ഇറാനുമേൽ സൈനിക സമ്മർദ്ദം ശക്തമാക്കി അമേരിക്ക. 2003-ലെ ഇറാഖ് യുദ്ധത്തിന് ശേഷം ആദ്യമായി മൂന്ന് വിമാനവാഹിനിക്കപ്പലുകളെയാണ് മേഖലയിൽ വിന്യസിച്ചിരിക്കുന്നത്. ഹോർമൂസ് കടലിടുക്കിലെ ഇറാന്റെ നീക്കങ്ങൾക്ക് മറുപടിയായാണ് ഈ സൈനിക വിന്യാസം.

വാഷിംഗ്ടൺ: ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾ ഒരു വശത്ത് നടക്കുമ്പോഴും സൈനികമായി കടുത്ത സമ്മർദ്ദം ചെലുത്താൻ ലക്ഷ്യമിട്ട് മേഖലയിൽ വിപുലമായ നാവിക സന്നാഹം ഒരുക്കി അമേരിക്ക. സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസിന്റെ റിപ്പോർട്ട് പ്രകാരം, 2003-ലെ ഇറാഖ് യുദ്ധത്തിന് ശേഷം ഇതാദ്യമായാണ് മൂന്ന് യുഎസ് വിമാനവാഹിനിക്കപ്പലുകൾ ഒരേസമയം ഈ മേഖലയിൽ വിന്യസിക്കപ്പെടുന്നത്.

2003-ൽ ഇറാഖിനെതിരായ വിഖ്യാതമായ ഷോക്ക് ആൻഡ് ഓ ആക്രമണ പരമ്പരയുടെ തുടക്കത്തിൽ അഞ്ച് യുഎസ് വിമാനവാഹിനിക്കപ്പലുകളാണ് പങ്കെടുത്തത്. നേവൽ ഹിസ്റ്ററി ആൻഡ് ഹെറിറ്റേജ് കമാൻഡിന്റെ രേഖകൾ പ്രകാരം അതിനുശേഷം നടന്ന ഏറ്റവും വലിയ നാവിക വിന്യാസത്തിനാണ് ഇപ്പോൾ ലോകം സാക്ഷ്യം വഹിക്കുന്നത്. വെടിനിർത്തൽ നീട്ടിവെക്കാനും ചർച്ചകൾ തുടരാനും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറായെങ്കിലും, സൈനികമായി ഒട്ടും പിന്നോട്ടില്ലെന്ന ശക്തമായ മുന്നറിയിപ്പാണ് ഈ നീക്കത്തിലൂടെ അമേരിക്ക നൽകുന്നത്.

ഹോർമൂസ് കടലിടുക്കിലെ ഇറാന്റെ ഉപരോധത്തിനും കടൽക്കൊള്ളാ ആരോപണങ്ങൾക്കും മറുപടിയായാണ് യുഎസ് ഈ പടുകൂറ്റൻ കപ്പലുകളെ അണിനിരത്തിയിരിക്കുന്നത്. ഇതിൽ ഓരോ കപ്പലിലും നൂറുകണക്കിന് യുദ്ധവിമാനങ്ങളും മിസൈൽ പ്രതിരോധ സംവിധാനങ്ങളും സജ്ജമാണ്. ഒരേസമയം മൂന്ന് കപ്പലുകൾ മേഖലയിൽ നിലയുറപ്പിക്കുന്നത് ഇറാന്റെ നാവിക നീക്കങ്ങളെ പൂർണ്ണമായും നിരീക്ഷിക്കാനും ആവശ്യമെങ്കിൽ നിമിഷങ്ങൾക്കുള്ളിൽ പ്രത്യാക്രമണം നടത്താനും അമേരിക്കയെ സഹായിക്കും.

നിലവിലെ വെടിനിർത്തൽ കാലാവധി നീട്ടിയെങ്കിലും, ഇറാന്റെ ഭാഗത്തുനിന്ന് കൃത്യമായ സമാധാന നിർദ്ദേശങ്ങൾ വന്നില്ലെങ്കിൽ ഈ സൈനിക സന്നാഹം കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നാണ് വൈറ്റ് ഹൗസ് നൽകുന്ന സൂചന. അന്താരാഷ്ട്ര എണ്ണ വിപണിയെയും ആഗോള സമ്പദ്‌വ്യവസ്ഥയെയും ഈ സൈനിക നീക്കം എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.