകള്‍ പ്ലേ ചെയ്യുന്നത് കാണാം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് റിമി ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഞായറാഴ്‍ച കുര്‍ബാന വീട്ടില്‍ ഫോണില്‍ കൂടി കാണുന്നു എന്നാണ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന തലക്കെട്ട്. സ്റ്റേ ഹോം, സ്റ്റേ സേഫ് എന്നീ ഹാഷ് ടാഗുകളും റിമി നല്‍കിയിട്ടുണ്ട്.

View post on Instagram

ആഴ്‍ചകള്‍ക്ക് മുന്‍പ് കേരളത്തിലെ ചില പ്രധാന ക്രിസ്ത്യന്‍ പള്ളികളില്‍ കൊവിഡ് 19ന്‍റെ സാഹചര്യത്തില്‍ കുര്‍ബാന ഓണ്‍ലൈനായി കാണാന്‍ വിശ്വാസികള്‍ക്ക് അവസരം നല്‍കിയതിനെക്കുറിച്ച് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. പള്ളിയുടെ വാട്‍സ്ആപ് ഗ്രൂപ്പുകള്‍ വഴിയും എസ്എംഎസായും വിശ്വാസികളെ വിവരം അറിയിച്ചതിന് ശേഷം ഫേസ്ബുക്ക്, യുട്യൂബ് എന്നീ പ്ലാറ്റ്ഫോമുകളിലൂടെയാണ് ചിലയിടങ്ങളില്‍ കുര്‍ബാന ലൈവ് ആയി നടത്തിയത്.