Asianet News MalayalamAsianet News Malayalam

പാടാത്ത പൈങ്കിളിയിലെ 'ദേവ' പിന്മാറിയതിന് കാരണമുണ്ട്: സൂരജ് പറയുന്നു

അടുത്തിടെ പുതിയ ദേവ അവതരിക്കുകയും ചെയ്തു. എന്തുകൊണ്ടാണ് സൂരജ് പരമ്പരയിൽ നിന്ന് പിന്മാറിയതെന്നായിരുന്നു ഭൂരിഭാഗം പ്രേക്ഷകരുടെയും ചോദ്യം.

Sooraj says that there is a reason for the withdrawal from padatha painkily
Author
Kerala, First Published May 28, 2021, 3:08 PM IST
  • Facebook
  • Twitter
  • Whatsapp

ലയാളികൾ നെഞ്ചേറ്റിയ ഏഷ്യാനെറ്റ് പരമ്പരകളിൽ ഒന്നാണ് പാടാത്ത പൈങ്കിളി. കണ്മണിയെന്ന സ്ത്രീ കഥാപാത്രത്തെ ചുറ്റിപ്പറ്റി നടക്കുന്ന കഥയിൽ മറ്റൊരു പ്രധാന കഥാപാത്രമാണ് ദേവ. കണ്മണിയായി മനീഷ മോഹൻ വേഷമിടുമ്പോൾ നയക വേഷത്തിൽ സൂരജ് സൺ ആണ് എത്തുന്നത്. അടുത്തിടെയായി ദേവയുടെ കഥാപാത്രം പരമ്പരയിൽ നിന്ന് അപ്രത്യക്ഷമായിരുന്നു. 

അടുത്തിടെ പുതിയ ദേവ അവതരിക്കുകയും ചെയ്തു. എന്തുകൊണ്ടാണ് സൂരജ് പരമ്പരയിൽ നിന്ന് പിന്മാറിയതെന്നായിരുന്നു ഭൂരിഭാഗം പ്രേക്ഷകരുടെയും ചോദ്യം. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ സജീവമായ സൂരജിനോട് ആരാധകർ നിരന്തരം ഇക്കാര്യം ചോദിച്ചിരുന്നു. ഇപ്പോഴിതാ പിന്മാറ്റത്തിനുള്ള കാരണം വ്യക്തമാക്കുകയാണ് സൂരജ്.

തനിക്ക് നട്ടെല്ലിന് ചെറിയൊരു പ്രശ്നത്തെ തുടർന്ന് ഡോക്ടർമാർ വിശ്രമം നിർദേശിച്ചിരിക്കുകയാണെന്ന് സൂരജ് വ്യക്തമാക്കി. പെട്ടെന്ന് മാറുമെന്ന് കരുതിയെങ്കിലും കുറച്ചുകാലം വിശ്രമം ആവശ്യമായപ്പോൾ, പിന്മാറുകയല്ലാതെ വേറെ വഴിയില്ലെന്നും സൂരജ് പറയുന്നു. മോശം സമയത്തും കൂടെ നിന്ന ഏഷ്യാനെറ്റിനും സഹ പ്രവർത്തകർക്കുമുള്ള നന്ദിയും ഫേസ്ബുക്ക് കുറിപ്പിൽ സൂരജ് അറിയിക്കുന്നു.

കുറിപ്പിങ്ങനെ...

നമസ്കാരം , നമ്മൾ കണ്ടിട്ട് കുറച്ചു ദിവസങ്ങൾ ആയി.ദേവ എവിടെയാണ് , എവിടെ പോയി , എന്താണ് ഇപ്പോൾ കാണാത്തത് തുടങ്ങിയ നിങ്ങളുടെ ചോദ്യങ്ങൾ വായിച്ചു ഞാൻ നിങ്ങളുടെ സ്നേഹം തൊട്ടറിയുന്നുണ്ടായിരുന്നു. കണ്ണൂരിലെ പാനൂരിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്ന് വന്ന എനിക്ക് നിങ്ങളുടെ സ്നേഹവും പിന്തുണയും ആണ് ജീവിതത്തിലെ ഏറ്റവും ദുർഘടമായ പ്രതിസന്ധിയിൽ പിടിച്ചു നിൽക്കാൻ ലഭിച്ച ഊർജം.

