മുടി നീട്ടി വളര്‍ത്തിയ മമ്മൂട്ടിയുടെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടിയിരുന്നു. ഭാര്യ സുല്‍ഫത്തും അദ്ദേഹത്തോടൊപ്പം ചിത്രത്തിൽ ഉണ്ടായിരുന്നു. പിന്നാലെ താരം അണിഞ്ഞിരിക്കുന്ന വാച്ചിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് ആരാധകര്‍ക്കിടയില്‍ നടന്നത്. ഒടുവിൽ വാച്ചിനെ പറ്റിയും അതിന്റെ വിലയെ കുറിച്ചും കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ.

ജർമൻ കമ്പനിയായ ‘അലാങ്കെ എൻ സൂന’ (A. Lange & Söhne)യുടെ വാച്ചാണ് ചിത്രത്തിൽ മമ്മൂട്ടി അണിഞ്ഞിരിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തൽ. 50 ലക്ഷം രൂപയാണ് ഈ വാച്ചിന് വിലയെന്നും ആരാധകർ പറയുന്നു. എന്തായാലും മമ്മൂട്ടി അണിഞ്ഞ വാച്ചിന്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍.

ബ്ലാക്ക്, ഗ്രേ ഡെനിമില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെട്ടപ്പോൾ ബ്ലാക്കിലും റെഡ്ഡിലുമുള്ള സല്‍വാറിലായിരുന്നു ചിത്രത്തിൽ സുല്‍ഫത്ത് പ്രത്യക്ഷപ്പെട്ടത്. ആരാധകര്‍ക്കൊപ്പം ഫഹദ് ഫാസില്‍ അടക്കമുള്ള താരങ്ങളും ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രം പങ്കുവച്ചിരുന്നു. ആന്‍റണി പെരുമ്പാവൂരിന്‍റെ മകളുടെ വിവാഹ റിസപ്‍ഷന്‍ വേദിയില്‍ നിന്ന് പകര്‍ത്തിയ ചിത്രവും നേരത്തെ ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും ഇന്‍സ്റ്റന്‍റ് ഹിറ്റുകള്‍ ആയിരുന്നു.

അതേസമയം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനുവേണ്ടിയുള്ള ഗെറ്റപ്പ് ആണിതെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. ബിഗ് ബിയുടെ തുടര്‍ച്ചയായ 'ബിലാല്‍' ആണ് മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യാനിരുന്നത്.