ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളില്‍ ഒരാളാണ് സാധിക. നിരവധി ചിത്രങ്ങളില്‍ വേഷമിട്ട സാധിക കൂടുതലും തിളങ്ങിയത് ടെലിവിഷനിലൂടെയായിരുന്നു. ഗ്ലാമര്‍ വേഷങ്ങളില്‍ എത്തുന്നതിനും മടികാണിക്കാത്ത താരത്തിന്, ഇതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിയും വന്നു. ഇതിനെല്ലാം താരം ശക്തമായ ഭാഷയില്‍ തന്നെ മറുപടിയും നല്‍കാറുണ്ട്. ലോകമെമ്പാടും കൊവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സാധിക നിരവധി മുന്‍കരുതല്‍ സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. അങ്ങനെ താരം പങ്കുവച്ച ഒരു പോസ്റ്റിന് കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇപ്പോള്‍ ലഭിക്കുന്നത്.

'ദയവ് ചെയ്തു നിങ്ങള്‍ ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഈ അവസരത്തില്‍ ഇടരുതെന്ന് ഒരു അപേക്ഷയുണ്ട്. കാരണം അത്തരം ആഹാരങ്ങള്‍ പോയി കഴിക്കാന്‍ നിവൃത്തിയില്ലാതെ ഒരുപാട് ആളുകള്‍ നമുക്ക് ഇടയില്‍ ഇപ്പോള്‍ ഉണ്ട് . സഹായിച്ചില്ലെങ്കിലും അവരെ കൂടുതല്‍ ബുദ്ധിമുട്ടിക്കാതെയും, വിഷമിപ്പിക്കാതെയും സഹായിക്കുക'- എന്നായിരുന്നു സാധിക അടുത്തിടെ കുറിച്ചത്.

 

എന്നാല്‍ ഇതിനെ ചോദ്യം ചെയ്താണ് ചിലര്‍ രംഗത്തെത്തിയിരിക്കുന്നത്. പോസ്റ്റ് ആത്മാര്‍ത്ഥതയില്ലാത്തതാണെന്നായിരുന്നു പ്രധാന വിമര്‍ശനം. നിത്യവൃത്തിക്ക് വകയില്ലാത്തവന്റെ മൊബൈല്‍ നെറ്റ് ആരാണ് ചാര്‍ജ് ചെയ്തു കൊടുക്കുക എന്ന് ചിലര്‍ ചോദിക്കുന്നു. കഴിഞ്ഞ ദിവസം വീട്ടില്‍ബിരിയാണിയുണ്ടാക്കിയ ചിത്രം പങ്കുവച്ച് അര്‍ച്ചന സുശീലന് കടുത്ത വിമര്‍ശനം ഏല്‍ക്കേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെയുള്ള സാധികയുടെ പോസ്റ്റിനും ചിലര്‍ വിമര്‍ശനവുമായി എത്തിയിരിക്കുകയാണിപ്പോള്‍.