രണ്ട് വർഷവും ബി​ഗ് ബോസിൽ നിന്നും ഫോൺ വന്നെന്നും മൂന്ന് മാസം തടങ്കലിൽ കഴിയുന്നത് പോലെ ജീവിക്കാൻ വയ്യാത്തത് കൊണ്ടാണ് പോകാത്തതെന്നും പാലാ സജി.

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ച് മികച്ച രീതിയിൽ മുന്നേറുകയാണ്. പലരും തങ്ങളുടെ സേഫ് ​ഗെയിമുകൾ അവസാനിപ്പിച്ചു. മറ്റുചിലർ ഇതുവരെയും ​ഗെയിമിലേക്ക് ഇറങ്ങിയിട്ടുമില്ല. എന്നാലും ഇണക്കങ്ങളും പിണങ്ങളും തർക്കങ്ങളുമൊക്കെ ആയി മൂന്നാം വാരത്തോട് അടുക്കുകയാണ് ബിബി 5. ഈ അവസരത്തിൽ ബി​ഗ് ബോസിൽ പോകാത്തതിനെ കുറിച്ച് സോഷ്യൽ മീഡിയ താരമായ പാലാ സജി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. 

തനിക്ക് രണ്ട് വർഷവും ബി​ഗ് ബോസിൽ നിന്നും ഫോൺ വന്നെന്നും മൂന്ന് മാസം തടങ്കലിൽ കഴിയുന്നത് പോലെ ജീവിക്കാൻ വയ്യാത്തത് കൊണ്ടാണ് പോകാത്തതെന്നും പാലാ സജി പറയുന്നു. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

"കഴിഞ്ഞ വർഷവും ഈ വർഷവും എനിക്ക് ബി​ഗ് ബോസിൽ നിന്നും കോൾ വന്നിരുന്നു. ഇല്ലെന്നാണ് ഞാൻ മറുപടി നൽകിയത്. ബി​ഗ് ബോസ് എനിക്ക് ഇഷ്ടമുള്ള ഷോ ആണ്. പക്ഷേ മൂന്ന് മാസം അവിടെ പോയി താമസിക്കാനുള്ള ബുദ്ധിമുട്ടുണ്ട്. കഴിഞ്ഞ വർഷം മുംബൈയിൽ ആയത് കൊണ്ട് വരാൻ പറ്റില്ലെന്ന് തീർത്തും പറഞ്ഞു. ഇത്രയും ദിവസം തടങ്കലിൽ കഴിയുന്നത് പോലെ കഴിയാൻ ബുദ്ധിമുട്ടുണ്ട്. ചിലപ്പോൾ നമുക്ക് പ്രശസ്തി ഉണ്ടാകാം. പക്ഷേ ഇപ്പോഴുള്ളതൊക്കെ മതി. ഞാനെപ്പോഴും ഒരു സ്വാതന്ത്ര്യം ആ​ഗ്രഹിക്കുന്ന ആളാണ്. അഥവാ ഞാൻ പോയി കഴിഞ്ഞാൽ, പണ്ടത്തെ അത്ലറ്റും കരാട്ടെ ബ്ലാക് ബെൽറ്റും ആണ് ഞാൻ. അതുകൊണ്ട് ഏത് മത്സരത്തിലായാലും മാക്സിമം കൊടുക്കും. എന്ത് അഭ്യാസമായാലും നമ്മൾ ചെയ്യും. മത്സരിച്ചാൽ ഫസ്റ്റ് കിട്ടും എന്നെനിക്ക് ഉറപ്പുണ്ട്. പ്രായമൊന്നും കാര്യമില്ല. അവിടെ പോയി പ്രശസ്തി ഉണ്ടാക്കണമെന്ന് ആ​ഗ്രഹവും ഇല്ല. കുറച്ച് പൈസയ്ക്ക് വേണ്ടി മൂന്ന് മാസം തടങ്കലിൽ കഴിയാനും ബുദ്ധിമുട്ടുണ്ട്", എന്നാണ് പാലാ സജി പറഞ്ഞത്. 

അഖിൽ മാരാരുടെ തന്ത്രങ്ങൾ ഇനി എന്തൊക്കെ ?