അഭിനയമോഹവും ആയി നടന്ന സൂരജ് എന്ന ചെറുപ്പക്കാരനെ മലയാളികൾക്ക് പരിചയപ്പെടുത്തിയത് ഏഷ്യാനെറ്റും മെരി ലാൻഡ് എന്ന നിർമ്മാണ കമ്പനിയുമാണ്. പാടാത്ത പൈങ്കിളി എന്ന സീരിയലിൽ കൂടി എന്നെ മലയാളിയ്ക്ക് പരിചയപ്പെടുത്തിയ സംവിധായകൻ സുധീഷ് ശങ്കർ  സാർ എനിയ്ക്കു ഗുരുവാണ് . ഇവരോടൊക്കെ ഉള്ള നന്ദിയും കടപ്പാടും പറഞ്ഞാൽ തീരുന്നതല്ല. ഇനി നിങ്ങൾ കാത്തിരുന്ന ചോദ്യത്തിന് ഉള്ള ഉത്തരം. 

എന്തുകൊണ്ടാണ് ഞാൻ സീരിയലിൽ നിന്ന് പിന്മാറിയത് ? . കഴിഞ്ഞ  ഷെഡ്യൂൾ കഴിഞ്ഞു നാട്ടിൽ എത്തിയ എനിക്ക് ചെറിയ നടുവേദന ഉണ്ടായിരുന്നു. ദീർഘയാത്ര ചെയ്തതാകും കാരണം എന്നാണ് ഞാൻ കരുതിയത്. പക്ഷെ രണ്ട് ദിവസം പിന്നിട്ടതോടെ വേദന അസഹനീയമായി. അടുത്തുള്ള ആശുപത്രിയിൽ എത്തിയപ്പോൾ ആണ് നട്ടെല്ലിന് ചെറിയ പ്രശ്നം ഉണ്ടെന്നു മനസ്സിലാക്കുന്നത്.

തുടർന്ന് അവർ എന്നെ മംഗലാപുരത്തേക്ക് റെഫർ ചെയ്തു. പൂർണ്ണ വിശ്രമവും ചികിത്സയും ആണ് മംഗലാപുരത്തു നിന്ന് കിട്ടിയ നിർദേശം. എങ്കിലും അടുത്ത ഷെഡ്യൂളിൽ ജോയിൻ ചെയ്യാൻ കഴിയും എന്നായിരുന്നു പ്രതീക്ഷ. ആദ്യം പത്തു ദിവസം  വിശ്രമം പറഞ്ഞ എനിക്ക് പിന്നീട് വീണ്ടും ഡോക്ടർ വിശ്രമം നിർദേശിക്കുകയായിരുന്നു. ഇതോടെ  സീരിയലിൽ നിന്ന് പിന്മാറുക മാത്രമേ വഴി ഉണ്ടായിരുന്നുള്ളു. 

നിങ്ങൾക്ക് മനസ്സിലാകുമല്ലോ സീരിയൽ ഒരു വ്യവസായം കൂടി ആണ്. നായകൻ ഇല്ലാതെ കൂടുതൽ കാലം കൊണ്ട് പോകുക എന്നത് ആ സീരിയലിനു വലിയ കോട്ടം ആകും ഉണ്ടാക്കുക. എന്റെ സീരിയൽ ടീം എനിക്ക് എല്ലാ വിധ പിന്തുണയും തരാം എന്ന് അറിയിയ്ക്കുകയും തിരികെ ജോയിൻ ചെയ്യാൻ അഭ്യർത്ഥിയ്ക്കുകയും ചെയ്തിരുന്നു. പക്ഷെ തീർത്തും മോശം ആയ എന്റെ ആരോഗ്യ നില അവർക്ക് ഒരു ബാധ്യത ആകും എന്ന് എനിയ്ക്കു അവരെക്കാൾ ഉറപ്പുണ്ട്. 

അത് കൊണ്ടാണ് തൽക്കാലത്തേക്ക് ഈ ഒരു പിന്മാറ്റം. എന്റെ പ്രിയപ്പെട്ടവരായ നിങ്ങൾ ആണ് എന്നെ വളർത്തിയത്. നിങ്ങൾക്ക് മുന്നിൽ തന്നെ ഞാൻ ഉണ്ടാകും. ഇതൊരു താൽക്കാലിക ഇടവേള മാത്രം ആണ് . കൂടുതൽ കരുത്തോടെ നിങ്ങളിലേക്ക് ഞാൻ മടങ്ങി വരും എന്ന് ഉറപ്പു പറയുന്നു. എന്ന് നിങ്ങളുടെ സ്വന്തം ദേവ as soorajsun.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios