ഇവരുടെ ഇൻസ്റ്റാഗ്രാം വീഡിയോയ്ക്ക് താഴെ പോസിറ്റീവ് കമന്റുകളുടെ കൂമ്പാരമാണ്.
സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 'കനാൽ ബോയ്സ്' ആണ് താരം. അഭിലാഷ്, ലെവിൻ എന്നിവരാണ് ഈ കനാൽ ബോയ്സ്. കനാലിനെ ചുറ്റപ്പറ്റിയാണ് ഇവർ വീഡിയോസ് ചെയ്യുന്നത്. ഇരുവരും ഒന്നിച്ച് കനാലിൽ ഇരുന്ന് ബിരിയാണി കഴിക്കുന്ന വീഡിയോസ് എല്ലാം ഏറെ വൈറൽ ആയിരുന്നു. നിലവിൽ മൂന്ന് ലക്ഷത്തി അറുപത്തി രണ്ടായിരം ഫോളോവേഴ്സാണ് ഇവർക്കുള്ളത്. അഭിലാഷ് പ്ലാവടിയിൽ എന്നാണ് യുട്യൂബ് ചാനലിന്റെ പേര്. 10കെ സബ്സ്ക്രൈബേഴ്സ് ആണ് യുട്യൂബിൽ ഇവർക്കുള്ളത്.
കസിൻസാണ് അഭിലാഷും ലെവിനും. സാധാരണ കുടുംബത്തിൽ ജനിച്ച് വളർന്ന ഇവർ തങ്ങളുടെ വിഷമങ്ങളും ദുഃഖങ്ങളും കനാലിലെ വെള്ളത്തിൽ ഒഴുക്കി വിടുമെന്നാണ് പറയുന്നത്. വെറ്റൈറ്റി മീഡിയയോട് ആയിരുന്നു ഇവരുടെ പ്രതികരണം. യുവാക്കളിൽ അതിക്രമങ്ങൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് ഇവരുടെ വീഡിയോകൾ വൈറൽ ആകുന്നത്. അതേകുറിച്ചുള്ള ചോദ്യത്തിന്, 'ഇന്നത്തെ ലോകം അങ്ങനെ ആണല്ലോ. ഞങ്ങളുടെ ലോകം അതൊന്നും അല്ല. കനാൻ, ക്രീം ബണ്ണ്, പരിപ്പുവട ഇതൊക്കെയാണ് ഞങ്ങളുടെ ലോകം. അതിക്രമങ്ങളെ കുറിച്ചൊന്നും ചിന്തിക്കാറെ ഇല്ല', എന്നായിരുന്നു അഭിലാഷും ലെവിനും പറഞ്ഞത്.
'മിഡിൽ ക്ലാസ് ഫാമിലിയാണ് ഞങ്ങളുടേത്. വീടില്ലെന്ന വിഷമം ഉണ്ട്. പലപ്പോഴും അതിൽ വിഷമം തോന്നാറുണ്ട്. പിന്നെ സമയം ആകുമ്പോൾ ദൈവം വീടൊക്കെ തരുമെന്ന വിശ്വാസമുണ്ട്. വീടില്ലെന്ന് കരുതി വിഷമിച്ചിരുന്നിട്ട് കാര്യമില്ലല്ലോ. മുന്നോട്ട് സഞ്ചരിക്കണ'മെന്നും ഇരുവരും പറയുന്നു. ചിലർ ഭീഷണി കമന്റുകൾ ചെയ്തിട്ടുണ്ടെന്നും അഭിലാഷ് പറയുന്നു. നിങ്ങൾ വീഡിയോ നിർത്തിക്കോ. ഇല്ലെങ്കിൽ ശരിയാവില്ല എന്നൊക്കെ പറയും. നെഗറ്റീവ് കമന്റുകൾ പലപ്പോഴും നോക്കാറില്ല. അഥവ നോക്കിയാലും മനസിനെ വിഷമിപ്പിക്കുന്നതാകും ഏറെയും. അതേസമയം ഞങ്ങളെ പിന്തുണയ്ക്കുന്നവരും ധാരാളമാണെന്ന് ഇവർ പറയുന്നു.
അതേസമയം, ഇവരുടെ ഇൻസ്റ്റാഗ്രാം വീഡിയോയ്ക്ക് താഴെ പോസിറ്റീവ് കമന്റുകളുടെ കൂമ്പാരമാണ്. "പാവങ്ങൾ, ഉള്ളത് കൊണ്ട് ഹാപ്പി ആയിട്ട് ജീവിക്കുന്ന ഏട്ടനും അനിയനും, ലഹരിക്ക് അടിമപ്പെട്ട നാട്ടിൽ അവർ മറ്റൊരു സമാധാനത്തിൻ്റെ ലോകം പടുത്തുയർത്തി, കേരളത്തിലെ ഏറ്റവും സന്തോഷകരമായ ചേട്ടൻ അനിയൻ, കുറ്റം പറഞ്ഞവരെ കൊണ്ട് തന്നെ കയ്യടിപ്പിച്ചവർ, മനസ്സിൽ തട്ടിയ പച്ചയായ ജീവിതം", എന്നിങ്ങനെ പോകുന്നു കമന്റുകൾ.
