ചലച്ചിത്ര-ടെലിവിഷന്‍ താരങ്ങളായ സ്‌നേഹ ശ്രീകുമാറിന്റെയും എസ് പി ശ്രീകുമാറിന്റെയും വിവാഹം ഇരുവരുടെയും ആരാധകര്‍ ഏറെ ആഹ്ലാദത്തോടെയാണ് ഏറ്റെടുത്തത്. ജനപ്രിയ ടെലിവിഷന്‍ പരമ്പരയായ 'മറിമായ'ത്തിലെ 'ലോലിതനും' 'മണ്ഡോദരി'യും ജീവിതത്തില്‍ ഒരുമിക്കുന്ന വാര്‍ത്തയ്ക്ക് സോഷ്യല്‍ മീഡിയയിലും വൈറല്‍ ആയിരുന്നു. ഈ മാസം 11നായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹശേഷം സോഷ്യല്‍ മീഡിയയിലെ ഇരുവരുടെയും പോസ്റ്റുകള്‍ക്കും ചിത്രങ്ങള്‍ക്കുമൊക്കെ ആരാധകരുടെ വലിയ പിന്തുണയുണ്ട്. ആരാധകരുടെ പല ചോദ്യങ്ങള്‍ക്കും ഇരുവരും പലപ്പോഴും മറുപടി കൊടുക്കാറുമുണ്ട്.

പുതുവര്‍ഷാഘോഷങ്ങള്‍ക്കായി ഒരു യാത്ര പോകുമെന്ന് ഒരു ഷോയില്‍ പങ്കെടുക്കവെ സ്‌നേഹയും ശ്രീകുമാറും പറഞ്ഞിരുന്നു. അതിനുശേഷമാണ് ഖത്തറില്‍ നടക്കുന്ന ഒരു സ്റ്റേജ് ഷോയില്‍ പങ്കെടുക്കുന്നതിന്റെ വിവരങ്ങള്‍ സ്‌നേഹ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവച്ചത്. 'മറിമായം' ടീം പങ്കെടുക്കുന്ന 'മഹസലാമാ' എന്ന ഷോയുടെ പോസ്റ്ററില്‍ പക്ഷേ ശ്രീകുമാര്‍ ഉണ്ടായിരുന്നില്ല.

ഇന്‍സ്റ്റഗ്രാമില്‍ ഈ പോസ്റ്റര്‍ ഷെയര്‍ ചെയ്യവേ സ്‌നേഹയെ തേടിയെത്തിയ ആദ്യ ചോദ്യവും അതാണ്. 'ശ്രീകുമാറേട്ടന്‍ ഇല്ലേ' എന്ന്. സ്‌നേഹയുടെ മറുപടിയും പിന്നാലെ വന്നു. ശ്രീകുമാര്‍ ഈ ഷോയില്‍ പങ്കെടുക്കുന്നില്ല എന്ന്.